Thursday, April 29, 2010

സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ പാഞ്ചിയശാന്‍

 
 
1996 നും 1999 നും ഇടയിലാണ് സംഭവം നടക്കുന്നത്. മതബോധനത്തിന്റെ വാര്‍ഷിക പരിപാടി കോട്ടപ്പുറത്ത് വെച്ചു നടക്കുന്നു. രാവിലെ സെമിനാര്‍ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഓരോ മതബോധന യുണിടിന്റെയും സമൂഹ ഗാന മത്സരമായിരുന്നു. ഉച്ച ഭക്ഷണ സമയത്താണ് ഹെട്മിസ്ട്രെസ്സ്  ആയ  സിസ്റ്റര്‍ വന്നു പറഞ്ഞത്. സെബാസ്റ്റ്യന്‍, രാജേഷ്‌ (ഇപ്പോള്‍ വെള്ളങ്ങല്ലുര്‍ താമസിക്കുന്ന), റുബന്‍, പാഞ്ചിയാശന്‍ (ഞങ്ങളുടെ സ്വന്തം‍) , പിന്നെ ഞാനും ചേര്‍ന്ന്  ഒരു ഭക്തി ഗാനം സെലക്ട്‌ ചെയ്തു. അപ്പോഴാണ് പാഞ്ചിയശാന്റെ ഒരു അളിയന്‍ അവിടെ വന്നത് (പാഞ്ചിയശാന്‍ വിവാഹം കഴിച്ചിരിക്കുന്നത് കോട്ടപ്പുറത്ത് നിന്നുമാണ്). അളിയന്‍ വീട്ടില്‍ കയറുവാന്‍ നിര്‍ബന്ധിച്ചു.   നിര്‍ബന്ധം കൂടിയപ്പോള്‍ പാഞ്ചിയശാന്‍ പോയി. അളിയന്‍ ഒന്ന് സല്ക്കരിച്ചാണ് വിട്ടത്.

തിരിച്ചു പരിപാടി നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പള്ളിപ്പുരത്തിന്റെ പരിപാടി തുടങ്ങുവാന്‍ പേര് വിളിക്കുന്നു. അല്പം കഴിച്ചത് കാരണം പാഞ്ചിയശാന്‍ ഫോമിലാണ്. പിന്നെ ഒന്നും നോക്കിയില്ല. പാഞ്ചിയശന്‍ ധൈര്യപൂര്‍വ്വം സ്റ്റെജിലേക്ക് കയറി കൂടെ രാജേഷും സെബാസ്റ്റ്യന്‍ ഉം. കയറുന്ന വഴി രാജേഷ്‌ പറഞ്ഞു; നമുക്ക് "ആരധിച്ചീടാം " എന്ന ഗാനം പാടാം. സ്റ്റെജിലെത്തി ബെല്‍ അടിക്കുന്നതിനും മുന്‍പ് കരണ്ടു പോയി. പക്ഷെ മത്സരം മാറ്റില്ലല്ലോ. ബെല്‍ അടിച്ചതും പറഞ്ഞ ഗാനത്തിന് പകരം പാഞ്ചിയശാന്റെ ഹിറ്റ് ഗാനമാണ് പുറത്തേക്കു വന്നത്.

"ആത്മാവില്‍ വരമരുളിയാലും"

ഇതിന്റെ ഇടക്കുള്ള ഹലെലുയ എന്നത് ഏറ്റുപാടാന്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നവര്‍ക്ക് യോഗം. കരണ്ടു ഇല്ലാതിരുന്നിട്ടും പാഞ്ചിയശാന്റെ ശബ്ദം സദസ്സിന്റെ പിന്‍ഭാഗം വരെ പയനിയര്‍ കമ്പനിയുടെ സ്പീക്കര്‍ സിസ്റ്റെത്തില്‍ നിന്നും കേള്‍ക്കുന്ന മാതിരി ക്രിസ്ടല്‍ ക്ലിയര്‍  ആയി കേള്‍ക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ടാണോ എന്നറിയില്ല, ആ മത്സരത്തില്‍ പള്ളിപ്പുരത്തിന്  മൂന്നാം സ്ഥാനം ലഭിച്ചു.



 അങ്ങിനെ സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ വ്യക്തിയാണ് ഞങ്ങളുടെ സ്വന്തം പാഞ്ചിയശാന്‍.




.

യേശു ഗലീലിയ കടലിലുടെ നടന്നതിനു കാരണം

ഒരു വര്‍ഷം മതബോധന ക്ലാസ്സിലെ പരീക്ഷക്ക്‌ ബൈബിള്‍ ഭാഗത്ത്‌ നിന്നും വന്ന ചോദ്യം ഇതായിരുന്നു;


യേശു ഗലീലിയ കടലിലുടെ നടന്നതിനു കാരണം

നിമ്മി തോമസിന്‍റെ ഉത്തരം ഇങ്ങിനെയായിരുന്നു;

അവിടത്തെ  കടത്തുകാരന്‍ കൂലി കൂടുതല്‍ ചോദിച്ചുകാണും



.

Tuesday, April 27, 2010

അബ്ദുക്കയും തോമസും

ഇതും നടന്ന ഒരു സംഭവമാണ്. പള്ളിപ്പുറത്ത് ഒരു അബ്ദുക്കയുണ്ട്. ചില ആളുകള്‍ പറയും വളരെ നല്ല വ്യക്തിയെന്ന്, ചിലര്‍ പറയും എപ്പോഴും തെറി പറഞ്ഞു നടക്കുന്നവന്‍ എന്ന്. എന്തൊക്കെയായാലും എന്നോടും സുഹൃത്തുക്കളോടും അബ്ദുക്ക വളരെ മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. ഞങ്ങളെയെല്ലാം മക്കളെ എന്നാണ് വിളിക്കുന്നത്‌.  വളരെ നല്ല ഒരു ഇസ്ലാം കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം നല്ലൊരു മുസ്ലിം ആയിരുന്നു. പക്ഷെ അല്പം ശാരിരിക മാനസിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ആളുകള്‍ അദ്ദേഹത്തെ പല തരത്തില്‍ കളിയാക്കിക്കൊണ്ടിരുന്നു. ഇദ്ദേഹമാണെങ്കില്‍ കോണ്‍ഗ്രസിന്‍റെ  ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എവിടെ പാര്‍ട്ടിയുടെ  പരിപാടി ഉണ്ടെങ്കിലും അബ്ദുക്ക മുന്നിലുണ്ടാകും. 

അങ്ങിനെ ഒരു ദിവസം കോണ്‍ഗ്രസിന്‍റെ ഒരു റാലിക്കായി ദൂരെ എവിടെയോ വണ്ടിക്കു പ്രവര്‍ത്തകര്‍ പോയപ്പോള്‍ അബ്ദുക്കയും കൂടെ പോയി. റാലിക്ക് പോയവര്‍ക്കെല്ലാം ഫ്രീ ആയി ഭക്ഷണം ഉണ്ടായിരുന്നു. റാലി കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ ഏതോ ഒരാള്‍ അബ്ദുക്കയെ കളിയാക്കാന്‍ പറഞ്ഞു; "അബ്ദു, ഇന്ന് നീ കഴിച്ച ഭക്ഷണം ഹറാം ആയിരുന്നു. നീ ഇന്നുമുതല്‍ മുസ്ലിം അല്ല, ക്രിസ്ത്യാനി ആണ് - നിന്‍റെ പേര്  ഇന്നുമുതല്‍ തോമസ്‌ എന്നാണ്". ഒരു യഥാര്‍ത്ഥ മുസ്ലിം ആയിരുന്ന അബ്ദുക്കക്ക് ഇത് കേട്ടപ്പോള്‍ തോന്നിയ ദ്വേഷ്യത്തിനു കണക്കില്ല, വായില്‍ തോന്നിയ തെറിയെല്ലാം അയാളെ വിളിച്ചു. ആ വണ്ടിയിലുണ്ടായിരുന്ന എല്ലാവരും സംഭവം അറിഞ്ഞു; അങ്ങിനെ ഈ സംഭവം പള്ളിപ്പുറത്ത് ഫ്ലാഷ് ആയി. 

ചില തല തെറിച്ച ആളുകള്‍ അബ്ദുക്കയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും തോമസേ എന്ന് വിളിക്കും. അബ്ദുക്ക തിരിഞ്ഞു നോക്കി മുന്നില്‍ കാണുന്ന വ്യക്തികളെ തെറി പറയുകയും ചെയ്യും. അതു ആരാണെന്നും ഏതാണെന്നും നോക്കില്ല. മുന്നില്‍ കാണുന്നവനെ തെറി പറഞ്ഞു കൊണ്ടിരിക്കും. ചില ബസ്സിലെ കിളികളും കണ്ടെക്ടര്‍മാരും ബസ്സില്‍ പോകുമ്പോള്‍ തോമസേ എന്ന് വിളിച്ചു പോവുകയും, തെറി വഴിയില്‍ നില്‍ക്കുന്നവര്‍ കേള്‍ക്കേണ്ടി വരികയും ചെയ്തു വന്നു. തോമസ്‌ എന്ന് കേട്ടാലെ അബ്ദുക്ക പ്രതികരിച്ചിരിക്കും.

ഇനി പറയുന്ന സംഭവം നടക്കുന്നത് കുറേക്കാലം മുന്‍പാണ്‌. അതായത് പള്ളിപ്പുറം മാല്യങ്കര പാലം വരുന്നതിനു മുന്‍പ്‌. ഒരു ചൊവ്വാഴ്ച ദിവസം. മാല്യങ്കര കോളേജ് ക്ലാസ് കഴിഞ്ഞു വിദ്യാര്‍ത്ഥികളും ചെട്ടിക്കാട് പള്ളിയിലെ നൊവേന കഴിഞ്ഞു ഭക്ത ജനങ്ങളും  ബസ്‌ കയറുവാന്‍ കച്ചേരിപ്പടി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന സമയം. നമ്മുടെ അബ്ദുക്ക ആ സമയം അതിലെ പോവുകയായിരുന്നു. അതിലൂടെ കടന്നുപോയ ബസ്സിലെ തല തിരിഞ്ഞ  ഒരു കിളി "തോമസേ..." എന്ന് നീട്ടി വിളിച്ചു. നമ്മുടെ അബ്ദുക്ക തന്‍റെ ഭരണിപ്പാട്ട് തുടങ്ങി. ഇത് കേട്ടുകൊണ്ട്, പള്ളിയില്‍ പോയി  ബസ്‌ കയറുവാന്‍ നിന്നിരുന്ന ഒരു മാന്യനായ വ്യക്തി - അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു - ഇത്രയും ആളുകളുടെ മുന്നില്‍ വെച്ചു  അസഭ്യം കേള്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് നമ്മുടെ അബ്ദുക്കയെ ഉപദേശിച്ചു. (അദ്ദേഹത്തിന് അറിയില്ലായിരുന്നു  എന്തുകൊണ്ടാണ് തോമസ്‌ എന്ന് വിളിക്കുന്നത്‌ എന്ന്.)


"അല്ല തോമസേ, തോമസ്‌ എന്തിനാണിങ്ങനെ  തെറി പറയുന്നത്?
ഇത്രയും ആളുകളും കുട്ടികളും ഒക്കെ ഇവിടെ നില്‍ക്കുകയല്ലേ? 
തോമസ്‌ സമാധാനിക്കു"

ഇത് കേട്ടതും നമ്മുടെ അബ്ദുക്ക ബസിലേക്ക് നോക്കി തെറി പറയുന്നത് നിര്‍ത്തി തിരിഞ്ഞു നമ്മുടെ മാന്യനെ എന്ത് പറഞ്ഞിരിക്കും എന്ന് മനസ്സില്‍ ചിന്തിക്കുമല്ലോ. അദ്ദേഹത്തിന് പോകേണ്ട ബസ്‌ വരുന്നത് വരെ അവിടെ കഴിച്ചു കൂട്ടിയ ആ സമയം ഇനിയോരിക്കലെങ്കിലും ആ മാന്യ ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവുകയില്ല.

അബ്ദുക്ക തിരിയുന്ന ആ രംഗം കച്ചേരിപ്പടിയിലെ സ്റ്റുഡിയോക്കാരനായ  സമീര്‍ ഇക്ക അഭ്രപാളികളില്‍ ഒപ്പിയെടുത് വലുതാക്കി കുറെ നാള്‍ തന്‍റെ സ്റ്റുഡിയോയുടെ പേര് എഴുതി വെച്ചിരുന്നു.





.

Monday, April 26, 2010

നല്ല നെയ്യുള്ള കരിമീന്‍

 
എന്‍റെ പള്ളിപ്പുറം ഗ്രാമം -  കിഴക്ക് വശത്ത് കൂടി പെരിയാറിന്റെ കൈവഴിയും പടിഞ്ഞാറു കടലും വടക്ക് ചാലക്കുടി പുഴ സമുദ്രത്തില്‍ ചേരുന്ന അഴിയുമാണ്. കിഴക്ക് വശത്തെ പുഴയില്‍ നിന്നും പടിഞ്ഞാറേക്ക്‌ ധാരാളം കൈവഴികള്‍ (തോടുകള്‍)  ഉണ്ട്.   ഇതിലൂടെ മീന്‍, കക്ക, മുതലായ സാധനങ്ങളുമായി ചെറിയ വഞ്ചികളില്‍ കച്ചവടക്കാര്‍ പോകാറുണ്ടായിരുന്നു. മാത്രമല്ല ചെറിയ  ചൂണ്ടാക്കാരും ഇതില്‍ ചൂണ്ടയിട്ടു മീന്‍ പിടുത്തവും ഉണ്ടായിരുന്നു.  ഇപ്പോള്‍ അതല്ലാം ചുരുങ്ങി അല്പം വെള്ളം ഒഴുകുന്ന ചെറു ചാലുകള്‍ മാത്രമായി മാറി.

ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമീപമുള്ള വീടുകളിലെ കക്കൂസകളെല്ലാം ഇതുപോലുള്ള തോട്ടിലെക്കയിരുന്നു കണക്ഷന്‍ കൊടുത്തിരുന്നത്. ഇതിനു സമീപമാണ്  കരിമീന്‍, ഞണ്ട്, മുതലായ ടേസ്റ്റ് കൂടിയവ ലഭിക്കുന്ന പ്രധാന സ്ഥലം. 

 നാട്ടിലെ പ്രധാന കള്ളു ഷാപ്പ്‌ സ്ഥിതി ചെയ്തിരുന്നത് കോണ്‍വെന്റ് ബസ് സ്ടോപ്പിന് സമീപമായിരുന്നു (ഇപ്പോഴത്തെ ചിന്നുസ് ഐസ് പ്ലാന്റിന് എതിര്‍ വശം). പെരുന്നാള്‍ മറ്റു ആഘോഷങ്ങള്‍ (ഓണം, വിഷു, ക്രിസ്തുമസ്, ഈസ്റര്‍, മുതലായവ)  ഈ സമയങ്ങളിലെല്ലാം  അവിടെ  നല്ല തിരക്കായിരിക്കും അവിടെ - യഥാര്‍ത്ഥത്തില്‍ ചാകര എന്ന് പറയും.  - അവിടെ അന്നത്തെക്കാലത്ത്‌ ഏറ്റവും രുചികരമായ വസ്തുക്കള്‍ ലഭിച്ചിരുന്ന ഏക സ്ഥലം - ഓരോ ദിവസവും ഓരോ സ്പെഷ്യല്‍ വിഭവം ആയിരിക്കും അവിടെ. ഒരു പെരുന്നാള്‍ സമയം. പള്ളിപ്പുറം പെരുന്നാള്‍ ആകുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ധാരാളം ബന്ധുക്കള്‍ പള്ളിപ്പുരത്തെക്ക് ഒഴുകിയെതുമായിരുന്നു ഒരു പെരുന്നാള്‍ സമയം,   പെരുന്നാള്‍ ആയതിനാല്‍ കുടിയന്മാര്‍ ക്യു ആയി  എത്തിക്കൊണ്ടിരുന്നു ഷാപ്പിലേക്ക്. കരിമീന്‍ ആയിരുന്നു അന്നത്തെ പ്രധാന വിഭവം. കുടിച്ചു ഇറങ്ങുന്നവര്‍ക്ക്  എല്ലാം തന്നെ കരിമീനിന്റെ  രുചിയെക്കുറിച്ചു മാത്രമേ പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ.

ജോസ ചേട്ടനും അളിയനും കൂടി കള്ളു കുടിക്കുവാന്‍ കയറി. കരിമീന്‍ കറി അവരുടെ മേശപ്പുറത്തു കൊണ്ട് വന്നു വെച്ചു. അളിയന്‍ കഴിക്കുവാന്‍ തുടങ്ങി. അളിയന്‍ പറഞ്ഞു; "നല്ല നെയ്യുള്ള കരിമീന്‍ ആണല്ലോ ഇവിടെ." ദൂരെ ദിക്കില്‍ നിന്നും വന്ന അളിയന്‍ കുശാലായി കഴിച്ചുകൊണ്ടിരുന്നു. ജോസ ചേട്ടന്‍ കഴിക്കുവാനായി  മീനെടുത്തു. കുടി തുടങ്ങാത്തതുകൊണ്ട് എന്തോ പന്തികേട്‌ തോന്നി. മീനിന്റെ വയര്‍ ഭാഗം ഒന്ന് പൊളിച്ചു നോക്കി; നെയ്യ് കയ്യിലെടുത്തു. എന്തോ സംശയം, ഒന്ന് മണത്തു നോക്കി, ഓക്കാനം വന്നു.  അതു നെയ്യ് ആയിരുന്നില്ല, പകരം തോട്ടിലെ കക്കൂസയില്‍ നിന്നും വരുന്ന മാലിന്യമായിരുന്നു. ഇതൊന്നുമറിയാതെ അളിയന്‍ രസകരമായി കരിമീന്‍ കഴിച്ചുകൊണ്ടിരുന്നു.




.

ജോയി ചേട്ടനും പുഴയിലെ മുങ്ങലും

ജോയി ചേട്ടന്‍ -  യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നില്ല. പള്ളിപ്പുറത്തെ മാത്രമല്ല അടുത്ത പ്രദേശങ്ങളിലെ ബോട്ടുള്ള എല്ലാവരുടെയും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. ബോട്ടിന്‍റെ പങ്കയോ മറ്റു യന്ത്ര സാമഗ്രികളോ എന്ത് പുഴയില്‍ പോയാലും മുങ്ങാം കുഴിയിട്ട് തെരഞ്ഞു കണ്ടുപിടിച്ചിരിന്നത്‌ ഈ ജോയി ചേട്ടനായിരുന്നു. ഇദ്ദേഹത്തിനു കൂടുതല്‍ നേരം ശ്വാസം പിടിച്ചു നില്ക്കാന്‍ കഴിവുണ്ടായിരുന്നു.

നാട്ടിലെ ഒരു പ്രധാന വ്യക്തിയാണല്ലോ ശ്രീമാന്‍ എസ്. ഇദ്ദേഹം ഭയങ്കര പിശുക്കനും ആയിരുന്നു. ഒരു ദിവസം നമ്മുടെ ജോയി ചേട്ടന്‍ പണിയൊന്നും ഇല്ലാത്തതിനാല്‍ എസിനോട് കുറച്ചു കാശു കടം ചോദിച്ചു. പക്ഷെ എസ് അല്ലെ ആള്, ഒരു ചില്ലിക്കാശു കൊടുത്തില്ല, മാത്രമല്ല സില്‍ബന്തികളുടെ മുന്നില്‍ വെച്ച് കുറച്ചു അധിക്ഷേപിക്കുക കൂടി ചെയ്തു. 

എന്തുകൊണ്ടോ, അടുത്ത ദിവസം മുനമ്പം ഹാര്‍ബറിന് അടുത്ത് കെട്ടിയിരുന്ന  എസിന്‍റെ ബോട്ടിന്‍റെ പങ്ക കാണാതായി. വേറെ ആളില്ലാത്തതിനാല്‍ ജോയി ചേട്ടനെ തന്നെ വിളിപ്പിച്ചു, പറഞ്ഞു; "ജോയി എങ്ങിനെയെങ്കിലും ആ പങ്ക മുങ്ങിയെടുക്കണം. എന്‍റെ മുപ്പതു അടിയുടെ ബോട്ടാ, നീ എങ്ങിനെയെങ്കിലും എന്നെ രക്ഷിക്കണം". ജോയി ചേട്ടന്‍ പറഞ്ഞു; "അതു എനിക്ക് പ്രശ്നമില്ല; പക്ഷെ മുതലാളിയുടെ കൈയില്‍ ഇപ്പോള്‍ പൈസയില്ലല്ലോ. പിന്നെ എങ്ങിനെ ഞാന്‍ മുങ്ങും? എന്‍റെ റേറ്റ് മുതലാളിക്ക് അറിയാമല്ലോ ഒന്ന് മുങ്ങിയാല്‍ രൂപ അഞ്ഞൂര്‍ ആണ്. "

"അതൊന്നും നീ പ്രശ്നമാക്കേണ്ട, എങ്ങിനെയെങ്കിലും അതൊന്നു മുങ്ങിയെടുക്ക്."

അവസാനം ജോയി ചേട്ടന്‍ മുങ്ങി, മുനമ്പം അഴിയായതിനാല്‍ കിട്ടിയില്ല എന്ന് പറഞ്ഞു. അങ്ങിനെ ഏതാണ്ട് അഞ്ചു മുങ്ങലുകള്‍ക്ക് ശേഷം ജോയി ചേട്ടന്‍ പങ്കയുമായി വന്നു. പങ്കയും കൊടുത്തു രണ്ടായിരത്തി അഞ്ഞൂറും വാങ്ങി ജോയി ചേട്ടന്‍ സ്ഥലം കാലിയാക്കി. പിന്നെ ചെറായി ഭാഗത്തുള്ള ഒരു കള്ളു ഷാപ്പില്‍ ജോയി ചേട്ടന്‍ പറഞ്ഞതിങ്ങിനെ;
"ആ ബോട്ടിന്‍റെ പങ്ക ആദ്യത്തെ മുങ്ങലിനെ എനിക്ക് കിട്ടി. അയാളല്ലേ ആള്, അതിനാല്‍  ഞാനത് വെള്ളത്തിനടിയില്‍ തന്നെ വെച്ചിട്ടാണ് ബാക്കി നാലു മുങ്ങല്‍ കൂടി നടത്തിയത്"


.

Thursday, April 22, 2010

പ്രെസ്ടീജും പിന്നെ ബിജോയ്സും

കഥാപാത്രം നേരത്തെയുള്ള ബ്ലോഗിലെ ശ്രീമാന്‍ എസ് തന്നെ. (തോമസ്‌ ചേട്ടന്‍റെ അപ്പന്‍റെ ഫോട്ടോയിലെ.) അതിനാല്‍ത്തന്നെ ഇംഗ്ലീഷ് അറിയില്ലല്ലോ. ഒരു ബിസിനസ് കാര്യം ഒരാളുമായി സംസാരിക്കുകയായിരുന്നു നമ്മുടെ കഥാപാത്രം. നമ്മുടെ കഥാപാത്രം ഒരു ഷോപ്പ് തുടങ്ങുവാന്‍ പോകുന്ന സ്ഥലത്തുള്ള ഷോപ്പിന്‍റെ  ഉടമ ആയിരുന്നു രണ്ടാമന്‍.  പറഞ്ഞു പറഞ്ഞു രണ്ടു പേരും ഒരു തല്ലു പിടുത്തത്തിന്റെ  അരികിലെത്തി.  

രണ്ടാമന്‍: "നിങ്ങള്‍ കട തുടങ്ങിക്കൊള്ളൂ, പക്ഷെ എന്‍റെ കച്ചവടം തന്നെ ചെയ്യരുത്‌."
എസ്: "അതെന്താ, എന്‍റെ കാശു കൊണ്ട് ഞാന്‍ തുടങ്ങുന്ന കടയില്‍ എന്ത് കച്ചവടം  ചെയ്യണമെന്നു താന്‍ പറയണോ?"
രണ്ടാമന്‍:  "ഇത് ഞാന്‍ വിട്ടു തരില്ല, ഇതെന്‍റെ പ്രെസ്ടീജിന്റെ പ്രശ്നമാണ്."
അല്പം ആലോചിച്ച ശേഷം, എസ് പറഞ്ഞു;
"ഇതെന്‍റെ ബിജോയ്സിന്റെയും പ്രശ്നമാണ്. ഞാനും വിട്ടു തരില്ല."

രണ്ടാമന്‍ ഇറങ്ങിപ്പോയി.

ഇതുകേട്ട സില്‍ബന്തി പോള്‍ ചോദിച്ചു; "അതെന്താ അങ്ങിനെ പറഞ്ഞത്? " ഉടനെ എസ്; "അതു പിന്നെ അവന്‍  പ്രെസ്ടീജ് മാത്രമേ കുടിക്കു, അതാണ് അവന്‍ അവന്‍റെ പ്രസ്ടീജിന്റെ പ്രശ്നമാണെന്ന് പറഞ്ഞത്.  നമ്മള്‍ അത്ര കുറഞ്ഞവരല്ല, ബിജോയ്സും
അടിക്കുന്നുണ്ടെന്നു അവനറിയട്ടെ."

 പോള്‍ വായും പൊളിച്ചു ഇരുന്നു പോയി.


.

തോമസ്‌ ചേട്ടന്‍റെ അപ്പന്‍റെ ഫോട്ടോ

നിങ്ങള്‍ വിചാരിക്കും, ഇതെല്ലം  മുന്‍പ്  കണ്ട ആ സിനിമകിളിലെ തമാശകള്‍  അല്ലേയെന്നു.  എന്നാല്‍ അതു ശരിയല്ല, ഞങ്ങളുടെ നാട്ടില്‍ നടന്ന സംഭവങ്ങളായിരുന്നു അതെല്ലാം. ഇവിടെ അതു പ്രചരിച്ചു പ്രചരിച്ചു അവസാനമത് സിനിമയിലെ ചില ആളുകളുടെ കയ്യിലെത്തി. (ഈ വ്യക്തികള്‍ക്ക് പള്ളിപ്പുറവും ആയി ബന്ധം ഉണ്ടെന്നത് പരസ്യമായ രഹസ്യം ആണ്).

തോമസ്‌ ചേട്ടന്‍ നാട്ടിലെ പ്രധാന വ്യക്തിത്വം ആയിരുന്നു. (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല). കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു പ്രധാന പ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹവും മാതാപിതാക്കളും. അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു അദ്ദേഹത്തിന്റെ അപ്പന്‍. അതിനാല്‍ ത്തന്നെ വീട്ടിലെ ഉമ്മറപ്പടിയില്‍ എല്ലാവരും കാണുവാനായി  ധാരാളം കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കളുടെ പടങ്ങളും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. 

കഥാപാത്രത്തിന്റെ  പേര് പറയുന്നില്ല (പറഞ്ഞാല്‍ പള്ളിപ്പുറത്തെ എല്ലാവരും അറിയും) അതിനാല്‍ അദ്ദേഹത്തെ  നമുക്ക് എസ് എന്ന് പറയാം. പെട്ടെന്ന് പണം വന്നു  നാട്ടില്‍ പ്രമുഖനയതാണ്. അതിനാല്‍ത്തന്നെ വിദ്യാഭ്യാസം കുറവുമാണ്. (സ്കൂളില്‍ പോയിട്ടുണ്ടോയെന്നു ചോദിച്ചാല്‍ കൂട്ടുകാരനെ വിളിക്കാന്‍ പോയിട്ടുണ്ടെന്ന് പറയും). പക്ഷെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലോ പുതിയ മമ്മൂട്ടി പടം പോലും പറയുന്നത്. (മോഹന്‍ലാല്‍ ഫാന്‍സ്‌ ക്ഷമിക്കുക). പണം ഉള്ളത് കാരണം ധാരാളം സില്‍ബന്തികള്‍  ചുറ്റും കൂടി അദ്ദേഹത്തെ ഒരു ചെറിയ നേതാവ് പോലും ആക്കി.  നാട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും ഇടപെട്ടു സംഭവം തീര്‍ക്കുക അദ്ദേഹത്തിന്‍റെയും കൂട്ടരുടെയും ഒരു ഹോബി ആവുകയും ചെയ്തു.

അങ്ങിനെയിരിക്കെ ഒരു ദിവസം ബഹുലെയനും ജോസ ചേട്ടനും തമ്മില്‍ ഒരു അതിര് തര്‍ക്കം വന്നു. തന്‍റെ പണിക്കാരനായ ബഹുലെയനെ രക്ഷിക്കുവാന്‍ നമ്മുടെ കഥാപാത്രം എസ് മുനമ്പം പോലീസ് സ്റ്റേഷനില്‍ വന്നു. സബ് ഇന്‍സ്പെക്ടര്‍ ആയി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്റ്റേഷനില്‍ വച്ചിട്ടുള്ള ഗാന്ധിജിയുടെ പടം എസ് പ്രത്യേകം ശ്രദ്ധിച്ചു. 

സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ഉടനെ തന്‍റെ സില്‍ബന്തിയായി കൂടെ നടക്കുന്ന പോളിനോട് എസ് ചോദിച്ചു, 


"എങ്ങിനെയാടോ തോമസ്‌ ചേട്ടന്‍റെ അപ്പന്‍റെ ഫോട്ടോ പോലീസ് സ്റ്റേഷനില്‍ വന്നത്?"


ഈ പോളാണ് സംഭവം ഇത്ര ഫ്ലാഷ് ആക്കിയത്. (ഇത് സത്യമാണോ എന്ന് ഇപ്പോഴും സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇയാളോട് ചോദിച്ചു നോക്കാം - ശ്രീ ജോണ്‍സന്‍ അച്ചാരുപറമ്പില്‍)


.

വിടു പൈലി, വല്യമ്മ പള്ളിയില്‍ പോകട്ടേ

പണ്ട്, എന്റെയെല്ലാം കുട്ടിക്കാലത്ത് പള്ളിപ്പുറം അങ്ങാടിയിലേക്ക് കുരുപ്പശ്ശേരിക്കാരുടെ വീടിനു മുന്നിലൂടെ പോകുമ്പോള്‍ ഒരു പാലം ഉണ്ടായിരുന്നു.  മുനമ്പം അങ്ങാടി ഭാഗത്തുള്ള എല്ലാവര്‍ക്കും  പള്ളിയിലേക്കും ആശുപത്രിയിലേക്കും വരുവാനുള്ള ഏക മാര്‍ഗമായിരുന്നു അത്.     ഏകദേശം ഏഴോളം പടികള്‍ കയറുവാനും ഇറങ്ങുവനും വേണ്ടി ഉണ്ടായിരുന്നു. അതു പോലെ ഒന്ന് പള്ളിപ്പുറം പള്ളിയില്‍ നിന്നും കോണ്‍വെന്റിലേക്ക് ഉള്ള വഴിയിലും ഉണ്ടായിരുന്നു. (ഇപ്പോള്‍ അതെല്ലാം പൊളിച്ചു നിരപ്പാക്കി വാഹനങ്ങള്‍ പോകുവാനുള്ള നല്ല നിരത്തുകളായി മാറി). മാത്രമല്ല അന്നത്തെ ക്കാലത്ത് തെരുവ് വിളക്കുകള്‍ വളരെ കുറവായിരുന്നു. ആ പാലത്തിനടുത്തായിരുന്നു ആ പ്രദേശത്തെ ആകെയുള്ള ഒരു അഞ്ചല്‍ പ്പെട്ടി ഉണ്ടായിരുന്നത് (ഇപ്പോഴത്തെ പോസ്റ്റ്‌ ബോക്സ്‌ എന്ന് പറയുന്ന പഴയ തിരുവതാംകൂര്‍ തപാല്‍ സംവിധാനം).  അങ്ങാടിയിലെ  പാലത്തിന്റെ  തെക്ക് കിഴക്കേ ഭാഗത്ത് കുരിശിങ്കല്‍ക്കാരുടെ വീടായിരുന്നു. ഇപ്പോഴത്തെ വീടുകുള്‍ എല്ലാം മതില്‍ കെട്ടി ഭദ്രമാക്കിയിരിക്കുന്നത് പോലെ അന്നത്തെ ക്കാലത്ത് മുള്ള് വേലി കെട്ടിയായിരുന്നു സംരക്ഷിച്ചിരുന്നത്. ഇല്ലിയുടെ മുള്ളുകള്‍ ഓല മെടഞ്ഞ വേലികളില്‍ കെട്ടി വെച്ചാല്‍ ആരും വന്നു ചാരി നിന്ന് സംസാരിക്കില്ല, മാത്രമല്ല മൃഗങ്ങളുടെ ശല്യവുമില്ല. 

വൈകുന്നേരമായാല്‍ അങ്ങാടി ബഹു രസമായിരുന്നു. മാല്യങ്കര, ചെട്ടിക്കാട്‌ എന്നീ പ്രദേശങ്ങളിലേക്ക് പോകുവനുള്ളവരും ജോലി കഴിഞ്ഞു അതിലുടെ വരുന്നവരും പണ്ടത്തെ ഏറണാകുളം ബോട്ടില്‍ വരുന്നവരും അവരുടെ ബഹളങ്ങളും എല്ലാം. അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിട്ടാണ് ആളുകള്‍ വീട്ടിലേക്കു പോയിക്കൊണ്ടിരുന്നത്. അപ്പോള്‍ പിന്നെ സ്വാഭാവികമായും ഒരു കള്ളു ഷാപ്പും അവിടെ ഉണ്ടാകുമല്ലോ. 

കള്ളു ഷാപ്പിലെ കുടി കഴിഞ്ഞു കോണ്‍വെന്റ് പ്രദേശത്ത് താമസിക്കുന്ന പൈലി ചേട്ടന്‍ ഒരു ദിവസം പാലം കയറിയപ്പോള്‍ പാമ്പു പോലെ ആടി തല കുത്തനെ പുഴയില്‍ വീണു മരിച്ചു. പണ്ടത്തെ കാര്യം അറിയാമല്ലോ, ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വഴിക്ക് നടക്കുമ്പോള്‍ ആളുകള്‍ പറയും, ഇവിടെ സൂക്ഷിക്കണം, ഇന്നയാള്‍ മരിച്ച സ്ഥലമാണ്‌. അവിടെയെത്തുമ്പോള്‍ നടത്തത്തിനു വേഗത കൂടും, തിരിഞ്ഞു നോക്കാതെ എത്രയും പെട്ടെന്ന് ആ സ്ഥലം കടന്നു കിട്ടുവാനേ എല്ലാവരും ആഗ്രഹിക്കു. അപ്പോള്‍പ്പിന്നെ ഇത് പോലെ അപകട മരണം സംഭവിച്ച സ്ഥലത്തിന്റെ കാര്യം പറയണമോ?

ഒരാഴ്ച കഴിഞ്ഞുള്ള സംഭവമാണ്. പള്ളിപ്പുറം പള്ളിയില്‍ രാവിലെയുള്ള കുര്‍ബ്ബാനക്കായി ധാരാളം പേര്‍ വന്നിരുന്നു (ഇപ്പോഴത്തെപ്പോലെ തന്നെ). മുനമ്പത്ത് നിന്നുള്ള മറിയാമ്മ വല്യമ്മ അന്ന് ഒറ്റക്കായിരുന്നു കുര്‍ബ്ബാനക്ക് വന്നത്. കൂട്ടുകാരായ ത്രേസിയമ്മ ചേടത്തിക്ക് സുഖമില്ലായിരുന്നു. റോസാ ചേടത്തിക്ക് മകളുടെ പ്രസവം കാരണവും വന്നില്ല. "ഹോ, എങ്ങിനെയെങ്കിലും ആ പാലം കടന്നു കിട്ടിയാല്‍ മതിയായിരുന്നു. " വല്യമ്മ മനസ്സില്‍ ആഗ്രഹിച്ചു. "മാതാവേ രക്ഷിക്കണേ" എന്നുള്ള പ്രാര്‍ത്ഥനയുമായി വെളുപ്പിനെ നടപ്പ് തുടങ്ങി. പലമെത്തിയപ്പോള്‍ ഒരു ശങ്ക, ആരെങ്കിലും അവിടെ നില്ക്കുന്നുണ്ടോ? പാലത്തിന്റെ പടിഞ്ഞാറു വശത്താണ് പൈലി വീണു മരിച്ചത് അതിനാല്‍, കിഴക്ക് വശം പിടിച്ചു പാലം കയറാം. വല്യമ്മ ധൈര്യം സംഭരിച്ചു പാലം കയറി. മുകളിലെത്തിയപ്പോള്‍ ഒരു ആശ്വാസം. ഇനി പടികള്‍ ഇറങ്ങാം. ഇറങ്ങി  അവസാനത്തെ പടിയില്‍ നിന്നും കാലെടുത്തു മണ്ണില്‍ കുത്തിയതും വല്ല്യമ്മയുടെ നാടന്‍ മുണ്ടില്‍ ആരോ പിടിച്ച മാതിരി. വല്യമ്മ അല്പം നാടന്‍ വലിച്ചു നോക്കി, വരുന്നില്ല. ഇത് അവന്‍ തന്നെ പൈലി. കണ്ണടച്ചുകൊണ്ട്   വല്യമ്മ പറഞ്ഞു, " മോനെ പൈലി വിടെട, വല്യമ്മ പള്ളിയില്‍ പോകാട്ടെട".

പൈലിയുണ്ടോ വിടുന്നു? വല്ല്യമ്മയനെങ്കില്‍ തിരുഞ്ഞു പോലും നോക്കാതെ പറഞ്ഞു കൊണ്ടിരുന്നു, "വിടു പൈലി വല്യമ്മ പള്ളിയില്‍ പോകട്ടെ"

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജോലിക്ക് പോകാനായി അന്തപ്പന്‍  ചേട്ടനും പണിക്കാരും അങ്ങാടിയിലേക്ക് വരികയായിരുന്നു. അവര്‍ വല്യമ്മ പറയുന്നത് കേട്ട് എന്താണെന്നറിയാന്‍ അങ്ങോട്ട്‌ ചെന്നു. അപ്പോഴും കണ്ണടച്ച് നിന്ന് വല്യമ്മ പറഞ്ഞു കൊണ്ടിരുന്നു, "വിടു പൈലി വല്യമ്മ പള്ളിയില്‍ പോകട്ടെ"

പണിക്കാരിലൊരാള്‍ വല്ല്യമ്മയുടെ നാടന്‍ മുണ്ട് ആരാണ് പിടിച്ചിരിക്കുന്നതെന്നു അറിയാന്‍ അതു വലിഞ്ഞു നില്‍ക്കുന്ന സ്ഥലത്തേക്ക് പേടിയോടെ നോക്കി.   അത് മറ്റൊന്നുമായിരുന്നില്ല, കുരിശിങ്കല്‍ക്കാരുടെ വേലിയിലെ ഒരു മുള്ളില്‍ നാടന്‍ മുണ്ട് കുടുങ്ങിക്കിടക്കുകയായിരുന്നു. 



.

Saturday, April 17, 2010

യേശുവിന്‍റെ അത്ഭുതവും തോമസ്‌ ചേട്ടന്‍റെ വെള്ളമടിയും

തോമസ്‌ ചേട്ടന്‍ എന്നും വെള്ളമടിയാണ്. ആരു പറഞ്ഞാലും കേള്‍ക്കില്ല.  ആ സമയത്താണ് ഇടവകയില്‍ മിഷന്‍ ധ്യാനം നടന്നത്. ത്രെസിയമ്മ ചേടത്തി ധ്യാന ഗുരുവിനെ ക്കണ്ട് കരഞ്ഞു പറഞ്ഞു; " അച്ചോ, എങ്ങിനെയെങ്കിലും അങ്ങേരുടെ വെള്ളമടി നിര്‍ത്തി തരണം. ഏതോ ചെകുത്താനാണ്‌ അങ്ങേരുടെ ഉള്ളില്‍. പക്ഷെ, അച്ചന്‍ പറഞ്ഞാല്‍ കേള്‍ക്കും". 


അച്ചന്‍ പിറ്റെന്നാള്‍ തോമസ്‌ ചേട്ടനെ കാണുവാന്‍ ചെന്നു. സംസാരത്തിനിടയില്‍ അച്ചന്‍ മദ്യപാനത്തിന്റെ ദോശവശങ്ങളെക്കുറിച്ച് തോമസ്‌ ചേട്ടനോട് പറഞ്ഞു. മദ്യം കഴിക്കരുതെന്നും അത് പാപമാണെന്നും അച്ചന്‍ പറഞ്ഞു.


"അച്ചോ", തോമസ്‌ ചേട്ടന്‍ പറഞ്ഞു, "മദ്യം കഴിക്കുന്നത്‌ പാപം ആണെങ്കില്‍ യേശു ക്രിസ്തുവാണ്‌ അത് തുടങ്ങി വെച്ചത്. കാനയിലെ കല്യാണത്തിന് യേശു വെറും പച്ച വെള്ളത്തെ വീര്യം കുറഞ്ഞ മദ്യം ആക്കുകയല്ലേ ചെയ്തത്? അതല്ലേ അന്നാ കല്യാണത്തിന് വിളമ്പിയത്? യേശു വീഞ്ഞ് ഉണ്ടാക്കുക മാത്രമല്ല അത് അവിടെ എല്ലാവര്‍ക്കും കൊടുക്കുകാന്‍ പറയുകയും ചെയ്തല്ലോ?". തോമസ്‌ ചേട്ടന്‍ തുടര്‍ന്നു, "മാത്രമല്ല, അല്പം വീഞ്ഞ് ബോധത്തിനെ തെളിയിക്കും എന്നാണ് ബൈബിളില്‍ സോളമന്‍ രാജാവ്‌ പോലും പറഞ്ഞിരിക്കുന്നത് അച്ചോ".


പുറത്തിറങ്ങിയ അച്ചന്‍ ത്രേസിയമ്മ ചേടത്തിയോടു പറഞ്ഞു, "ചേട്ടത്തി, യേശു നാല്‍പതു നാള്‍ മരുഭുമിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട ചെകുത്താന്‍ ആണെന്ന് തോന്നുന്നു ഇങ്ങേരില്‍ കയറിയിരിക്കുന്നത്. വായില്‍ നിന്നും ദൈവ വചനം മാത്രമേ വരുന്നുള്ളൂ."



.

സാറെ സാറെ സാമ്പാറെയും പരീക്ഷയും

 ക്ലാസ്സില്‍ ഭയങ്കര വികൃതി ആയിരുന്നു സെബാസ്റ്റ്യന്‍. എല്ലാ അധ്യാപകര്‍ക്കും അവനെ അല്പം ഭയമായിരുന്നു. കാരണം അവന്‍റെ പ്രതികരണം എങ്ങിനെ ആയിരിക്കുമെന്ന് ആര്‍ക്കുമറിയില്ല. എന്‍റെ ക്ലാസ്സില്‍ അവന്‍ വന്നപ്പോള്‍ പല അധ്യാപകരും പറഞ്ഞു അവനെ സൂക്ഷിക്കണമെന്ന്. കുറെയൊക്കെ ശ്രദ്ധിച്ചാണ് അവനോടു ഞാന്‍ പെരുമാറിയിരുന്നത്. ആ വര്‍ഷമായിരുന്നു "തിളക്കം" പടം പുറത്തിറങ്ങിയത്.   

ഡിസംബറിലെ പരീക്ഷ കഴിഞ്ഞു ക്രിസ്തുമസ്സ് രാത്രി. കുറെ കരോള്‍ ഗ്രുപ്പുകാര്‍ വീട്ടില്‍ വന്നു പോയി. അടുത്ത ഗ്രൂപ്പ്‌ വന്നു; എന്നെ കണ്ട ഉടനെ ചില പിറുപിറുപ്പുകള്‍. ഉടന്‍ തന്നെ പാട്ടു ആരംഭിച്ചു. "സാറെ സാറെ സാമ്പാറെ, സാറിന്‍റെ വീട്ടില്‍ കല്യാണം.." പാട്ടു പൊടി പൊടിച്ചു പാടി പൈസയും വാങ്ങി കരോള്‍ ഗ്രുപ്പ്‌ നീങ്ങുമ്പോള്‍ ഒരുത്തന്‍ മുഖം മൂടി വച്ച് തിരിച്ചു വന്നു പറഞ്ഞു, "സാറെ പരീക്ഷക്ക്‌ ജയിപ്പിക്കണം കേട്ടോ" . സെബാസ്റ്റ്യന്‍ ആയിരുന്നു അത്.



.

സോറി, ഇനി ഇല്ലാട്ടോ

തിയ്യേറ്ററില്‍ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്നയാള്‍ ബിസ്കറ്റ് നീട്ടി പറഞ്ഞു; "കഴിക്കൂന്നേ" അയാളുടെ സ്നേഹ പരമായ സമീപനം കൊണ്ട് അയാളത് കഴിച്ചു. "ഒന്ന് കൂടി കഴിക്കൂന്നേ" വീണ്ടും അയാളുടെ വാക്കുകള്‍. വീണ്ടും കഴിച്ചു. നല്ല ടേസ്റ്റ്. "ഒന്ന് കൂടി ഉണ്ടോയെന് നോക്കട്ടെ" സീറ്റിനടിയില്‍ കുറെ നേരം പരതിയ ശേഷം അയാള്‍ പറഞ്ഞു;  "സോറി കേട്ടോ, ഇനി താഴെ ബിസ്കറ്റ് ഒന്നുമില്ലാട്ടോ".




.

Wednesday, April 14, 2010

ദൈവമില്ല

"ദൈവമില്ല എന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ? " - നിരീശ്വര വാദിയായ ജോസഫ്‌ മറക്കുട ടോമിനോടു പറഞ്ഞു. ഉടനെ ടോം പറഞ്ഞു, "തീര്‍ച്ചയായും, പക്ഷെ പൂര്‍ണമായ വചനം ഇങ്ങിനെയാണ്,

ദൈവമില്ല എന്ന് വിഡ്ഢി ഹൃദയത്തില്‍ പറയുന്നു




.

Saturday, April 10, 2010

കുര്യന്‍ ചേട്ടനും നന്ദി പറയലും

അടുത്തുള്ള സെന്‍റ് റോക്കിസ് ദേവാലയത്തില്‍ തിരുന്നാള്‍ ആയിരുന്നു. പുതുതായി സഹ വികാരിയായി ചാര്‍ജെടുത്ത ഫാദര്‍ ബാ. മു. ലിന് (മുഴുവന്‍ പേര് കൊടുക്കുന്നില്ല) ആളുകളെയൊന്നും പരിചയമില്ലായിരുന്നു. കൊച്ചച്ചന്‍ ഉള്ളതിനാല്‍ വികാരിയച്ചന്‍ കപ്പേള പള്ളിയിലെ കാര്യങ്ങള്‍ ഏല്പിച്ചു നേരത്തെ സ്ഥലം വിട്ടു. അന്നത്തെ ദിവസത്തെ കലാപരിപാടികള്‍ സമാപിച്ചപ്പോള്‍ കൊച്ചച്ചന്‍ നന്ദി പറയുവാന്‍ സ്റ്റെജിലേക്ക് കയറി. ഉടനെ തന്നെ ഒരാള്‍ ഓടിയെത്തി അച്ചനോട് പറഞ്ഞു.


"അച്ചാ, നന്ദി പറയുമ്പോള്‍ കുര്യന്‍റെ പേരും മറക്കാതെ പറയണം. എല്ലാത്തിനും അയാളാണ് ഓടി നടക്കുന്നത്."

"ഓഹോ, തീര്‍ച്ചയായും പറയാം. പക്ഷെ, ആരാണി കുര്യന്‍? എനിക്കയാളെ അറിയില്ലല്ലോ"

അല്പം നാണത്തോടെ അയാള്‍ പറഞ്ഞു,

"ഞാന്‍ തന്നെയന്നച്ചോ കുര്യന്‍."




.

എദേന്‍ തോട്ടം = ആദം ഗില്‍ ക്രൈസ്റ്റ്

മത ബോധന ക്ലാസ്സില്‍ ഒരു വാര്‍ഷിക പരീക്ഷയ്ക്ക് അഞ്ചാം ക്ലാസ്സില്‍ വന്ന ചോദ്യം ഇതായിരുന്നു

ആദത്തിനാല്‍ നഷ്ടപ്പെട്ട എദേന്‍ തോട്ടം വീണ്ടെടുക്കാന്‍ ദൈവം അയച്ച വ്യക്തിയുടെ പേര് എന്ത്?

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്ന ഷരോനിനു വായിച്ചിട്ടും ഒന്നും മനസ്സിലായില്ല. പക്ഷെ, ക്രിക്കെറ്റ് ഭ്രാന്തനായ അവന്‍റെ ഉത്തരം ഇങ്ങിനെയായിരുന്നു.

ആദം ഗില്‍ ക്രൈസ്റ്റ്



.

മോശയും മേശയും

മത ബോധനം മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയം (1990-91). ആ ക്ലാസ് മുതലാണ് എഴുത്ത് പരീക്ഷ തുടങ്ങുന്നത്. ആ വര്‍ഷം പൊതു ചോദ്യമായി എത്തിയത് ഇതായിരുന്നു.

ദൈവം ------- വഴിയാണ് പത്തു കല്പനകള്‍ നല്‍കിയത്.

നിമ്മിയുടെ ഉത്തരത്തില്‍ ഒരു കാരം നഷ്ടപ്പെട്ടിരുന്നു. ഉത്തരം ഇതായിരുന്നു.
മേശ





.

എപ്പെത്തി?

1996 ലെ ബൈബിള്‍ കലോത്സവം കോട്ടപ്പുറത്ത് വെച്ച് നടക്കുന്നു. ഞാനായിരുന്നു ടീം മാനേജര്‍. പള്ളിപ്പുറത്തെ കൊച്ചു ബുദ്ധി ജീവികളുടെ കഴിവ് കൊണ്ട് ലേഖന മത്സരങ്ങളില്‍ പോയിന്റ്‌ നിലയില്‍ ഏറ്റവും മുന്നിലെത്തി. പക്ഷെ ഗ്രൂപ്പ്‌ ഇന മത്സരങ്ങള്‍ക് ആളില്ല. തല്ലിക്കൂട്ടി ഗ്രൂപ്പ്‌ ഇനങ്ങളും ഒരു നാടകവും തയ്യാറാക്കി. കാരണം ഗ്രൂപ്പിന് സമ്മാനം ലഭിച്ചാല്‍ പോയിന്റ്‌ കുടുതല്‍ ലഭിക്കും. രണ്ടു ദിവസം കൊണ്ട് രൂപപ്പെടുതിയതുകൊണ്ട് പലരും ഡയലോഗ് കാണാപ്പാഠം ആക്കിയിട്ടുണ്ടയിരുന്നില്ല. ജോസ് പുളിക്കന്‍ സംവിധാനം ചെയ്ത സാവുളിന്റെ മാനസാന്തരം ആയിരുന്നു കഥ. പുരാതന കഥ ആയതു കൊണ്ടും ബൈബിള്‍ കഥ ആയതുകൊണ്ടും ഡയലോഗുകള്‍ നല്ല നാടക സ്റ്റൈലില്‍ ജോസ് ഒരുക്കിയിരുന്നു.

അതില്‍ സാവുളിന്റെ കാഴ്ച പോയതിനു ശേഷം അനനിയസിന്റെ അടുത്ത് കൊണ്ട് ചെല്ലുന്ന ഒരു രംഗം ഉണ്ട്. അനനിയസായി അഭിനയിക്കുന്ന ബാബു വിന്റെ ഡയലോഗ് ഇങ്ങിനെ ആയിരുന്നു.

സാവൂല്‍, അങ്ങ് എപ്പോള്‍ ഇവിടെയെത്തി?

പക്ഷെ, സ്റ്റേജില്‍ എത്തിയപ്പോള്‍ ഓരോരുത്തരും യഥാര്‍ത്ഥ ഡയലോഗ് മറന്നു തുടങ്ങിയിരുന്നു. താന്താങ്ങളുടെ ഡയലോഗുകള്‍ ഓരോരുത്തരും ഉപയോഗിച്ച് തുടങ്ങി. സാവൂല്‍ ആയ രുബന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നല്ല അഭിനയം കാഴ്ചവെച്ചു . സാവൂളിന്റെ കാഴ്ച പോയ ശേഷം അനനിയസിന്റെ അടുത്ത് കൊണ്ടുവന്നു. ബാബു ഡയലോഗ് മറന്നു പോയി. സ്റെജിനു പിന്നിലിരുന്നു ജോസ് പറഞ്ഞു, എപ്പോള്‍ എത്തിയെന്ന് ചോദിക്ക്.

ഉടന്‍ ബാബു തന്റെ തനി നാടന്‍ ഭാഷയില്‍ ചോദിച്ചു.

സാവൂല്‍, എപ്പെത്തി?




എന്തൊക്കെയായാലും തുടര്‍ച്ചയായി അഞ്ചു വര്‍ഷം കിട്ടിയ കിരീടം ആ വര്‍ഷവും പള്ളിപ്പുരത്തിന് തന്നെ ലഭിച്ചു - അവസാനമായി.
.

ബൈബിള്‍ ഉപയോഗം

ബൈബിളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരിക്കല്‍ മത ബോധന ക്ലാസ്സില്‍ വിവരിക്കുകയായിരുന്നു. അവരവരുടെ വീടുകളിലെ ബൈബിള്‍ ഉപയോഗത്തെക്കുറിച്ച് ഓരോ വിദ്യാര്‍ത്ഥിയും പറയുവാന്‍ തുടങ്ങി.

മേരി: ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഒരു അധ്യായം സുവിശേഷത്തില്‍ നിന്നും വായിക്കുന്നു.

ജോസ്: ഞങ്ങളുടെ വീട്ടില്‍ എല്ലാവരും യാത്ര ചെയ്യുന്നതിന് മുമ്പ് ബൈബിള്‍ വായിച്ചിട്ട് പോകുന്നു.

സെബിന്‍: ഞങ്ങളുടെ വീട്ടില്‍ എല്ലാം ബൈബിളിലാണ് - റേഷന്‍ കാര്‍ഡ്, മരുന്ന് ചീട്ടുകള്‍, കുറിയുടെ കാര്‍ഡ് എല്ലാം ബൈബിളിലാണ്‌.



.

വിവാഹ മംഗളാശംസ

പ്രാര്‍ത്ഥന ശുശ്രുഷയില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്ന മേരി യുടെ വിവാഹമായിരുന്നു. പ്രാര്‍ത്ഥന ശുശ്രുഷക്ക് നേതൃത്വം നല്‍കിയിരുന്ന ഫാദര്‍ ജോസ് റോമില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹം അവിടെ നിന്നും ഒരു ടെലിഗ്രാം അയച്ചു.

"സ്നേഹത്തില്‍ ഭയത്തിനു ഇടമില്ല. പൂര്‍ണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. " 1 യോഹന്നാന്‍ 4:18

റോമില്‍ നിന്നും നാട്ടിലെത്തിയ ടെലിഗ്രാം ആയതുകൊണ്ട് വരന്‍റെ വീട്ടിലുള്ളവരെല്ലാം എന്താണെന്നറിയാന്‍ ഓടിയെത്തി. പക്ഷേ, നാട്ടില്‍ ലഭിച്ച സന്ദേശത്തില്‍ നിന്നും ഒരു ഒന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് ശ്രദ്ധിക്കാതെ മേരി ബൈബിള്‍ തുറന്നു വായിച്ചു. വായിച്ചതിനു ശേഷം അവള്‍ പിന്നോട്ട് മറിഞ്ഞു വീണു.

യോഹന്നാന്‍ 4:18
" നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു; ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല."



.

ആത്മഹത്യ

ടോം ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചു. ആ വഞ്ചകി - തന്നെ സ്നേഹിക്കുന്ന പോലെ ഇത്രയും നാള്‍ വെറുതെ അഭിനയിക്കുകയായിരുന്നു. ഇനി ഏതായാലും വൈകേണ്ട. ആത്മഹത്യ തന്നെ മാര്‍ഗം. പുഴയില്‍ ചാടി മരിക്കാം. പുറത്തു മഴയായതിനാല്‍ കുട എടുക്കുവാന്‍ അകത്തേക്ക് ചെന്ന്. മേശപ്പുറത് ബൈബിള്‍ ഇരിക്കുന്നു. ഇതുവരെ തൊട്ടിട്ടില്ല. മരിക്കുവാന്‍ പോവുകയല്ലേ, ഏതായാലും ഒന്ന് വായിച്ചിട്ട് പോകാം. അയാള്‍ ബൈബിള്‍ തുറന്നു, കിട്ടിയ വചനം ഇതായിരുന്നു.

"അവന്‍ പോയി കെട്ടിതൂങ്ങി ചത്തു" (മത്തായി 27:5 )

ടോം ഞെട്ടിപ്പോയി. തന്റെ മാനസികാവസ്ഥ കാരണമായിരിക്കാം ഇതെന്ന് കരുതി അയാള്‍ രണ്ടാം പ്രാവശ്യം ബൈബിള്‍ തുറന്നു.

"നീയും പോയി അതുപോലെ ചെയ്യുക" (ലൂക്കാ 10:37)

വീണ്ടും ടോം ഞെട്ടി. ഏതായാലും ഒരു പ്രാവശ്യം കൂടി തുറന്നു നോക്കാം എന്ന് കരുതി അയാള്‍ മൂന്നാം പ്രാവശ്യവും ബൈബിള്‍ തുറന്നു

"നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക" (യോഹന്നാന്‍ 13:27 )




.

വാ തുറന്നാല്‍ ബൈബിള്‍ മാത്രം

സെബാസ്റ്റ്യന്‍ മഹാ കുസൃതി ആയിരുന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തലവേദന. അവസാനം മകനെ ക്രിസ്ടീന്‍ ധ്യാനത്തില്‍ ചേര്‍ത്തു ആ അമ്മ. മകന്‍ നന്നായി കാണുവാന്‍ ഏതു അമ്മയ്ക്കും ആഗ്രഹം കാണുമല്ലോ?

ധ്യാനം കഴിഞ്ഞു വന്ന സെബാസ്റ്റ്യന്‍ വായ തുറന്നാല്‍ ബൈബിള്‍ വാക്യങ്ങള്‍ പറയുന്നത് കേട്ട് ആ അമ്മക്ക് സന്തോഷമായി. അടുത്ത ദിവസം രാവിലെ ഏഴു മണിയായപ്പോള്‍ അവനെ ഉറക്കത്തില്‍ നിന്നും എഴുന്നേല്പിക്കാന്‍ അമ്മ ചെന്ന്.

" മോനെ, എഴുന്നേല്‍ക്ക് സമയമായി "

ഉടന്‍ വന്നു മറുപടി,

"അമ്മേ, എന്റെ സമയം ഇനിയും ആയിട്ടില്ല (യോഹന്നാന്‍ 2:4)"



.

Friday, April 9, 2010

മത ബോധന ക്ലാസ്സിലെ തമാശകള്‍

സംഭവം നടന്നത് 2000-01 വര്‍ഷത്തില്‍ കത്തോലിക്കാ സഭ "മഹാജുബിലീ 2000" ആഘോഷിക്കുന്ന സമയം. ജുബിലീ ആയതിനാല്‍ മത ബോധന പരീക്ഷക്ക്‌ ഇരിക്കുന്ന എല്ലാവരെയും ജയിപ്പിക്കുവാന്‍ അധ്യാപക രക്ഷകര്തൃ യോഗത്തില്‍ തീരുമാനിച്ചു. ആ വര്‍ഷം " മണ്ടന്‍ പരീക്ഷ" (തോറ്റവര്‍ക്കും പരീക്ഷ എഴുതാത്തവര്‍ക്കും വേണ്ടിയുള്ള പരീക്ഷ) നടത്തേണ്ട എന്നും തീരുമാനിച്ചു.


ഞാന്‍ പഠിപ്പിച്ചിരുന്ന പത്താം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷക്ക്‌ വന്ന ഒരു ചോദ്യം ഇതായിരുന്നു.

"ജൂബിലിയെപ്പറ്റി വിവിരിക്കുക" (മാര്‍ക്ക്‌ പത്ത്‌)

സെബാസ്റ്റ്യന്‍ എഴുതിയത് ഇങ്ങിനെ:

"ജുബിലീ ജനിച്ചത്‌ 1870 ചൈനയിലായിരുന്നു. ചൈനയിലെ അതി പുരാതന കലയായ കരാട്ടെ യെ ലോകത്തിനു മുന്‍പില്‍ പരിചയപെടുത്തിയ മഹാനായ ബ്രുസിലീ യുടെ പിതാവായിരുന്നു ജുബിലീ. കുടാതെ തന്റെ സഹോദരനായ ജെറ്റ്ലീയുടെ വീര കൃത്യങ്ങള്‍ക്ക് നല്ല അടിത്തറ നല്കിയതും ജുബിലീ ആയിരുന്നു."




.

ആ മനുഷ്യന്‍ നീ തന്നെ

കുറ്റം ചെയ്താല്‍ അതു ഏറ്റു പറയുവാന്‍ മടി
കുറ്റം വേറൊരാളുടെ പേരില്‍വെക്കാന്‍ ധൃതി
ചുണ്ട് വിരലിനാല്‍ നീ മറ്റൊരാളെ ചുണ്ടുമ്പോള്‍
ബാക്കി വിരലുകള്‍ നിന്നെ ചുണ്ടി പറയുന്നു
ആ മനുഷ്യന്‍ നീ തന്നെ!