Friday, July 30, 2010

ഫാ. റാഫേല്‍ ഒളാട്ടുപുറം - അറിയപ്പെടാത്ത ഒരു മുഖം.

ഫാ റാഫേല്‍ ഒളാട്ടുപുറം 
പള്ളിപ്പുറത്തിനു ഒരു നഷ്ടം കൂടി - അഭിവന്ദ്യ മോണ്‍സിഞ്ഞോര്‍  റാഫേല്‍ ഒളാട്ടുപുറം. കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനും രൂപതയുടെ പ്രഥമ ചാന്‍സലറുമായിരുന്നു മോണ്‍. റാഫേല്‍ ഒളാട്ടുപുറം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത് വയസ്സായിരുന്നു.


ദീര്‍ഘകാലം കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പലായും മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം സെന്‍റ്  ആല്‍ബര്‍ട്‌സ് കോളേജില്‍ 17 വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായും പിന്നീട് മാനേജരായും പ്രവര്‍ത്തിച്ചു.

മുനമ്പം പള്ളിപ്പുറത്ത് ഒളാട്ടുപുറം മാത്യു - അന്നമ്മ ദമ്പതിമാരുടെ മകന്‍ ആയിട്ടാണ് ജനിച്ചത്‌. ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തീകരിച്ച് 1960ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1987ല്‍ കോട്ടപ്പുറം രൂപത രൂപവത്കൃതമായതോടെ പ്രഥമ ചാന്‍സലറാകുകയും തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, എറിയാട് ഫാത്തിമ മാതാ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കോട്ടപ്പുറം രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തു.

മുകളില്‍ എഴുതിയിരിക്കുന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. ഇനി അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍:

കോട്ടപ്പുറം രൂപതയുടെ  കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ടത് ഫാ. റാഫേല്‍ ഒളാട്ടുപുറം ആയിരുന്നു. പക്ഷെ ഉദ്യോഗ നിയമനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ (സംഭാവന എന്ന ഓമനപ്പേരില്‍) വാങ്ങുവാന്‍ രൂപതയിലെ സമിതി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു വൈദികന്‍ അദ്ദേഹം മാത്രമായിരുന്നു. മാത്രമല്ല ഭൂരിപക്ഷ തീരുമാനം മാനിച്ചു കോഴ 2 ലക്ഷം ആക്കി നിജപ്പെടുത്തിയപ്പോള്‍, മാനേജര്‍ സ്ഥാനം ഉപേക്ഷിച്ചു രൂപതാ മെത്രാനില്‍ നിന്നും ഒരു കൊച്ചു ഇടവകയുടെ വികാരി ആയി ഒതുങ്ങിക്കൂടുവാന്‍ അദ്ദേഹം തീരുമാനിച്ചു.  ഒരു ഒറ്റപ്പെടല്‍. അങ്ങിനെ കൊടുങ്ങല്ലൂര്‍ മേഖലയിലെ, ഏകദേശം 50 ഓളം ക്രൈസ്തവ കുടുംബങ്ങളുള്ള എറിയാട് ഇടവക അദ്ദേഹം തെരഞ്ഞെടുത്തു.

ഭൂരിഭാഗവും ദിവസക്കൂലിക്ക് പണിക്കു പോകുന്നവര്‍. ചുറ്റും മുസ്ലിം ഹൈന്ദവ കുടുംബങ്ങള്‍. അദ്ദേഹം അവിടെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിഷയത്തിനു ടുഷെന്‍ കൊടുത്തു. ക്രിസ്തവരെന്നോ, ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹം കാണിച്ചില്ല. ഗണിത ശാസ്ത്രത്തില്‍  നല്ല പരിചയം ഉള്ളത് കൊണ്ട് അതും നല്‍കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക്‌ മനസ്സിലായി അച്ചന്‍റെ ട്യുഷേന്റെ ഗുണം. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്ക് കുട്ടികള്‍ക്ക് ലഭിക്കുന്നത് കണ്ടപ്പോള്‍ അവര്‍ അദ്ദേഹത്തോട് മറ്റു വിഷയങ്ങളിലും ട്യുഷേന്‍ നല്‍കുവാന്‍ അഭ്യര്‍ഥിച്ചു.  ഇതിനായി അദ്ദേഹം നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു.  ഓരോ കുടുംബങ്ങളില്‍ നിന്നും മാസത്തില്‍ ഒരു ചെറിയ തുക പിരിച്ചെടുത്തു, കൂടുതല്‍ ചെറുപ്പക്കാരെ ട്യുഷേന്‍ എടുക്കുവാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠനം അപ്പോഴും സൗജന്യമായിരുന്നു.  മക്കളെല്ലാം നല്ല മാര്‍ക്കോടെ വിജയിക്കുന്നത് കണ്ടപ്പോള്‍ കൂടുതല്‍ ആളുകള്‍ സഹകരണവുമായി വന്നു സഹായിച്ചപ്പോള്‍ അദ്ദേഹം ഒരു ഫണ്ട്‌ രൂപികരിച്ചു അത് ഇടവകയുടെ പേരില്‍ ഇട്ടു, അതില്‍ നിന്നും ക്ലാസ് എടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ വീക്ഷണം ഇങ്ങിനെയായിരുന്നു - വിദ്യാഭ്യാസം നല്‍കി നല്ലൊരു സമൂഹത്തെ ശക്തിപ്പെടുത്തി വാര്‍ത്തെടുക്കുക.

അങ്ങിനെ ഇരിക്കുമ്പോള്‍ രൂപതയിലെ അച്ചന്മാരുടെ സ്ഥലം മാറ്റം - അദ്ദേഹം കോട്ടപ്പുറം കത്തീഡ്രല് വികാരി ആയി നിയമിക്കപ്പെട്ടു. അവിടെയും അദ്ദേഹം തുടങ്ങിവെച്ചു, എറിയാട് ഇടവകയില്‍ ചെയ്ത കാര്യം തന്നെ. ഇതിനു ശേഷം വീണ്ടും അദ്ദേഹം എറിയാട് ഇടവകയില്‍ സേവനം അനുഷ്ടിച്ചു. അതിനു ശേഷം ശാരിരിക അസ്വസ്ഥകള്‍ കാരണം സ്വയം വിരമിച്ചു, വടക്കന്‍ പറവൂര്‍ ഉള്ള കോട്ടപ്പുറം രൂപതയുടെ ജുബിലീ ഹോമില്‍ (വയസ്സായ വൈദീകരുടെ വിശ്രമ കേന്ദ്രം) താമസമാക്കി. അവിടെയും അദ്ദേഹം ട്യുഷേന്‍ തുടങ്ങി. വെറും ഇംഗ്ലീഷ് മാത്രം. അതാകട്ടെ കൊച്ചു കുട്ടികള്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ ഉണ്ടായിരുന്നു.

ഞാനും എന്‍റെ സുഹൃത്ത്‌ സെബാസ്റ്റ്യനും (സെബാസ്റ്റ്യന്‍ ഇടത്തില്‍) കൂടി 1997 ഇല്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നപ്പോള്‍ അദ്ദേഹം എറിയടിനെക്കുറിച്ച് വാചാലനായി. "നിങ്ങള്‍ നോക്കിക്കൊള്ളു, ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം എറിയാട് നിന്നും അത്ഭുതങ്ങള്‍ കാണുവാന്‍ കഴിയും". അത് ശരിയും ആയിരുന്നു - അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന വിജയ ശതമാനവും ഉയര്‍ന്ന മാര്‍ക്കും നേടിയത് എറിയാട് പ്രദേശത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്‌. ഇപ്പോഴും കൊടുങ്ങല്ലൂര്‍ മേഖലയിലെ വിജയങ്ങളില്‍ എറിയാട് നിന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും നമുക്ക് കാണുവാന്‍ കഴിയും. ഇത് അദ്ദേഹം നല്‍കിയ ആ അടിത്തറയില്‍ നിന്നും രൂപപ്പെട്ടത് കൊണ്ട് മാത്രമാണ്.

പറവൂര്‍ ഉള്ള ഒരു മിക്ക ആളുകളും  അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് കോഴ്സില്‍ പങ്കെടുതിട്ടുള്ളവര്‍ ആണ്.   കൊച്ചു കുട്ടികളെ പ്രതേകിച്ചു 3 വയസ്സിനും 5 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്ക് അദ്ദേഹം തന്‍റെ ഇംഗ്ലീഷ് കോഴ്സ് കൊടുത്തിരുന്നു, ആ കുട്ടികള്‍ ആകട്ടെ ഇപ്പോള്‍ രാജഗിരി പോലുള്ള സ്കൂളുകളില്‍ ആണ് പഠിക്കുന്നത്. ഒരു ബാച്ചില്‍ ആകെ 10 മുതല്‍ 12 വരെയുള്ള അംഗങ്ങളെ മാത്രമേ പങ്കെടുപ്പിചിരുന്നുളൂ. അതും പ്രായം അനുസരിച്ച്. അതിനു അദ്ദേഹത്തിന് കാരണവും ഉണ്ടായിരുന്നു; "കൂടുതല്‍ പ്രായമുള്ളവര്‍ പ്രായം കുറഞ്ഞവരുടെ കൂടെയിരുന്നാല്‍ ഒരു തരം ചമ്മല്‍ ഉണ്ടാകും, അത് ഇല്ലാതെ വേണം പഠിക്കാന്‍".

വേറൊന്നു, അദ്ദേഹത്തിന്‍റെ സേവനം തികച്ചും സൗജന്യമായിരുന്നു എന്നതാണ്. ആരില്‍ നിന്നും ഫീസോ പാരിതോഷികങ്ങളോ  അദ്ദേഹം സ്വീകരിച്ചിരുന്നില്ല. "എനിക്ക് ആകെ ആവശ്യം മൂന്നു നേരത്തെ ഭക്ഷണമാണ്, അതിവിടെ നിന്നും ലഭിക്കുന്നുണ്ട്, മാത്രമല്ല കോളേജില്‍ പഠിപ്പിച്ചിരുന്നതിനാല്‍ പെന്‍ഷന്‍ കിട്ടാറുണ്ട്. അത് കൊണ്ട് നിങ്ങള്‍ എനിക്ക് ഒന്നും തരേണ്ട ആവശ്യമില്ല"

പണക്കാരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വേര്‍തിരിവ് അദ്ദേഹം ഒരു കുട്ടിയിലും കാണിച്ചിരുന്നില്ല; എല്ലാവരും പഠിക്കുന്ന സമയത്ത് തന്‍റെ സ്വന്തം വിദ്യാര്‍ഥി. "എന്നെ എപ്പോഴെങ്കിലും ഓര്‍ത്താല്‍ അത് തന്നെ വലിയ കാര്യം" - ഇതായിരുന്നു അദ്ദേഹം.


അദ്ദേഹത്തിന്‍റെ സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ് പുസ്തകങ്ങളുടെയോ പേനയുടെയോ അകമ്പടിയോടെ ആയിരുന്നില്ല, വെറും പറഞ്ഞും കേട്ടും മലയാളത്തില്‍ തുടങ്ങി ടെന്സുകളും വേര്‍ബുകളും കോര്‍ത്തിണക്കിയ ഒരു മാല പോലെ,  പ്രത്യേക കോഴ്സ് തന്നെയായിരുന്നു അത്. അതിന്‍റെ ഗുണം അറിഞ്ഞ 85% പേരും ഇന്ന് ജീവിത മേഖലകളില്‍ വിജയം കൊയ്യുന്നു. പ്രസിദ്ധി ആഗ്രഹിക്കാത്ത അദ്ദേഹം പക്ഷെ തന്‍റെ "വിദ്യാര്‍ത്ഥികളില്‍" ക്കൂടെ പ്രസിദ്ധനായിതീര്‍ന്നു.



Saturday, July 17, 2010

സെമിത്തേരിയും ഒരു മരണവും

ചരിത്രം ഉറങ്ങുന്ന പള്ളിപുറം പള്ളിയിലെ സെമിത്തേരി ഒരു കാലത്ത് മേല്ക്കൂരയോടു കൂടിയതായിരുന്നു. കാരണം അത് പതിനേഴാം നൂറ്റാണ്ടില്‍ കത്തോലിക്കാ വിരോധികളായ ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കുരിശു പള്ളിയായിരുന്നു. നല്ലൊരു ഉണ്ണി യേശുവിന്‍റെ ഒറ്റ ത്തടിയില്‍ കൊത്തുപണി ചെയ്ത  രൂപം ഏതോ ദ്രോഹികള്‍ അടിച്ചുമാറ്റി പകരം അത് പോലെ മണ്ണിന്റെ ഒന്ന് വെച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണു ഇത് മനസ്സിലാക്കിയത്‌. (അന്നു ഈ സെമിത്തേരി പള്ളിക്ക് അടച്ചുറപ്പുള്ള വാതിലുകള്‍ ഉണ്ടായിരുന്നില്ല).   ബഹുമാനപ്പെട്ട പാടശ്ശേരി അച്ചന്‍റെ കാലത്ത് ഇതില്‍ കുറെ മാറ്റങ്ങള്‍ വരുത്തി. നല്ല വാതിലുകള്‍ വെയ്ക്കുകയും അതിന്‍റെ മേല്‍ക്കൂര പൊളിച്ചു കളയുകയും അതിനുള്ളില്‍ ഒരേ പോലുള്ള കോണ്‍ക്രീറ്റ് കല്ലറകള്‍ തീര്‍ക്കുകയും ചെയ്തു. പഴയ ശവക്കുഴികള്‍ പൊളിച്ചു കളയുവാനും, പുതിയ മണ്ണ് നിറച്ചു, പുതിയ കല്ലറകള്‍ തീര്‍ക്കുവാനും കുറെ നാളുകള്‍ എടുത്തു. 

അവസാനം കല്ലറകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആശിര്‍വാദ ത്തിനു മുന്‍പായി വികരിയച്ചനും കുറെ ആളുകളും കൂടി സെമിത്തേരി സന്ദര്‍ശിച്ചു. പുതിയ കല്ലറകള്‍ എല്ലാം തന്നെ പെയിന്റ് അടിച്ചു വളരെ ഭംഗിയാക്കി ഇട്ടിരിക്കുകയായിരുന്നു. ഇത് കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന ...... പറഞ്ഞു, "എത്ര ഭംഗിയുള്ള കല്ലറകള്‍. ഏതു കാലമാടനെ ആണാവോ ആദ്യം ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്?".

വികാരിയച്ചന്‍ പിന്നീടൊരിക്കല്‍ പറഞ്ഞത് ഇപ്രകാരമാണ്, "ആ വ്യക്തിയെ തന്നെ ആയിരുന്നു പുതിയ കല്ലറകളില്‍ ആദ്യത്തേതില്‍ അടക്കം ചെയ്തത്."

  
.

Friday, July 16, 2010

വിവാഹവും ശുദ്ധീകരണ സ്ഥലവും




ഇതും പണ്ട് നടന്ന ഒരു സംഭവമാണ്. ഏതാണ്ട് 1930-40 കാലഘട്ടത്തില്‍. അതായത് വരാപ്പുഴ മെത്രാന്‍ ആയി വന്ദ്യ ഏന്‍ജല്‍ മേരി തിരുമേനി ഇരിക്കുന്ന കാലം. ഇന്നത്തെ പോലെ യാത്ര സൌകര്യങ്ങള്‍ ഒന്നും ഇല്ല. കൂടുതലും ജല മാര്‍ഗ്ഗങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. സ്പെയിന്‍കാരനായ അദ്ദേഹം മലയാളം കുറച്ചു സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രധാന പരിപാടി ഇടവകകള്‍ സന്ദര്‍ശിക്കുകയായിരുന്നു. രൂപതയിലെ ഒട്ടു മിക്ക ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശിക്കുക എന്ന് പറഞ്ഞാല്‍ വെറുതെ ഒരു സന്ദര്‍ശനമല്ല - ഒന്ന് രണ്ട് ദിവസം അവിടെ താമസിക്കുകയും എല്ലാ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമായിരുന്നു. അതില്‍ ഒരു ദിവസം ഇടവകയിലെ എല്ലാ ജനങ്ങള്‍ക്കും  കൂടി വിശ്വാസ സംബന്ധമായ ചോദ്യോത്തരി നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമായും അഞ്ചു ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചിരുന്നു. അതില്‍ സ്ഥിരമായി ചോദിച്ചിരുന്ന ഒരു ചോദ്യം ഇതായിരുന്നു - എന്താണ് ശുദ്ധീകരണ സ്ഥലം?   എല്ലാവരും ശരിയുത്തരം പറഞ്ഞാല്‍ അവിടത്തെ വികരിയച്ചനും പ്രത്യേക സമ്മാനം അദ്ദേഹം നല്‍കുമായിരുന്നു. അതിനാല്‍ തന്നെ ഓരോ ഇടവകയിലെയും വികരിയച്ചന്മാര്‍ തങ്ങളുടെ ഇടവകക്കരെക്കൊണ്ട്  മുഴുവന്‍ ചോദ്യത്തിനും ഉത്തരം പറയുവാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു.

ഒരു ദിവസം പള്ളിപ്പുറം ഇടവകയിലേക്ക് അദ്ദേഹം സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു.   ഇത് കേട്ടയുടനെ വികരിയച്ചനുണ്ടായ വികാരം മനസ്സിലാക്കാമല്ലോ. അദ്ദേഹം ഉടനെ കൈക്കാരന്മാരെയും ഇടവകയിലെ മതബോധന അധ്യാപകരെയും പ്രധാന ആളുകളെയും വിളിച്ചു കൂട്ടി ഒരു സമിതി ഉണ്ടാക്കി. മെത്രാന്റെ  ചോദ്യങ്ങള്‍ക്ക് എല്ലാ ഇടവകക്കാരെക്കൊണ്ടും  ശരിയുത്തരം പറയിപ്പിക്കണം  എന്ന് പറഞ്ഞു. എല്ലാവരും അതിനായി പ്രയത്നിക്കാന്‍ തീരുമാനിച്ചു. 

അങ്ങിനെ മെത്രാന്‍ തിരുമേനി സ്ഥിരമായി ചോദിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ അദ്ദേഹം മുന്‍പ് സന്ദര്‍ശിച്ച ഇടവകകളില്‍ നിന്നും ഇടവക സമിതി കണ്ടെത്തുകയും അതെല്ലാം ഇടവകയിലെ എല്ലാവരെയും കാണാപാഠം പഠിപ്പിക്കുകയും ചെയ്തു. 

അങ്ങിനെ ആ ദിവസം വന്നു ചേര്‍ന്നു. മെത്രാന്‍ അന്നത്തെ ഏറ്റവും നല്ല യാത്രാ ബോട്ട് ആയ പടമാടന്‍ ബോട്ടില്‍ പള്ളിയില്‍ എത്തി ചേര്‍ന്നു. വന്‍ വാദ്യഘോഷങ്ങളോടെ ഇടവകക്കാര്‍ അദ്ദേഹത്തെ വരവേറ്റു. ആദ്യ ദിവസം കുര്‍ബ്ബാനയും മറ്റുമായി തീര്‍ന്നു. പിറ്റേ ദിവസം ഇടവകക്കരുമായി സംസാരിക്കുന്ന ദിവസം - നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവസാനം  ചോദ്യോത്തരി തുടങ്ങി. അങ്ങിനെ നാലു ചോദ്യങ്ങള്‍ ചോദിച്ചു തീര്‍ന്നു. അവസാനത്തെ ചോദ്യം - മെത്രാന്റെ സ്ഥിരം ചോദ്യം - ശുദ്ധീകരണ സ്ഥലം - അതിനായി എല്ലാവരും റെഡി ആയി. മെത്രാന്‍ നാലാം ക്ലാസ്സുകാരന്‍ വര്‍ഗീസിനെ ചൂണ്ടി. വര്‍ഗീസിനോട്‌ അടുത്തിരുന്നവര്‍ എല്ലാവരും മന്ത്രിച്ചു - എടാ ശുദ്ധീകരണ സ്ഥലം എന്താണെന്നു ഓര്‍ത്തു നോക്ക്. വര്‍ഗീസ്‌ എഴുന്നേറ്റു നിന്നു.

പക്ഷെ പതിവിനു വിപരീതമായി മെത്രാന്‍ വേറൊരു ചോദ്യമാണ് വര്‍ഗീസിനോട്‌ ചോദിച്ചത് - വിവാഹം എന്നാല്‍ എന്ത്? 

പക്ഷെ ടെന്‍ഷന്‍ കൊണ്ടോ  അതോ കാണാ പാഠം പഠിച്ചത് കൊണ്ടോ, വര്‍ഗീസ്‌ ഉച്ചത്തില്‍  വിളിച്ചു പറഞ്ഞു;

സ്വര്‍ഗത്തില്‍ പോകുന്നതിനു മുന്‍പ്, കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്തു പോയ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്യുന്ന സ്ഥലം.

 എല്ലാവരും അന്തം വിട്ടു ഇരുന്നു പോയി.

 . 

കര്‍ത്താവടിച്ച ജോസഫ്‌

നാട്ടില്‍ ഇഷ്ടം പോലെ കഥകള്‍ ഉണ്ട്. അതിലൊന്നിതാ. വടക്കന്‍ പറവൂര്‍ കോട്ടക്കാവ് പള്ളിയില്‍ (വിശുദ്ധ തോമസ്‌ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന്) വലിയ നോമ്പ് കാലഘട്ടത്തില്‍ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിക്ക് പകരം പാസ്ക് കാണിക്കുക പതിവായിരുന്നു. (പാസ്ക് എന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്റെ പീഡാസഹനം കുറച്ചു പ്രതിമകളുടെയും മറ്റും സഹായത്താല്‍ ഭക്ത ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കുക). പ്രതിമകള്‍ ചലിപ്പിക്കുവാന്‍ പാകത്തില്‍ ആണ് ഉണ്ടാക്കിയിരുന്നത് - കൈകളും കാലുകളും. ഈ പ്രതിമകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ ആകട്ടെ ചില പോടിക്കൈകളിലുടെ പീഡാസഹനം കുറച്ചു പൊലിപ്പിക്കുമായിരുന്നു. ഉദാഹരണത്തിന് കുരിശില്‍ തറക്കുന്ന സമയത്ത് ക്രിസ്തുവിന്റെ കൈകാലുകളും കണ്‍പീലികളും ചലിപ്പിക്കുക, രക്തം ചീറ്റിക്കുക മുതലായവ. ഒരു പ്രാവശ്യം ഇതുപോലെ കണ്‍ പീലികള്‍  ചലിക്കുന്നത് കണ്ടു ഒരാള്‍ മരണപ്പെട്ടു എന്നും പറയപ്പെടുന്നു. അതിനാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ ഭാഗങ്ങള്‍ മാത്രമേ കാണിക്കുന്നുളൂ.

ഇത് കൈകാര്യം ചെയ്തിരുന്നവരില്‍ ഒരാളായിരുന്നു ജോസഫ്‌ ചേട്ടന്‍.  മാത്രമല്ല കൈക്കാരന്‍ കൂടിയാണ്. അതിനാല്‍ തന്നെ അതിന്‍റെതായ ഗമ കൂടിയുണ്ട്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്ക് കൂടി ഇദ്ദേഹത്തെ പള്ളിയില്‍ ഭയമായിരുന്നു - ഏകദേശം ഒരു  പള്ളി പോലീസുകാരന്‍റെ മട്ടു. 

ഒരു ദിവസം, പാസ്കു കാണിക്കുന്നതിന് വേണ്ടി രൂപങ്ങള്‍ എല്ലാം പൊടി തട്ടി എടുക്കുകയായിരുന്നു ഇദ്ദേഹം. കുര്‍ബ്ബാനക്ക് കൂടുവാന്‍ വന്ന കുട്ടികള്‍ എല്ലാം ഇതെല്ലം കാണുവാന്‍ വേണ്ടി ചുറ്റും കൂടി. "എല്ലാവരും ഓടെടാ, നിങ്ങളൊക്കെ ഇത് പള്ളിയില്‍ കാണിക്കുമ്പോള്‍ കണ്ടാല്‍ മതി". കുറച്ചു കുട്ടികള്‍ ഓടി, ചില ധൈര്യവാന്മാര്‍ ഒളിച്ചും പാത്തും നോക്കികൊണ്ടിരുന്നു.

കര്‍ത്താവിന്‍റെ (ക്രിസ്തുവിന്‍റെ) ഒരു രൂപം എടുത്തു ഉയര്‍ത്തി നിര്‍ത്തിയതിനു ശേഷം ജോസഫ്‌ ചേട്ടന്‍ പൊടി തട്ടിക്കളയുവാന്‍ തുടങ്ങി.  വലതു കൈ നിവര്‍ത്തിയതിനു ശേഷം ഇടതുകൈ നിവര്‍ത്തുവാന്‍ തുടങ്ങി അദ്ദേഹം. പെട്ടെന്ന് വലതു കൈയുടെ സ്പ്രിംഗ് ആക്ഷന്‍ പ്രവര്‍ത്തിച്ചു (എന്തോ ബോള്‍ട്ട് വിട്ടുപോയതാണോ എന്നറിയില്ല)  കര്‍ത്താവിന്‍റെ വലതുകൈ അദ്ദേഹത്തിന്‍റെ കവിളില്‍ വന്നിടിച്ചു. ഇത് കണ്ടു നിന്ന കുട്ടികള്‍ ഉടനെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി  "അയ്യോ, ജോസഫ്‌  ചേട്ടനെ കര്‍ത്താവു അടിച്ചേ".  ഇത് കേട്ട ഭക്ത ജനങ്ങള്‍ എല്ലാം തന്നെ രൂപങ്ങള്‍ ഇരുന്ന മുറിയിലേക്ക് ഓടിച്ചെന്നു നോക്കിയപ്പോള്‍ കര്‍ത്താവിനെയും കെട്ടിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന ജോസഫ്‌ ചേട്ടനെയാണ് കാണുന്നത്. ഉടനെ കൂട്ടത്തില്‍ നിന്ന ഒരു രസികന്‍ പറഞ്ഞു,  "കര്‍ത്താവു അടിച്ചതിനാല്‍, അദ്ദേഹം കര്‍ത്താവിനോടു മാപ്പ് ചോദിക്കുകയാണ്".
അന്നു മുതല്‍ അദ്ദേഹത്തെ കര്‍ത്താവടിച്ച ജോസഫ്‌ എന്ന് വിളിച്ചു തുടങ്ങി - പിന്നെ അത് ലോപിച്ച് ലോപിച്ച് കര്‍ത്താവടി ജോസഫ്‌ എന്നായി മാറി. 



(NB: ജോസഫ്‌ ചേട്ടന്‍റെ പിന്‍ തലമുറക്കാര്‍ ആരെങ്കിലും ഇത് വായിച്ചു എന്നോട് ദ്വേഷ്യപ്പെടരുത്)

.

Thursday, July 15, 2010

ഒരു മുന്നാര്‍ യാത്ര


തലക്കെട്ട്‌ കാണുമ്പൊള്‍   നിങ്ങള്‍ വിചാരിക്കും, ഹും ഞങ്ങളും മൂന്നാര്‍ പോയിട്ടുണ്ടല്ലോ എന്ന്. പക്ഷെ ഇത് റൂട്ട് വേറെയാണ് - തമിഴ് നാട്ടിലെ ഉദുമല്‍ പേട്ടയില്‍  നിന്നും മൂന്നാറിലേക്ക് - സ്റ്റേറ്റ് ഹൈവേ 17 വഴി - എന്തെങ്കിലും വ്യത്യസ്തത  വേണമല്ലോ. 

എന്‍റെ അനുജന്‍ മറയൂര്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി തമിഴ് നാട്ടിലുടെ മൂന്നാറിലേക്ക്  യാത്ര ചെയ്യുന്നത്. കോയമ്പത്തൂര്‍ നിന്നുമാണ് ഞാന്‍ യാത്ര തുടങ്ങിയത്. കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി അവിടെ നിന്നും ഉദുമല്‍പേട്ട  (ഉടുമലൈ എന്നാണ് തമിഴില്‍)  വഴിയാണ് മറയൂര്‍ എത്തിച്ചേര്‍ന്നത്. ഉദുമല്‍ പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് ആകെ ഒരു പാത മാത്രമേ ഉള്ളൂ. അതാകട്ടെ സ്വാതന്ത്രത്തിനു മുന്‍പ് ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ചതും. അത് കൊണ്ട് തന്നെ ആ പാത ഇപ്പോഴും താറുമാറാകാതെ നില നില്‍ക്കുന്നു. 


ഉദുമല്‍ പേട്ടയില്‍ നിന്നും പോകുമ്പോള്‍ കാണുന്ന ഒന്നാണ് കാറ്റാടികള്‍. ദൂരെ നിന്നും നോക്കുമ്പോള്‍ ഏതോ രാക്ഷസന്‍ നമ്മെ നോക്കി കൈ കാണിക്കുകയാണെന്ന്  തോന്നും. ഈ റോഡിലുടെ പോകുമ്പോള്‍  ആരെയും ആകര്‍ഷിക്കുന്ന ഒന്നാണത്. 



ഇതെല്ലം പിന്നിട്ടു മുന്നോട്ടു പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ എല്ലാം തന്നെ വളരെ ഭംഗിയാണ്. രണ്ട് വശവും മരങ്ങളും പിന്നെ കുറെ ദൂരെയായി മലകളും കൊണ്ട് പ്രകൃതി തന്നെ ഒരു കാന്‍വാസ് ആയി മാറുന്നതു നമുക്കിവിടെ കാണാം.

കുറേക്കൂടി മുന്നോട്ടു പോയാല്‍ അമരാവതി മലയിലെക്കും മൂന്നാരിലെക്കുമായി റോഡ്‌ തിരിയുകയാണ്. അമരാവതിയില്‍ തമിഴ് നാടിന്‍റെ വക ഒരു കടുവ സങ്കേതം കൂടി യുണ്ട്. അവധി ദിവസം ആയതു കൊണ്ടാണോ എന്നറിയില്ല, വന്‍ തിരക്കായിരുന്നു ബസ്സില്‍.
പിന്നെയുള്ള യാത്ര നയന മനോഹരങ്ങള്‍ തന്നെ. പച്ചപ്പ്‌ കലര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ കറുത്ത നാഗം ഇഴഞ്ഞു പോകുന്ന പോലെയുള്ള റോഡും രണ്ട് വശവും മലകളും എല്ലാം കൂടി പ്രകൃതിയുടെ സകല സൗന്ദര്യവും നമുക്കിവിടെ കാണാം.
 

യൂറോപ്പിലെയും മറ്റും സുന്ദരങ്ങളായ ചിത്രങ്ങള്‍ ഇതിന്‍റെ മുന്‍പില്‍ ഒന്നുമല്ല എന്ന് തോന്നിപ്പോകും. 

 

 തമിഴ് നാടിന്‍റെ അതിര്‍ത്തി പ്രദേശം എത്തിയപ്പോഴാണ് ബസ്സിലെ തിരക്കിന്റെ കഥ മനസ്സിലാകുന്നത്‌.  കേരള - തമിഴ് നാട് അതിര്‍ത്തിയില്‍ ഒരു അമ്പലം ഉണ്ട്. മംഗള ദേവി ക്ഷേത്രം. വളരെ പ്രസിദ്ധമായ ഒരു അമ്പലം ആണിത്. (നേരത്തെ അറിയാഞ്ഞത്  കൊണ്ടും സമയക്കുറവു മൂലവും ഞാന്‍ അവിടെ ഇറങ്ങിയില്ല).


എങ്കിലും കേരളത്തിനെയും തമിഴ് നാടിനെയും വേര്‍തിരിക്കുന്ന ചിന്നാര്‍ നദിയുടെ അടുത്താണ് ആ അമ്പലം സ്ഥിതി ചെയ്യുന്നത്. മുകളില്‍ കാണുന്ന ചിത്രം ആ നദിയുടെ മുകളിലുടെ കേരളത്തിലേക്ക് കടക്കുന്ന പാലമാണ്. ഈ പാലത്തിന് മുന്‍പ് തമിഴ് നാടിന്‍റെ ഒരു ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. ഫോറെസ്റ്റ് ഗാര്‍ഡുമാര്‍ വന്നു ബസ്സെല്ലാം ഓടിച്ചു നോക്കിയിട്ട് പോയി.


കേരളത്തിലേക്ക് കടന്നപ്പോള്‍ തന്നെ നമ്മുടെ നാടിന്‍റെ ആ മനോഹാരിത വീണ്ടും കാണാന്‍ കഴിഞ്ഞു. ആനമുടിയുടെ ആ സൌന്ദര്യം ഒന്ന് എടുത്തു പറയേണ്ടത് തന്നെ.


പിന്നെ എവിടെ നിന്നും നോക്കിയാല്‍ കാണുവാന്‍ കഴിയുന്ന ചിന്നാര്‍ വാച് ടവര്‍.

വഴിക്ക് കാണുന്ന കൊച്ചു കൊച്ചു ക്ഷേത്രങ്ങളും കളകളം പടിയോഴുകുന്ന ചിന്നാറും   എല്ലാം തന്നെ കണ്ണുകള്‍ക്ക്‌ ആനന്ദം നല്‍കുന്നവ തന്നെ.




പിന്നെ കേരളത്തിന്‍റെ വൃക്ഷമായ തെങ്ങുകള്‍ അവിടവിടെയായി കാണുവാന്‍ തുടങ്ങി. (മലയാളികള്‍ എവിടെ പോയാലും കൊണ്ടുപോകുന്ന ഒന്നാണല്ലോ തേങ്ങ.)


പിന്നെ കുറെ ഹെയര്‍ പിന്‍ വളവുകളും ഒരു വശം കൊക്കയും ഒരു വശം മലയുമായ റോഡുകളും.

അങ്ങിനെ കുറെ ദൂരം യാത്ര ചെയ്തു മറയൂര്‍ എത്താറായപ്പോള്‍ ഒരു ബോര്‍ഡ്‌ കണ്ടു.
മറയൂര്‍ പല തരം കൃഷികള്‍ ഉണ്ട്. ആപ്പിള്‍, പീച്, സ്ട്രോബെറി, കാരറ്റ്, കാബേജ്, കരിമ്പ് മുതലായവ ഇവിടെ കാണാം. പ്രധാനമായും കരിമ്പ്‌ സംസ്കരിച്ചു ശര്‍ക്കര ഉണ്ടാക്കല്‍.




 



 

 ഒരു ദിവസം അനുജന്‍റെ അടുത്ത് തങ്ങിയ ശേഷം പിറ്റേ ദിവസം വീടും യാത്ര ആരംഭിച്ചു. ക്ഷമിക്കണം, അവിടുത്തെ രണ്ട് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ ഇവയാണ് - ചന്ദന മരക്കാടുകളും, മുനിയറകളും. (ചന്ദന ക്കാടുകള്‍ എല്ലാം തന്നെ ഫോറെസ്റ്റ് കാര്‍ കമ്പി വേലി കെട്ടി സംരക്ഷിചിരിക്കുകയാണ് - കളവു പോകാതിരിക്കാന്‍!)

 

 

മുക്കാല്‍ മണിക്കൂര്‍ കൂടി യാത്ര ചെയ്തപ്പോള്‍ മൂന്നാര്‍ കാണുവാന്‍ തുടങ്ങി. മുന്‍പ് ഞാന്‍ പറഞ്ഞത് പോലെ കേരളത്തിന്‍റെ കാശ്മീര്‍ എന്ന് പറയുന്ന പോലെ തന്നെ. 


മൂന്നു ആറുകള്‍ കൂടിച്ചേരുന്ന മൂന്നാര്‍. തമിഴ് മലയാള സംസ്കാരങ്ങള്‍ കൂടി ചേര്‍ന്നതാണ് മൂന്നരിന്റെത്. അത് പോലെ തന്നെ മൂന്നു കുന്നുകളിലായി മൂന്നു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും.


 ഫ്രഷ്‌ ആയ പച്ചക്കറികള്‍ കിട്ടുന്ന സ്ഥലം കൂടിയാണത്. പിന്നെ കേരളത്തിലെ തേയില കൃഷിയുടെ തലസ്ഥാനവും.

റോഡിലെല്ലാം കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ (പഴയ ടാറ്റാ ടീയുടെ) ട്രാക്ടറുകള്‍ ആണ്. നുള്ളിയെടുത്ത തേയില നിറച്ച ചാക്ക് കെട്ടുകളുമായി ഏതോ ഭൂതം പോകുന്ന പോലെ ശബ്ദം ഉണ്ടാക്കി പോകുന്ന ഇവ നോക്കി നില്‍ക്കാനും ഒരു രസം തന്നെ. 


 

അങ്കിളിന്റെ ശിശിരം ഹോം സ്റ്റേയില്‍ ചെന്നപ്പോള്‍ വളരെ അത്ഭുതം ആയി. വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു - അങ്കിള്‍ മാത്രമല്ല പ്രകൃതി കൂടി. താഴെയുള്ള ചിത്രം നോക്കൂ.



 

മൂന്നാറില്‍ എത്തിയപ്പോള്‍ തോന്നി ഒന്ന് കുണ്ടലയില്‍ പോയാലോ എന്ന്. ടോപ്‌ സ്റ്റേഷന്‍ ബസ്സില്‍ കയറി പോകുമ്പോള്‍ മാട്ടുപ്പെട്ടി എത്തിയപ്പോള്‍ ഒന്ന് ഇറങ്ങി - ഡാമും പരിസരവും കാണുവാന്‍.




മാട്ടുപ്പെട്ടി ഡാമില്‍ നിന്നും കുറച്ചു കൂടി സഞ്ചരിച്ചപ്പോള്‍ ഇന്‍ഡോ സ്വിസ് പ്രൊജക്റ്റ്‌ വക നല്ല തടിച്ചു കൊഴുത്ത മാടുകള്‍ അവിടവിടെയായി മേഞ്ഞു കൊണ്ടിരിക്കുന്നു. 
 

അവിടെ നിന്നും കുറച്ചു ദൂരം കൂടി സഞ്ചരിച്ചപ്പോള്‍ കുണ്ടല ഡാമിന്റെ ബോര്‍ഡുകള്‍. 

പരിസര പ്രദേശങ്ങള്‍ എല്ലാം ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഡാമിലെ ബോട്ടിങ്ങിന് വന്‍ തിരക്കാണ്. 
 
ടോപ്‌ സ്റ്റേഷന്‍ കൂടി സന്ദര്‍ശിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സമയക്കുറവു മൂലം അതിനു സാധിച്ചില്ല. ഏതായാലും അടുത്ത പ്രാവശ്യം കാണാം എന്ന് കരുതി കുണ്ടളയില്‍ താമസിക്കുന്ന വേറൊരു അങ്കിളിന്റെ വീട്ടിലേക്കു പോയി.



തല്ക്കാലം വിട.

Wednesday, July 14, 2010

ക്ലാഷ് ഓഫ് ദി ടൈറ്റാന്‍സും പഴയൊരു ഓര്‍മ്മയും

കഴിഞ്ഞ ദിവസമാണ് ക്ലാഷ് ഓഫ് ദി ടൈറ്റാന്‍സ് കണ്ടത്. നല്ല ഗ്രാഫിക്സും ആനിമേഷേന്‍ ഉള്ള പടം ആയതുകൊണ്ട് കണ്ടിരുന്നു പോയി. ഏകദേശം പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴാണ് ഇത് പണ്ട് വായിച്ച ഒരു കഥയാണല്ലോ എന്നോര്‍ത്തത്. എന്‍റെ ഒരു  അധ്യാപകന്‍ ആയിരുന്ന ശ്രീ സിപ്പി മാഷ് (പ്രശസ്ത ബാല സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം), ഏകദേശം 1980 കാലഘട്ടത്തില്‍ അന്നത്തെ കുട്ടികളുടെ ഏക വാര്‍ഷിക പ്പതിപ്പായിരുന്ന കേരള ടൈംസ്‌ല്‍ എഴുതിയ ഒരു ഗ്രീക്ക് കഥ - അതിന്‍റെ ചലച്ചിത്ര ആവിഷ്കാരം പോലെയാണ് തോന്നിയത്. കാരണം സിപ്പി മാഷ് അത്രയ്ക്ക് രസകരം ആയിട്ടാണ് എഴുതിയിരുന്നത് - അത് കൊണ്ട് തന്നെ ഇപ്പോഴും ആ കഥയും ഓരോ കഥാപാത്രവും മനസ്സില്‍ നില നില്‍ക്കുന്നു.
സിനിമയിലെ ഓരോ രംഗവും കാണുമ്പോള്‍ സിപ്പി മാഷ് എഴുതിയ ഓരോ വരിയും മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു - ഒറ്റക്കണ്ണന്‍ മാരുമായി പെഴ്സ്യുസ് ഏറ്റുമുട്ടുമ്പോഴും, മെഡസ്സയുടെ തല തന്‍റെ പരിചയില്‍ നോക്കി വെട്ടിയെടുക്കുമ്പോഴും എല്ലാം.

ഏതായാലും പടം തീര്‍ന്നപ്പോഴേക്കും പണ്ട് വായിച്ച യവന കഥ മുഴുവന്‍ മുന്‍പില്‍ കണ്ട പ്രതീതി തന്നെ. 










(ഒന്നും എഴുതാനില്ല, എന്നാല്‍ പിന്നെ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്ചു എഴുതിയതാണ്).
.