Thursday, May 20, 2010

ഹു ഈസ്‌ പേഷിയന്‍റ്?

ഇതിലും കഥാപാത്രം എന്‍റെ പഴയ ബ്ലോഗ്ഗുകളിലെ ശ്രീ എസ്  തന്നെ.

(പുതിയതായി വായിക്കുന്നവര്‍ എസ്സിന്‍റെ പഴയ ചരിത്രങ്ങള്‍ കൂടി വായിക്കനമെന്നപെക്ഷിക്കുന്നു.  പ്രെസ്ടീജും പിന്നെ ബിജോയ്സും , തോമസ്‌ ചേട്ടന്‍റെ അപ്പന്‍റെ ഫോട്ടോ)


ഏറണാകുളം ലിസ്സി ആശുപത്രിയില്‍ ഒരു രോഗിയെ കാണുവാന്‍ ശ്രീ എസും സില്‍ബന്തിയായ പോളും ചെന്നു. കാലം അഞ്ചെട്ടു വര്‍ഷം  പുറകിലാണ്. ഇപ്പോഴത്തെ പ്പോലെ പോക്കെറ്റില്‍ ഇടുന്ന മൊബൈല്‍ ഫോണ്‍ ഒന്നും ഇറങ്ങിയിട്ടില്ല. പോലീസ്കാരുടെ വയര്‍ലെസ്സ് സെറ്റ് പോലത്തെ മൊബൈല്‍ ആണ് അന്നുപയോഗിക്കുന്നത്. ഈ മൊബൈലും കയ്യില്‍ പിടിച്ചു ലിസ്സി ആശുപത്രിയുടെ ഓരോ നിലകളിലുടെ നടക്കുമ്പോഴും ആളുകള്‍ ഇദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. കാരണം അന്നത്തെക്കാലത്ത്‌ മൊബൈല്‍ വളരെ കുറവ് ആളുകളെ ഉപയോഗിച്ചിരുന്നുള്ളൂ. 

നടന്നു നടന്നു അവസാനം അവര്‍  കാശ്വലിട്ടിയുടെ   മുന്നിലെത്തി. അവിടെയാണെങ്കില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ കയറിചെന്നപ്പോള്‍ മുന്നിലുണ്ടായിരുന്ന  നേഴ്സ് ചോദിച്ചു; ഹു ഈസ്‌ പേഷിയന്‍റ്?

ഉടനെ എസ്  പറഞ്ഞു;

" അയാം നോട്ട് പേഷിയന്‍റ്, അയാം എസ് "





പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയതിനു  എന്‍റെ സുഹൃത്തായ  ശ്രീ സെബാസ്റ്റ്യന്‍ ഇടത്തിലിനു) നന്ദി.
.

Saturday, May 15, 2010

സവിതയും യക്ഷി രൂപവും



1990-93 കാലഘട്ടം. ഞാന്‍ ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ പഠിക്കുന്നു. ആ സമയത്ത് അവിടെ ഹോസ്റ്റല്‍ ശരിയായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാനും മറ്റു അഞ്ചു പേരും ചേര്‍ന്നു അവിടെ അടുത്തുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. (ഇതിനെ ക്കുറിച്ച് പിന്നീട് എഴുതുന്നതാണ്). ഏകദേശം പതിനഞ്ചു മിനിട്ടോളം നടക്കണം. അങ്ങിനെ നടക്കുന്ന വഴിയില്‍ ആയിരുന്നു സവിതയുടെ വീട്. മിക്കവാറും ഞങ്ങളോടോപ്പമോ, ഞങ്ങള്‍ക്ക്  മുന്നിലോ പിന്നിലോ സവിതയും ഉണ്ടാകും.   

പോളി ആണെങ്കില്‍ ഒരു കുന്നിന്‍റെ മുകളില്‍ ആണ്. റോഡിന്‍റെ രണ്ടു വശവും കാടു പോലെ തേക്ക് മരങ്ങള്‍. ഒരു വീടോ കടയോ പോലും ഇല്ലാത്ത സ്ഥലവും. 

ഒരു സെപ്റ്റംബര്‍ മാസം. ഇടയ്ക്കിടയ്ക്ക് മഴ വരികയും പോവുകയും ചെയ്യുന്ന സമയം. ഞങ്ങള്‍ പോളി യിലേക്ക് നടക്കുകയായിരുന്നു. നല്ല വെയില്‍ കണ്ടതിനാല്‍ കുട എടുത്തില്ല.  സവിത ഞങ്ങളുടെ മുന്നില്‍ പോകുന്നുണ്ട്. ഏകദേശം കുന്നു കയറുന്നതിനു മുന്പായി പെട്ടെന്ന് ഒരു മഴ വന്നു. ഞങ്ങള്‍ തേക്ക് മരത്തിന്റെ തണലില്‍ ക്കൂടി ഓടാന്‍ തുടങ്ങി ഞങ്ങളുടെ മുന്നില്‍ സവിതയും. മയില്‍വാഹനം ഗ്രൂപ്പിന്റെ ബസ്സുകള്‍ ആണ് ആ റൂട്ട് നിറയെ. ഒരു ബസ്സുകാരന്‍ സംശയത്തോടെ ഞങ്ങളെ  നോക്കി പ്പോകുന്നു - ഞങ്ങള്‍ സവിതയെ ഓടിച്ചിടുകയണോ  എന്ന് കരുതി. ഞങ്ങള്‍ സവിതയെ ഓവര്‍ടേക്ക് ചെയ്തു ഓടിപ്പോയി. കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായ സുനില്‍ സവിതയെ തിരിഞ്ഞു നോക്കി. "അയ്യോ" എന്ന് പറഞ്ഞു അവന്‍ നിന്നപ്പോള്‍ ഞങ്ങളും തിരിഞ്ഞു നോക്കി. അപ്പോള്‍ ക്കണ്ട കാഴ്ച; തലയില്‍ നിറയെ പതയും കുമിളകളും കൊണ്ട് നിറഞ്ഞു സവിത, സ്വതവേ കറുത്തതാണെങ്കിലും  ഇത് കൂടെ ചേര്‍ന്നപ്പോള്‍ ഏതോ യക്ഷിയോ ഭൂതമോ ആയിത്തോന്നി. ഞങ്ങള്‍ ഇങ്ങിനെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ സവിതക്ക് സംശയം, കയറി വരണമോ വേണ്ടയോ എന്ന്; അവസാനം സവിത തിരിഞ്ഞു വീട്ടിലേക്കോടി.

പിറ്റേ ദിവസം കണ്ടപ്പോള്‍ ആണ് സവിത സത്യാവസ്ഥ പറഞ്ഞത്; തലയില്‍ ഷാമ്പൂ തേച്ചു പിടിപിചിട്ടുണ്ടായിരുന്നു. പക്ഷെ തല കുളിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങിനെ തന്നെ കെട്ടി വെച്ചിട്ട് വന്നതായിരുന്നു. മഴ പെയ്തപ്പോള്‍ ഷാമ്പൂ അതിന്‍റെ പ്രവൃത്തി ചെയ്തു. അതാണ്  ഞങ്ങളെ പേടിപ്പിച്ചത്‌.  



.

Thursday, May 13, 2010

സ്കൈലാബും ബഹുലെയന്‍ മാഷും

എന്‍റെ മൂന്നാം ക്ലാസ്സിലെ ഒരു അനുഭവം. അപ്പോഴാണ് അമേരിക്ക ബഹിരാകാശത്തേക്ക് സ്കൈലാബ് വിക്ഷേപിച്ചത്. കുറച്ചു നാളുകള്‍ക്ക് ശേഷം പത്രങ്ങളിലെല്ലാം വാര്‍ത്ത‍ വന്നു; സ്കൈലാബിന്റെ  ഭ്രമണപഥം തെറ്റി; ഭൂമിയിലേക്ക്‌ തിരിച്ചു വീഴുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലോ പസഫിക് സമുദ്രത്തിലോ വീഴും. മലയാള പത്രങ്ങള്‍ എല്ലാം എഴുതിയിരുന്നത് സ്കൈലാബ് എന്തോ കേരളത്തില്‍ വീഴുന്ന മാതിരി ആയിരുന്നു. എല്ലാവരും ഭയന്നിരിക്കുകയായിരുന്നു. കാരണം അന്നത്തെക്കാലത്ത് സ്കൈലാബ് ഏതോ വന്‍ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. ഇന്നത്തെ പോലെ ടി വി ഇല്ലാത്ത കാലമല്ലേ അതിനാല്‍ സ്കൈലാബ് എങ്ങിനെയിരിക്കുമെന്ന് പോലും ആര്‍ക്കും അറിയില്ല. കുറെ നാളുകള്‍ അതിന്‍റെ ഭയത്തിലായിരുന്നു എല്ലാവരും. കാരണം സമുദ്ര തീരത്തിന് അടുത്തുള്ളവര്‍ക്കെല്ലാം എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ചിന്തയായിരുന്നു. 

മാസങ്ങള്‍ക്കുള്ളില്‍ വാര്‍ത്ത‍ വന്നു, സ്കൈലാബ് ഓസ്ട്രലിയ്ക്ക്  അടുത്തുള്ള പ്രദേശത്ത് വീണു. എല്ലാവര്‍ക്കും സമാധാനമായി. പത്രങ്ങളില്‍ എല്ലാം ഫോട്ടോ വന്നു - പക്ഷെ അന്നെല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ ആയിരുന്നല്ലോ. അതിനാല്‍ തന്നെ ആര്‍ക്കും ഒന്നും മനസ്സിലാകില്ലയിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ബഹുലെയന്‍ മാഷ്  വലിയൊരു വസ്തു എല്ലാ ക്ലാസ്സിലും കൊണ്ട് വന്നു കാണിച്ചു. രാവിലെ മാഷ് കൊണ്ടുവരുമ്പോള്‍ തന്നെ കുട്ടികളെല്ലാം മാഷിന്‍റെ പുറകെ ആയിരുന്നു. പറയെടുപ്പിനു ആന പോകുമ്പോള്‍ പുറകെ ആളുകള്‍ പോകുന്ന മാതിരി, മാഷ് ഓരോ ക്ലാസ്സില്‍ പോകുമ്പോഴും കുട്ടികള്‍ പുറകെ ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങളുടെ ക്ലാസ്സിലും എത്തി. സുശീല ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ബഹുലെയന്‍ മാഷ് എത്തി ക്ലാസ്സില്‍ ഈ വസ്തു  കാണിച്ചിട്ട് പറഞ്ഞു. "ഇത് പോലത്തെയാണ് സ്കൈലാബ്. ഇങ്ങിനെത്തെ ഒന്നാണ് ഓസ്ട്രലിയക്കു അടുത്ത് വീണത്‌".  ഇതെല്ലം കേട്ടപ്പോള്‍, കുട്ടികളായ ഞങ്ങളുടെ മനസ്സില്‍ സ്കൈലബിനെ ക്കുറിച്ച് ഉണ്ടായ ധാരണ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അപ്പോള്‍ ക്ലാസ്സിലെ രൂപേഷ് പറഞ്ഞു; "ഇത് ചെറായി അമ്പലത്തിലെ ഉത്സവത്തിന്‌ കിട്ടുന്ന ബലൂണ്‍ പോലെ ഇരിക്കുന്നല്ലോ"? ഇത് കേട്ടതും ബഹുലെയന്‍ മാഷ് "കളിയാക്കുന്നോട" എന്ന് പറഞ്ഞു രൂപേഷിന്റെ ചെവി പിടിച്ചു പൊന്നാക്കി കൊടുത്തു.

വര്‍ഷങ്ങള്‍ക്കു ശേഷമാണു മനസ്സിലാകുന്നത്‌ ബഹുലെയന്‍ മാഷ് കൊണ്ടുവന്നു കാണിച്ചത്‌ പൊട്ടിപ്പോയ വലിയൊരു യാത്രാ ബലൂണ്‍ മാത്രമായിരുന്നു എന്നത്. ഇപ്പോള്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
.

Wednesday, May 12, 2010

ഒരു ടാബ്ലോയുടെ ഓര്‍മ്മക്കുറിപ്പ്‌


1986-87 കാലഘട്ടം. ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ എയിഡ്സ്  രോഗം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയം. പേപ്പറില്‍ എവിടെ നോക്കിയാലും എയിഡ്സ് വാര്‍ത്തകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മഹാരോഗമായി പത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു.  ഞാന്‍ ആ സമയത്ത്  സഹോദരന്‍ മെമ്മോറിയല്‍ ഹൈ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു.

സ്കൂള്‍ വാര്‍ഷിക സമയത്ത് ഓരോ ക്ലാസ്സില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കുന്നു. ഞങ്ങളുടേത് ബോയ്സ് ഡിവിഷന്‍ ആയിരുന്നു. കര്‍ത്താ മാഷ് (ശ്രീ നാരായണന്‍ കുട്ടി കര്‍ത്താ) ആയിരുന്നു ക്ലാസ് ടീച്ചര്‍. അദ്ദേഹം പറഞ്ഞു; "എന്തെങ്കിലും പരിപാടി അവതരിപ്പിക്കടോ, നമ്മുടെ ക്ലാസ്സില്‍ നിന്നും ഒരെണ്ണം വേണ്ടേ?"

എല്ലാവരും ആലോചനയായി, ആലോചിച്ചു ആലോചിച്ചു വാര്‍ഷിക ദിനം എത്തി. എന്നിട്ടും പരിപാടി ആയില്ല. സുകുമാരന്‍ മാഷ് ആയിരുന്നു പരിപാടികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ബാലചന്ദ്രന്‍ (2003 ല്‍ മരിച്ചുപോയ എന്‍റെ ബാല്യകാല സുഹൃത്തും ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ചന്ദ്രമേനോന്‍ സാറിന്‍റെ മകനും) സുകുമാരന്‍ മാഷിനെക്കണ്ട്  ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിക്കും എന്ന് മാത്രം അറിയിച്ചു.  

പരിപാടികള്‍ തുടങ്ങിയിട്ടും ഞങ്ങള്‍  മാത്രം വെറുതെ ഇരിക്കുകയായിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും സുകുമാരന്‍ മാഷ് ചോദിക്കും; "എന്താ നിങ്ങള്‍ അവതരിപ്പിക്കുന്നത്‌? പരിപാടിയുടെ പേര് എന്താണ്?". ഓരോ പ്രാവശ്യവും പറയും; "ഇപ്പോള്‍ പറയാം മാഷേ". അവസാനം മാഷിന് ദ്വേഷ്യം വന്നു; "രണ്ടു പരിപാടി കൂടി കഴിയുമ്പോള്‍ നിങ്ങളുടെ ക്ലാസ്സിനെ വിളിക്കും, പറ്റുമെങ്കില്‍ വന്നു അവതരിപ്പിക്കൂ" 
അപ്പോള്‍ ഐഡിയ കിട്ടി. മാഷിനോട് പരിപാടിയുടെ പേര് പറഞ്ഞു, പേര് കേട്ടതും മാഷിന്റെ നെറ്റി ചുളിഞ്ഞു - പേര് ഇതായിരുന്നു - " ഈ നൂറ്റാണ്ടിന്‍റെ മഹാ രോഗം" 

മാഷ് വിളിച്ചു പറഞ്ഞു; " അടുത്ത പരിപാടി ഒമ്പതാം ക്ലാസ് ഡി അവതരിപ്പിക്കുന്നു - ഈ നൂറ്റാണ്ടിന്‍റെ മഹാ രോഗം"

എല്ലാവരും ആകാംക്ഷയോടെ, ശ്വാസമടക്കി സ്റ്റെജിലേക്ക് നോക്കിയിരുന്നു. സാവധാനം കര്‍ട്ടന്‍ പൊങ്ങി. ഏതാണ്ട് സൂചി വീണാല്‍ സ്വരം കേള്‍ക്കുന്ന മാതിരിയുള്ള നിശബ്ദത. എയിഡ്സ്നെപ്പറ്റി ഇവന്മാര്‍ എന്താണ് അവതരിപ്പിക്കുന്നതെന്നറിയാന്‍ എല്ലാവരും നോക്കിയപ്പോള്‍ കണ്ടത്; കുറേപ്പേര്‍ ഓലമടലും, വെള്ളക്കയും (മച്ചിങ്ങ), ശീമകൊന്നപ്പത്തലുമായി ക്രിക്കെറ്റ് കളിക്കുവാന്‍ നില്‍ക്കുന്ന ഒരു നിശ്ചല ദൃശ്യം ആയിരുന്നു. ഒരു മിനിട്ടിനുള്ളില്‍ കര്‍ട്ടന്‍ വീണപ്പോഴേക്കും  സദസ്സില്‍ നിന്നും കൂവല്‍ ഉയര്‍ന്നിരുന്നു.



.

Tuesday, May 11, 2010

നെട്ടുരെ, മെട്ടുരെ, ഫുട്ടുരെ പിന്നെ കല്‍ട്ടുരെയും

   
ബാബു ഹോം വര്‍ക്ക് ചെയ്തു പഠിക്കുകയായിരുന്നു. ഇംഗ്ലീഷ് ആയിരുന്നു വിഷയം. 

"എന്‍ എ ടി യു ആര്‍ ഇ  - നെട്ടുരെ". - (nature)

"എന്താടാ വായിക്കുന്നത് നെട്ടുരെ എന്നോ? നേച്ചര്‍ എന്നാണ്"

"ഇല്ല അപ്പച്ചാ മാഷ് അങ്ങിനെയാണ് പറഞ്ഞു തന്നത്", ബാബു മറുപടി നല്‍കി. വീണ്ടും പഠനം തുടര്‍ന്നു; "എന്‍ എ ടി യു ആര്‍ ഇ  - നെട്ടുരെ".

ബാബുവിന്റെ അപ്പച്ചന് ദ്വേഷ്യം വന്നു. എന്തായാലും നാളെയാകട്ടെ സ്കൂള്‍ വരെ ഒന്ന് പോകണം. രാവിലെ  അപ്പച്ചന്‍ സ്കൂളിലേക്ക് പുറപ്പെട്ടു. സ്കൂളില്‍ ബാബുവിനെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാഷിനെ കണ്ടു പറഞ്ഞു; "മാഷെ ഇന്നലെ അവന്‍ വായിച്ചു പഠിച്ചിരുന്നത് തെറ്റായിട്ടാണ്. നേച്ചര്‍ എന്നതിന് പകരം അവന്‍ നെട്ടുരെ എന്നാണ് വായിച്ചുകൊണ്ടിരുന്നത്".

അല്പം ആലോചിച്ച ശേഷം മാഷ് പറഞ്ഞു; "ഓഹോ ഇത് അവന്‍ മെട്ടുരെ ആകുമ്പോള്‍ പ്രശ്നമാണല്ലോ?"  - (mature)

അപ്പച്ചന് ദ്വേഷ്യം വന്നു, അദ്ദേഹം ഉടനെ പ്രിന്‍സിപ്പലിനെ കാണുവാന്‍ ചെന്നു. അദ്ദേഹം പറഞ്ഞു; "സര്‍, ഇവിടെ ഇംഗ്ലീഷ്  മാഷ് തെറ്റായിട്ടാണ് പഠിപ്പിക്കുന്നത്‌. നേച്ചര്‍ എന്നതിന് നെട്ടുരെ എന്നാണ് കുട്ടികള്‍ വായിക്കുന്നത്."

ഇത് കേട്ട പ്രിന്‍സിപ്പല്‍ തലയ്ക്കു കൈയും കൊടുത്തിരുന്നു; എന്നിട്ട് പറഞ്ഞു; "ഇത് ഭയങ്കര പ്രശ്നമാണല്ലോ; ഇത് ആ കുട്ടികളുടെ ഫുട്ടുരെയേ ബാധിക്കുമല്ലോ?" - (future)

അപ്പച്ചനു വന്ന ദ്വേഷ്യം എത്രത്തോളം ആയിരിക്കുമെന്ന് ഊഹിക്കാമല്ലോ? അദ്ദേഹം ആ വഴി പി ടി എ (PTA) പ്രസിഡന്റിനെ  കണ്ടു അധ്യാപകനും പ്രിന്‍സിപ്പലിനും എതിരെ ഒരു പരാതി എഴുതി കൊടുത്തു. പി ടി എ പ്രസിഡന്റ്‌ പറഞ്ഞു; "നമുക്ക് ഉടനെ ഒരു യോഗം വിളിച്ചു ഇത് ചര്‍ച്ച ചെയ്യാം". 

ഒരാഴ്ചക്കുള്ളില്‍ പി ടി എ യോഗം ചേര്‍ന്നു. യോഗത്തില്‍ ഭയങ്കര ചര്‍ച്ച നടന്നു. അവസാനം പി ടി എ യോഗത്തില്‍ ഒരു തീരുമാനം എടുത്തു; 

"ബാബുവിന്റെ അപ്പച്ചന്‍ നല്‍കിയിരിക്കുന്ന പരാതി ഈ യോഗം തള്ളിയിരിക്കുന്നു. സ്കൂളിലെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ നമ്മുടെ കല്‍ട്ടുരെക്ക് നിരക്കാത്തതാണ്."  - (culture)





.

Saturday, May 8, 2010

മേരി അമ്മായിയും പ്രേതവും

 

എന്‍റെ ചെറുപ്പ കാലത്തെ ഒരു സംഭവം. വീടിനടുത്ത്‌ ഒരു പ്രായമായ സ്ത്രീയുണ്ട്. ഞങ്ങള്‍ മേരി അമ്മായി എന്നാണ് വിളിച്ചിരുന്നത്‌. അവരായിരുന്നു ഞങ്ങളുടെ തെക്കേ വീട്ടില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്നത്. മുറുക്കിത്തുപ്പി ആരെയും ഭയമില്ലാതെ ഏതു പാതിരാത്രിക്കും അല്പം വാട്ടീസും (വാറ്റിക്കിട്ടുന്നത്) അകത്താക്കി നടക്കുമ്പോള്‍ പിന്നെ ആരെയാണ് ഭയം.

ഞങ്ങളുടെ വീടും ഈ മേരി അമ്മായിയുടെ വീടും തമ്മില്‍ ഏകദേശം അര കിലോമീറ്റര്‍ ദൂരമുണ്ട്. ഇടയ്ക്കു ഒരു പറമ്പാടി മഠം ഉണ്ട്. പറമ്പാടി മഠം കഴിഞ്ഞാല്‍പ്പിന്നെ ജനവാസം ഇല്ലാത്ത ഒരു  പ്രദേശമാണ്. പണ്ട് ആരോ അവിടെയുള്ള മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചിട്ടുണ്ടെന്നും മരിച്ചയാളുടെ പ്രേതം ഇടവഴിയില്‍ പലരും കണ്ടിട്ടുണ്ടെന്നും   ഉള്ള വാര്‍ത്തകള്‍ അന്നുകാലത്ത്‌ ധാരാളമായിരുന്നു.  പൊളിഞ്ഞു കിടക്കുന്ന വേലികളും  ധാരാളം കുറ്റിച്ചെടികളും ഉയര്‍ന്ന മരങ്ങളും  പാമ്പും പഴുതാരയും പോലുള്ള  ഇഴ ജന്തുക്കളും വവ്വാല്‍, കാലന്‍ കോഴി (ഞങ്ങളുടെ നാട്ടു ഭാഷയില്‍ തച്ചന്‍ കോഴിയും), നത്തും ഒക്കെ  ഉള്ള സ്ഥലവും  തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇടവഴിയും. പറമ്പാടി  മഠം ആണെങ്കില്‍ പട്ടികളുടെ ഒരു വിഹാര കേന്ദ്രവും.  പകല്‍ പോലും ഒറ്റയ്ക്ക് ഇതിലെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഭയമാണ്. രാത്രിയാണെങ്കില്‍ ചൂട്ടും കത്തിച്ചാണ് ഇതിലൂടെ സഞ്ചാരം.  ഇങ്ങിനെയുള്ള ഈ വഴിയിലുടെ യാത്ര ചെയ്യുന്ന മേരി അമ്മായിയുടെ ധൈര്യം ഊഹിക്കാമല്ലോ?

ഒരു ദിവസം രാത്രി വഴിയില്‍ നിന്നും  ഒരു സ്ത്രീയുടെ കരച്ചില്‍  ഉയര്‍ന്നു; ഇത് കേട്ട പാതി, എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി. ഇന്നത്തെ പോലെ മതിലും ഗേറ്റും ഇല്ലാത്ത വീടുകള്‍ ആയതിനാല്‍  ഒന്ന് ഒച്ചയിട്ടാല്‍ എല്ലാവരും ഓടിക്കൂടുമായിരുന്നു മാത്രമല്ല പരസ്പര സഹകരണം അന്ന് വളരെ കൂടുതലായിരുന്നു. (ഇന്നല്ലേ അതൊന്നും ഇല്ലാത്തത്). ഒച്ച കേട്ട സ്ഥലത്തേക്ക് എല്ലാവരും ചൂട്ടും പന്തങ്ങളും കത്തിച്ചു  ഓടിച്ചെന്നപ്പോള്‍ നിന്ന് വിറയ്ക്കുന്ന മേരി അമ്മയിയെയാണ് കണ്ടത്. കുട്ടികളായ ഞങ്ങള്‍ വാല് പോലെ മുതിര്‍ന്നവരുടെ പിന്നില്‍ ഉണ്ടായിരുന്നു. പേടിച്ചു വിറച്ച മാതിരി മേരി അമ്മായി പറഞ്ഞു; "അവിടെ ഒരു പ്രേതം" എന്ന് പറഞ്ഞു ഇരുട്ട് നിറഞ്ഞ ആ വഴിയിലേക്ക് ചൂണ്ടിക്കാണിച്ചു. എല്ലാവര്‍ക്കും ഭയമായി. "എന്നെ കൈ കാണിച്ചു  വിളിച്ചു. ഞാന്‍ ഓടുകയായിരുന്നു." എല്ലാവര്‍ക്കും ഭയമായി. 

കൂട്ടത്തില്‍ അല്പം ധൈര്യം ഉണ്ടായിരുന്നത് പാലു ചേട്ടന്  മാത്രമായിരുന്നു. പാലു ചേട്ടന്‍ അഞ്ചാറ് ചൂട്ടു കറ്റകള്‍ കൂട്ടിക്കെട്ടി വലിയ പന്തം ഉണ്ടാക്കി. അതും കത്തിച്ചു മുന്നോട്ടു നീങ്ങിയ പാലു ചേട്ടന് പിന്നാലെ ഒരു ജാഥ പോലെ എല്ലാവരും. പിന്നാലെ ഞങ്ങളും. അവസാനം മേരി അമ്മായി പറഞ്ഞ സ്ഥലത്തെത്തി. "അതേ അതു തന്നെ" ഒരാളെ പ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന എന്തോ ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മായി പറഞ്ഞു. പ്രേതത്തിനു നേരെ  പാലു ചേട്ടന്‍ പന്തം നീട്ടി വീശി. ആകാംക്ഷയോടെ, ഭയത്തോടെ എല്ലാവരും പ്രേതത്തെ എത്തി നോക്കി. അതു പ്രേതം ആയിരുന്നില്ല, മറിച്ചു പറമ്പാടി മഠത്തില്‍ നിന്നിരുന്ന ഒരു വാഴയില കാറ്റത്തു നിന്നും ആടുകയായിരുന്നു.



.

Tuesday, May 4, 2010

നമ്പൂതിരിയും ചെറായി അമ്പലത്തിലെ ഉത്സവവും


ഞങ്ങളുടെ അടുത്തുള്ള  ചെറായി ശ്രീ ഗൌരീശ്വര അമ്പലത്തിലെ ഉത്സവം പല കാര്യങ്ങള്‍ കൊണ്ടും വളരെ പ്രസിദ്ധമാണ്. ഏറണാകുളം ജില്ലയിലെ ഏറ്റവും കുടുതല്‍ ആനകള്‍ അണി നിരക്കുന്നതു കൊണ്ടും ശ്രീ നാരായണ ഗുരുവിനാല്‍ പ്രതിഷ്ടിതമായതിനാലും പളനി സുബ്രമണ്യന്റെ കാവടി കൊണ്ടും - പിന്നെ പണ്ട് കാലത്തുള്ള ക്ഷേത്രമയതിനാലും. ധാരാളം ആളുകള്‍ ദൂരദേശങ്ങളില്‍ നിന്നും ഉത്സവത്തിന്‌ വന്നു കൊണ്ടിരുന്നു. അന്ന് ചെറായിയില്‍  മാത്രമായിരുന്നു വൈപ്പിന്‍ കരയെ ബന്ധിപ്പിക്കുന്ന പാലം ഉണ്ടായിരുന്നത്. മാത്രമല്ല പകല്‍പ്പൂരം ആരംഭിച്ചാല്‍ ദ്വീപില്‍ ആകെയുള്ള വൈപ്പിന്‍ മുനമ്പം റോഡ്‌ ചെറായി മുതല്‍ അയ്യമ്പിള്ളി വരെ  ബ്ലോക്കും ആയിരിക്കും. അന്നെല്ലാം ഉത്സവം കൂടുവാന്‍ ദൂരെ നിന്നുള്ള ആളുകള്‍ വന്നാല്‍ മിക്കവാറും ആ പ്രദേശത്തുള്ള ഏതെങ്കിലും വീട്ടില്‍ പേയിംഗ് ഗസ്റ്റ് മാതിരി തങ്ങുമായിരുന്നു. അന്നത്തെ ആളുകള്‍ അതു അനുവദിക്കുകയും ചെയ്തിരുന്നു.

അങ്ങിനെ ഏകദേശം പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാലം. ഒരു നമ്പൂതിരി പാലക്കാടു നിന്നും ഉത്സവം കാണാനെത്തി. പകല്‍പ്പൂരവും വെടിക്കെട്ടും കഴിഞ്ഞപ്പോള്‍ നേരം  പാതി രാത്രിയാകരായി. നമ്പൂതിരിക്കാനെങ്കില്‍ തിരികെ പോകുവാന്‍ കഴിയുകയുമില്ലല്ലോ. അതിനാല്‍ അദ്ദേഹം അടുത്തുള്ള ഒരു വീട്ടില്‍ കയറി. വീട്ടുടമ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. 

നമ്പൂതിരി ചോദിച്ചു; "ഇവിടെ ഒന്ന് അന്തിയുറങ്ങാന്‍ സ്ഥലം കിട്ടുമോ?"

ഉടമസ്ഥന്‍ പറഞ്ഞു; "ക്ഷമിക്കണം നമ്പൂരിച്ച; ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ട് അതിനാല്‍ വേറെ സ്ഥലം നോക്കുക."

നമ്പൂതിരി അടുത്ത വീട്ടില്‍ ചെന്നു, അവിടെയും അതു തന്നെയായിരുന്നു പ്രതികരണം. നമ്പൂതിരിക്ക് വിഷമമായി. ഏതായാലും അടുത്ത വീട്ടില്‍ ചെന്നു നോക്കാം. അദ്ദേഹം അടുത്ത വീട്ടില്‍ ചെന്നു. വീട്ടുകാര്‍ വാതില്‍ അടച്ചു ഉറക്കമായിരുന്നു. അദ്ദേഹം വാതില്‍ക്കല്‍ മുട്ടി, വീട്ടുകാരന്‍ എഴുന്നേറ്റു വന്നു ചോദിച്ചു, 

"എന്തുവേണം?" 

വീട്ടുകാരന്റെ പ്രതികരണം പഴയ വീട്ടുകാരന്റെ പോലെ ആയിരിക്കുമെന്ന്  വിചാരിച്ചു  നമ്മുടെ നമ്പൂതിരി അവരെ ബുദ്ധി മുട്ടിക്കേണ്ട എന്ന് കരുതി ചോദിച്ചു, 

"ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ടോ?"

വീട്ടുകാരന്‍; "ഉണ്ടല്ലോ; എന്താ കാരണം?"

ശുദ്ധനായ നമ്പൂതിരി പറഞ്ഞു; "ഒന്ന് അന്തിയുറങ്ങാന്‍ ആയിരുന്നു."

ഇതുകേട്ടതും വീട്ടുകാരന്റെ കൈ നമ്പൂതിരിയുടെ പുറത്തു വീഴുന്ന ശബ്ദം ഉയര്‍ന്നു. അതാകട്ടെ അമ്പലത്തില്‍ പൊട്ടിയ അമിട്ടിനെക്കളും ശബ്ദം കൂടിയതായിരുന്നു.




.

Saturday, May 1, 2010

സംസാരവും சம்சாரவும்


1997-2000 ത്തിലാണ് സംഭവം നടക്കുന്നത്. ഞാന്‍ ആ സമയത്ത് കൊയംബത്തുരില്‍ ജോലി ചെയ്യുന്നു. സ്ഥലം തമിഴ്നാട്‌ ആണെങ്കിലും മലയാളി അച്ചന്മാര്‍ ആയിരുന്നു മിക്കവാറും എല്ലാ പള്ളികളിലും. (എല്ലായിടത്തും മലയാളികളെ കാണാമല്ലോ).

കൊയംബത്തുരിലെ പെരിയനായിക്കാന്‍ പാളയം (ആണെന്ന് തോന്നുന്നു) പള്ളിയില്‍ പുതുതായി ഒരു മലയാളി വൈദികന്‍ ചാര്‍ജെടുത്തു. അദ്ദേഹത്തിന് തമിഴ് ഒട്ടും അറിയില്ലായിരുന്നു. പക്ഷെ അവിടെ ഭൂരിഭാഗം പേരും തമിഴും മലയാളവും ഇടകലര്‍ത്തി പറഞ്ഞിരുന്നു. അവിടുത്തെ ഒരു പ്രധാന വ്യക്തിയായിരുന്നു ജോസഫ്‌ അണ്ണന്‍. പാതി തമിഴനും പാതി മലയാളിയും. അദ്ദേഹമായിരുന്നു അവിടുത്തെ ഇടവക കൌണ്‍സിലിന്റെ കുറെ വര്‍ഷങ്ങള്‍ ആയുള്ള പ്രസിഡന്റ്‌. വര്‍ഷങ്ങള്‍ ഒരേ സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചില തിരിമറികള്‍ ചെയ്യുന്നത് സ്വാഭാവികമാണല്ലോ? അതിനാല്‍ത്തന്നെ ഇദ്ദേഹത്തിനെതിരെ കുറെ ആളുകള്‍ പുതിയ അച്ചന്‍റെ പക്കല്‍ പരാതി പറഞ്ഞു. അച്ചന്‍ അതെല്ലാം അന്വേഷിക്കാമെന്ന് ഏറ്റു. 

അച്ചന്‍ അന്വേഷിച്ചപ്പോള്‍ കുറെ ക്രമക്കേടുകള്‍ കണ്ടെത്തി. അദ്ദേഹം അതെല്ലാം പ്രത്യകം നോട്ട് ചെയ്തു, ഇടവക കൌണ്‍സില്‍ വിളിച്ചു കൂട്ടി. കൌണ്‍സിലില്‍ വെച്ചു അച്ചന്‍ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞു. ഉടനെ പല ആളുകളും ജോസഫ്‌ അണ്ണന്‍ രാജി വെക്കണം പുതിയ ആളെ തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ടു. അണ്ണനും അംഗങ്ങളും തമ്മില്‍ പ്രശ്നമായപ്പോള്‍ അച്ചന്‍ അണ്ണനോട് പറഞ്ഞു; "താങ്കള്‍ രാജി വെക്കണം"

" ഇല്ല ഇത് മുടിയാത് "  (ഇത് നടക്കില്ല) - എന്ന് പറഞ്ഞു അണ്ണന്‍ . മാത്രമല്ല കുറച്ചു പേര്‍  പറഞ്ഞത് കേട്ട് തനിക്കെതിരെ അന്വേഷണം നടത്തിയ അച്ചനെതിരെ അണ്ണന്‍ പ്രതികരിച്ചു. ഇത് ഒരു വാഗ്വാദത്തിലേക്ക് വഴിവെച്ചു. അവസാനം അച്ചന്‍ പറഞ്ഞു;  "തന്‍റെ സംസാരം ശരിയല്ല."

ഇത് കേട്ടതും അണ്ണന്‍ ചാടി എഴുന്നേറ്റു അച്ചനോട് ചോദിച്ചു;   "എന്‍റെ സംസാരം ശരിയല്ലയെന്നു അച്ചനോട് ആരു പറഞ്ഞു?"

അച്ചന്‍ ഭയലെശമന്യേ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു; "തന്‍റെ സംസാരം ഒട്ടും ശരിയല്ല"

ഇത് കേട്ടതും അണ്ണന്‍ അച്ചനെ തല്ലുവാനായിട്ടു ചെന്നു, മറ്റുള്ളവര്‍ കയറിപ്പിടിച്ചു സംഭവം തീര്‍പ്പാക്കി. 

ഇതിനെല്ലാം സാക്ഷിയായ ഒരംഗം അച്ചനോട് ചെവിയില്‍ പറഞ്ഞു; "അച്ചാ, ഇവിടെ സംസാരം എന്ന് പറഞ്ഞാല്‍ ഭാര്യ എന്നാണര്‍ത്ഥം". ഇത് കേട്ടതും അച്ചനുണ്ടായ മാനസിക അവസ്ഥ ഊഹിക്കാമല്ലോ?





.