Monday, June 21, 2010

Coimbatore - ചില കോയമ്പത്തൂര്‍ വിശേഷങ്ങള്‍

എന്‍റെ ഇപ്രാവശ്യത്തെ പോസ്റ്റ്‌ വായിക്കണമെങ്കില്‍ നിങ്ങള്‍ എന്‍റെ വെബ്‌സൈറ്റില്‍ കയറിയേ പറ്റൂ.. (വാശിയല്ലട്ടോ)

ഇതില്‍ ക്ലിക്ക് ചെയ്യുക




.

Saturday, June 12, 2010

ഷൊര്‍ണൂര്‍ വികൃതികള്‍ - ഭാഗം രണ്ട്


എന്‍റെ നാടായ ചെറായിയും ഷൊര്‍ണൂര്‍ ഉം തമ്മില്‍ പ്രാദേശികമായ പല വ്യത്യാസങ്ങള്‍ ഉണ്ട്. എന്‍റെ നാട്ടിലെല്ലാം തെങ്ങിന്‍റെ ഉണങ്ങിയ ഓല വീണാല്‍ മിക്കവാറും എടുത്തു കത്തിക്കുകയാണ് പതിവ്. പിന്നെ പച്ച ഓല ആണെങ്കില്‍  തേങ്ങ ഇടുന്ന സമയത്ത് കുറച്ചു വെട്ടി വീഴ്ത്തും. പിന്നെ അത് കൊണ്ട് പല പ്രയോജന പ്രദമായ പല വസ്തുക്കളും ഉണ്ടാക്കും (ഉദാഹരണത്തിന് ഈര്‍ക്കില്‍ എടുത്തു ചൂലും, വെള്ളത്തില്‍ ഇട്ടു അല്പം മയമാകുമ്പോള്‍ എടുത്തു മെടഞ്ഞു വേലി കെട്ടുവാനും മറ്റും ഉപയോഗിക്കും). പക്ഷെ, ഞാന്‍ വടക്കന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഷൊര്‍ണൂര്‍ പ്രദേശങ്ങളില്‍ കൂടുതല്‍ കണ്ടത്, തെങ്ങിന്‍റെ ഓലയോ മടലോ വീണാല്‍ അത് അവിടെത്തന്നെ കിടന്നു അതിനു വീണ്ടും വളമായി മാറുന്നതാണ്. 

ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം നോക്കുക (താഴെയുള്ള ചിത്രം ശ്രദ്ധിക്കുക)

നല്ലൊരു തെങ്ങിന്‍ തോപ്പിനുള്ളിലായിരുന്നു ഞങ്ങളുടെ വീട് സ്ഥിതി ചെയ്തിരുന്നത്.  മാത്രമല്ല തെങ്ങുകള്‍ക്കിടയില്‍ ഇടവിളയായി വാഴയും. ഈ തെങ്ങുകളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് തേങ്ങ വീഴുമായിരുന്നു. വല്ലപ്പോഴും മാത്രമേ തെങ്ങ് കയറ്റം ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ഉള്ള സമയമാണെങ്കില്‍ ആദ്യം പോയി ആ തേങ്ങ എടുത്തു അടുക്കളയില്‍ ഒളിച്ചു വെയ്ക്കും. വീട്ടുടമയുടെ ഒരു പണിക്കാരന്‍ ദിവസവും രാവിലെ തോപ്പിലുടെ റോന്തു ചുറ്റും. അധികം തേങ്ങ വീഴുന്ന ദിവസം ഒന്നോ രണ്ടോ ഞങ്ങള്‍ എടുക്കില്ല - സത്യസന്ധരനെന്നു കാണിക്കുവാന്‍ വേണ്ടി, ബാക്കിയെല്ലാം ഉള്ളില്‍ എടുത്തു വെയ്ക്കും. അതെടുത്തു കറിയില്‍ ഇട്ടും മറ്റു പല തരം പലഹാരങ്ങള്‍ ഉണ്ടാക്കിയും തീര്‍ക്കുമായിരുന്നു. മണ്ണെണ്ണ  സ്ടൌവ് ആണ് ഞങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരുന്നത്.  പക്ഷെ ഒരു പ്രശ്നം ഉണ്ടായിരുന്നു, പൊതിച്ച തേങ്ങയുടെ മടലും ചിരട്ടയും ഒളിച്ചു വെയ്ക്കുന്നത്. അവസാനം ഒരു സ്ഥലം കണ്ടെത്തി, ഞങ്ങള്‍ക്ക് മുന്‍പേ താമസിച്ചിരുന്നവര്‍ ഈ വസ്തുക്കള്‍ ഒളിച്ചു വെച്ചിരുന്ന സ്ഥലം - അടുക്കളയിലെ ഒരു മച്ചിന്‍ പുറം. 


വാഴക്കുല അങ്ങിനെ തന്നെ എടുക്കുന്നത് റിസ്ക്‌ ആയതിനാല്‍, പഴുത്തിരിക്കുന്ന പഴം മാത്രം ഓരോരുത്തര്‍ ഊഴമനുസരിച്ച് എടുത്തു തിന്നിരുന്നു.   

മിക്കവാറും ദിവസം തേങ്ങ ഉപയോഗിച്ച് കഴിഞ്ഞാല്‍ അതിന്‍റെ ചിരട്ടയും മടലും നേരെ മച്ചിന്‍ പുറത്തേക്കു  ഒരു ഏറു ആണ്.

ഒരു വാര്‍ഷിക അവധി കഴിഞ്ഞു ഓരോരുത്തരും എത്തുന്ന സമയം. ആദ്യം എത്തുന്നത്‌ തിരുവല്ലയില്‍ നിന്നും കുര്യനും അരുണും  ആയിരിക്കും, ഞങ്ങള്‍ പിറ്റേ ദിവസവും. രാവിലെ പോളിയില്‍ എത്തിയപ്പോള്‍ കുര്യന്‍ പറഞ്ഞു, "കാര്യം കുഴപ്പമാണ്, വീട്ടുടമ  തേങ്ങ മടലും ചിരട്ടയും കണ്ടെടുത്തു. ഭയങ്കര പ്രശ്നമാണ്" 
എല്ലാവരും ഉച്ചക്ക് ബ്രേക്ക്‌ ടൈമില്‍ തല പുകഞ്ഞു ആലോചന തുടങ്ങി. വൈകുന്നേരം റൂമില്‍ എത്തി ഡ്രസ്സ്‌ മാറിക്കഴിഞ്ഞപ്പോള്‍ അതാ വീട്ടുടമ എല്ലാവരെയും പേര് ചൊല്ലി വിളിക്കുന്നു. ഓരോരുത്തരായി മാളികപ്പുറത്ത് നിന്നും താഴേക്കിറങ്ങി - കുര്യന്‍, തിരുവാങ്കുളം സ്വദേശി വര്‍ഗീസ്‌  ബാബു, തൃപ്രയാര്‍ സ്വദേശി സന്തോഷ്‌, പറവൂര്‍ സ്വദേശി ഉണ്ണി കൃഷ്ണന്‍, ഞാന്‍ പിന്നെ മറ്റൊരു തിരുവല്ല സ്വദേശി അരുണ്‍. എല്ലാവരും പോലീസ് സ്റ്റേഷനില്‍ പ്രതികളെപ്പോലെ നില്പായി. വീട്ടുടമ പറഞ്ഞു, "എന്‍റെ പണിക്കാരന്‍ നിങ്ങളുടെ തേങ്ങ മടലുകള്‍ എണ്ണി, രണ്ടായിരത്തി ഇരുന്നൂറു എണ്ണം ഉണ്ടായിരുന്നു. എനിക്കിതിന്റെ കാശു നിങ്ങള്‍ തരണം ഇല്ലെങ്കില്‍ നാളെ വേറെ വീട് നോക്കിക്കൊള്ളു."

എല്ലാവരും എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി, ആ സമയം സന്തോഷ്‌ വിളിച്ചു, "സര്‍", സന്തോഷ്‌ പറഞ്ഞു തുടങ്ങി, "എന്താ ഈ പറയുന്നത്? സര്‍ ഇത്ര വിദ്യാഭ്യാസവും ബുദ്ധിയും കേന്ദ്ര സര്‍ക്കാരില്‍ ജോലി ചെയ്ത ആളുമല്ലേ? ഞങ്ങള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളല്ലേ  ആയുള്ളൂ? ഇത്രയും നാളില്‍ ഒരു ദിവസം അഞ്ചെണ്ണം വീതം എടുത്തു ഉപയോഗിച്ചാല്‍ പോലും ഇത്രയും വരികയില്ലല്ലോ? സര്‍ ഒന്ന് കണക്കു കൂട്ടി നോക്ക്."

ഇത് കേട്ടതും, അദ്ദേഹം ആലോച്ചനയിലണ്ട് അതിനുശേഷം അദ്ദേഹം പറഞ്ഞു, "നിങ്ങള്‍ സത്യസന്ധമായി പറഞ്ഞത് കൊണ്ട് ഞാന്‍ ഇപ്രാവശ്യം ക്ഷമിക്കുന്നു. ഇനി മേലില്‍ ഇങ്ങിനെ ചെയ്യരുത്." 

ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം പോയി. ഞങ്ങള്‍ പിടിച്ചു പൊട്ടി വന്ന ചിരി പിടിച്ചു വെച്ചു കൊണ്ട് കോവണി കയറി മുകളിലേക്കും. 

പിറ്റേ ആഴ്ച മുതല്‍ ഉണങ്ങിയ തേങ്ങ മടല്‍ അടുപ്പില്‍ കത്തിക്കുവാന്‍ വേണ്ടിയും ഞങ്ങള്‍ ഉപയോഗിച്ച് തുടങ്ങി.   





.

ഷൊര്‍ണൂര്‍ വികൃതികള്‍ - ഭാഗം ഒന്ന്


ഷൊര്‍ണൂരില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിനെക്കുറിച്ചു ഞാന്‍ എഴുതിയിട്ടുണ്ടല്ലോ - (വായിക്കാത്തവര്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ മതി). ഗേറ്റിനു മുന്നില്‍ രണ്ടു ബോര്‍ഡുകള്‍  ഉണ്ട് - നായയെ സൂക്ഷിക്കുക എന്നും  മായ വിഹാര്‍ എന്നും. അവിടുത്തെ വീട്ടുടമ എന്നും രാത്രി ഒന്‍പതു മണിക്ക് ഗേറ്റ് അടക്കും. അടക്കുക എന്ന് പറഞ്ഞാല്‍ താഴിട്ടു പൂട്ടിയിരിക്കും. മാത്രമല്ല ഒരു ഒട്ടും മെരുക്കമില്ലാത്ത നായയും അവിടെയുണ്ട്, അതിനെയും അഴിച്ചു വിട്ടിരിക്കും (ഒട്ടും മെരുങ്ങാത്തത്  എന്നുദ്ദേശിച്ചത് ഞങ്ങള്‍ പല പ്രാവശ്യം ഭക്ഷണം കൊടുത്തിട്ട് പോലും ഒരു നന്ദിയും കാണിക്കാത്ത നായ ആയതുകൊണ്ടാണ്). അതിനാല്‍ ഒന്‍പതു മണി കഴിഞ്ഞാല്‍ മിക്കവാറും പടിഞ്ഞാറെ പാടത്തു കൂടി നായ കാണാതെയാണ് വീട്ടില്‍ എത്താറുള്ളത്.  ഞങ്ങള്‍ ഇന്ന് അല്പം വൈകിയേ വരികയുള്ളു എന്ന് പറഞ്ഞാലോ, അന്നു എട്ടര മണിക്കേ ഗേറ്റ് പൂട്ടിയിരിക്കും. 

ഒരു മാര്‍ച്ച്‌ അവസാന വാരം, ഇത് പോലെ സിനിമക്ക് പോയപ്പോള്‍ ഉടമസ്ഥനോട് പറഞ്ഞിട്ട് പോയി, ഞങ്ങള്‍ ഇന്ന് ഒന്‍പതര മണിയാകും വരുവാന്‍, അതിനാല്‍ ഗേറ്റ് അല്പം വൈകി അടച്ചാല്‍ മതി. ശരി ശരി എന്നും പറഞ്ഞു അദ്ദേഹം പോയി. ഒമ്പതെ കാല്‍ മണിയോടെ ഞങ്ങള്‍ തിരിച്ചെത്തി. പക്ഷെ, കണ്ടതോ - ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു.  എല്ലാവര്‍ക്കും വന്ന ദ്വേഷ്യത്തിനു കണക്കില്ല, കൂട്ടത്തിലുണ്ടായ കുര്യന്‍ ജെക്കെബ് (മോന്‍സി) ഒരു പണി പറ്റിച്ചു - ഗേറ്റ് ലെ ബോര്‍ഡില്‍ അല്പം മാറ്റങ്ങള്‍ വരുത്തി. പിറ്റേ ദിവസം, രാവിലെ കണി കണ്ടുണരുന്നതു കലിയും തുള്ളി നില്‍ക്കുന്ന വീട്ടുടമയെ. "ഗേറ്റ് അടച്ചതിനു നിങ്ങള്‍ പകരം വീട്ടുകയാണോ?" അദ്ദേഹം അലറുകയായിരുന്നു.

"എന്താ സംഭവിച്ചത്?" - ഞങ്ങള്‍ ഒരുമിച്ചു ചോദിച്ചു, "എന്താ സംഭവിച്ചതെന്നോ? ഇന്നലെ ഗേറ്റ് അടച്ചതിനു നിങ്ങള്‍ എന്‍റെ വീടിന്‍റെ പേര് മാറ്റി കളഞ്ഞല്ലേ? മായ വിഹാര്‍ എന്ന പേര് നിങ്ങള്‍ നായ വിഹാര്‍ എന്നും നായയെ സൂക്ഷിക്കുക എന്നത് മായയെ സൂക്ഷിക്കുക എന്നും ആക്കിയല്ലേ? മായ എന്‍റെ മകളാണ്"
"ഞങ്ങള്‍ അല്ല സര്‍", കുര്യന്‍ ചാടി പറഞ്ഞു, "ഇന്ന് ഏപ്രില്‍ ഫൂള്‍ ആയതിനാല്‍ ഏതോ വികൃതികള്‍ ചെയ്തതാണ് സര്‍. ഞങ്ങള്‍ അങ്ങിനെ ചെയ്യുമോ?"

വീട്ടുടമ അല്പം ആലോചിച്ചു, പിന്നെ കോപം അടക്കി സാവധാനം വീട്ടിലേക്കു മടങ്ങി. ഞങ്ങള്‍ അമര്‍ത്തിപ്പിടിച്ച ചിരിയോടെ റൂമിലേക്കും.

 
.