Saturday, August 21, 2010

പറയാതെ വയ്യ

ഇന്നത്തെ പത്ര വാര്‍ത്ത‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഇതായിരുന്നു വാര്‍ത്ത‍ (August 21, 2010)


ന്യൂഡല്‍ഹി: ശമ്പളം മൂന്നിരട്ടി കൂട്ടിയിട്ടും എം.പിമാരില്‍ ഒരു വിഭാഗം തൃപ്തരാകാത്ത സ്ഥിതിക്ക് ശമ്പള വര്‍ധന വീണ്ടും പുന:പരിശോധിക്കുന്നു. ഇടതുപക്ഷവും ബി.ജെ.പി.യും ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാമെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയാണ് അറിയിച്ചത്. സഭാതീരുമാനത്തില്‍ തൃപ്തരാവാതെ പ്രതിപക്ഷ നിരയില്‍ നിന്ന് ലാലുപ്രസാദ് 

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വേതനം വെറും തൊണ്ണൂറു രൂപ മാത്രം. ഇതില്‍ പത്തു രൂപ കൂട്ടണമെന്ന് ഈ എം പി മാരില്‍ ആരെങ്കിലും ഒരു ചെറു സ്വരം ഉയര്‍ത്താന്‍ തയ്യാറായോ? ഇതില്‍ കുറെ എം പി മാര്‍ മാറി നില്‍ക്കുന്നു. പല കാരണങ്ങള്‍ പറയുന്നു; എന്തായാലും വാഴ നനയുമ്പോള്‍ ചീരയും നനയുമല്ലോ? ഭൂരിഭാഗം പേരും ശമ്പളം ഇനിയും വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നടത്തിയിരിക്കുകയാണല്ലോ.


.

Saturday, August 14, 2010

ചില പേരുകളുടെ ഉത്ഭവം

ഇത് ഏകദേശം അഞ്ചോ എട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതാണ്. ഒരിക്കല്‍ ഒരു ശനിയാഴ്ച തൃശൂര്‍ ജില്ലയിലെ ഒരു  ഇടവകയില്‍ (പേര് ഞാന്‍ പറയുന്നില്ല) ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവനാകട്ടെ അവിടുത്തെ മതബോധന അധ്യാപകനും ആയിരുന്നു. അവര്‍ സീറോ മലബാര്‍ റീത്തില്‍ പെട്ടവര്‍ ആയിരുന്നു. ഞായറാഴ്ച പള്ളിയില്‍ ഞാന്‍ അവന്‍റെ കൂടെയാണ് പോയത്. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ അവന്‍ മതബോധന ക്ലാസ്സില്‍ പോയി. ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടി വന്നു എന്നെ അവന്‍ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ അവിടേക്ക് ചെന്നപ്പോള്‍ അവന്‍ പറഞ്ഞു അവന്‍റെ നാലാം ക്ലാസ്സിലെ ഒരു അദ്ധ്യാപിക വന്നിട്ടില്ല അതിനാല്‍ അത്യാവശ്യമായി ഞാന്‍ ആ ക്ലാസ്സില്‍ കയറണമെന്ന് പറഞ്ഞു. ഞാന്‍ ഒഴിഞ്ഞു മാറുവാന്‍ നോക്കി, " എടാ ഞാന്‍ ലത്തിന്‍ റീത്തില്‍ പ്പെട്ടതാണ്"; ഉടനെ അവന്‍ പറഞ്ഞു "അതൊന്നും കുഴപ്പമില്ല; നമ്മള്‍ പി. ഓ. സി. പുറത്തിറക്കുന്ന പാഠപ്പുസ്തകമല്ലേ  പഠിപ്പിക്കുന്നത്‌". അങ്ങിനെ അവന്‍റെ നിര്‍ബന്ധം നിമിത്തം ഞാന്‍ ആ ക്ലാസ്സില്‍ കയറി.


തിരിച്ചു പോരുമ്പോള്‍ കുട്ടികളുടെ പേര് ആയിരുന്നു എന്‍റെ മനസ്സ് നിറയെ. മിക്കവാറും ഒരേ പോലത്തെ പേരുകള്‍. ഞാന്‍ അവനോടു എന്‍റെ സംശയം ചോദിച്ചു, "എന്താടാ മിക്കവാറും കുട്ടികളുടെ പേരുകള്‍ ഒരേ പോലെ തന്നെയാണല്ലോ. ഈ ഇടവകയിലെ എല്ലാവരും സ്വന്തക്കാര്‍ തന്നെയാണോ?". "എന്താ കാര്യം?" അവന്‍ തിരക്കി. ഞാന്‍ തുടര്‍ന്നു, "ഒരു കുട്ടി ആന്ജോ, ഒരു കുട്ടി മേജോ, ഒരുത്തന്‍ ലിജോ, വേറൊരുത്തന്‍ സിജോ എല്ലാ പേരുകളും ഒരേ പോലെ തന്നെ. എന്താണത്?"


ഒരു ചിരിയോടെ അവന്‍ പറഞ്ഞു, "അത് വേറൊന്നുമല്ല, ഇവിടങ്ങളില്‍ കൂടുതല് ആള്‍ക്കാരും കുട്ടിയുടെ പേര് ഇടുന്നത് അമ്മയുടെയും അപ്പന്റെയും പേരുകള്‍ ചേര്‍ത്തിട്ടാണ്. അതാണിപ്പോള്‍ ഒരു ഫാഷന്‍ ഇവിടെ. ആനി, ജോസഫ്‌ അല്ലെങ്കില്‍ ജോണ്‍ അതില്‍ നിന്നും ആന്ജോ, മേരി, ജോസഫ്‌ അതില്‍ നിന്നും മേജോ, ലില്ലി ,ജോസഫ്‌ അതില്‍ നിന്നും ലിജോ, സിസിലി ജോണ്‍ അതില്‍ നിന്നും സിജോ ഇങ്ങിനെയാണ്"


ഞാന്‍ മനസ്സില്‍ പറഞ്ഞു; "ഓ ഭാഗ്യം, കുട്ടികള്‍ ആരുടേയും അമ്മ മാര്‍ഗ്രെട്ടും അപ്പന്‍ ക്രിസ്ടഫരും ആകതിരുന്നത് അല്ലെങ്കില്‍ ആ കുട്ടിക്ക്  മാക്രി എന്ന് പേര് വന്നേനെ".






.

Wednesday, August 4, 2010

കോല (കോലാന്‍) മീനും പള്ളിപ്പുറം തിരുന്നാളും



നിങ്ങള്‍ ഈ മീന്‍ കണ്ടിട്ടുണ്ടോ? എന്‍റെ നാട്ടില്‍ ഇതിനു കോലാന്‍ മീന്‍ എന്നാണ് പറയുന്നത്. സീബ്ര ഫിഷ്‌ എന്നും ഇതിനു പേരുണ്ട്. ശാസ്ത്രീയ നാമം - Xenentodon cancila . ഇതും പള്ളിപ്പുറവും തമ്മില്‍ എന്ത് ബന്ധം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത് അല്ലെ?   എന്നാല്‍ അതെക്കുറിച്ച് കേട്ട് കൊള്ളൂ.

പണ്ട് പണ്ട് ഈ മീനിന്‍റെ ചുണ്ടുകള്‍ നമ്മുടെ സാധാരണ മീനുകളുടെത് പോലെ തന്നെയായിരുന്നു. മാത്രമല്ല പള്ളിപ്പുറം പള്ളിയിലെ തിരുന്നാള്‍ വളരെ പ്രസിദ്ധവും ആയിരുന്നു. അന്നൊക്കെ ഇതുപോലുള്ള പള്ളികളില്‍ മാത്രമേ വലിയ തോതില്‍ "പെരുന്നാള്‍" ആഘോഷിചിരുന്നുള്ളൂ. അതിനാല്‍ തന്നെ ജനങ്ങളും മൃഗങ്ങളും കൂട്ടത്തില്‍ മീനുകളും എല്ലാം ഈ തിരുന്നാളില്‍ പങ്കെടുക്കാന്‍ വന്നിരുന്നു.   അതും ദൂര ദേശങ്ങളില്‍ നിന്നും. 

അങ്ങിനെ ഒരു വര്‍ഷം നമ്മുടെ മേല്പറഞ്ഞ മീനും തിരുന്നാളിന് വന്നു. പള്ളിപ്പുറത്തെ ആ തിരക്കും ഭക്തി സാന്ദ്രമായ  ദിവ്യബലിയും മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കരിമാരന്നു പ്രയോഗങ്ങളും  കണ്ടപ്പോള്‍ ഈ മീനിനു അല്പം നീരസം തോന്നി. (പുറമേ നിന്നും വന്നതാണല്ലോ, മാത്രമല്ല തന്‍റെ നാട്ടില്‍ ഇങ്ങിനെ ഒന്ന് ഇല്ലല്ലോ).
തിരുന്നാള്‍ കഴിഞ്ഞു എല്ലാവരും പോകുന്ന സമയമായി. ഓരോരുത്തരും പോകുമ്പോള്‍ വഴിയില്‍ കാണുന്നവരെല്ലാം ചോദിച്ചു കൊണ്ടിരുന്നു; "പള്ളിപ്പുറതതമ്മയുടെ തിരുന്നാള്‍ എങ്ങിനെ ഉണ്ടായിരുന്നു?" മുന്‍പേ  പോകുന്ന മീനുകള്‍ എല്ലാം പറഞ്ഞു; "തിരുന്നാള്‍ കേമം തന്നെ". എന്നാല്‍ പിന്നില്‍ വന്നിരുന്ന ഈ മീന്‍ തന്‍റെ ചുണ്ടുകള്‍ ഒരു വശത്തേക്ക് നീട്ടിക്കൊണ്ടു പറഞ്ഞു; " ഓ, കോലം കോലം".

ഇത് പറഞ്ഞതും ഈ മീനിന്‍റെ ചുണ്ടുകള്‍ കോല് പോലെ നീണ്ടു പോയി എന്നാണ് ഐതിഹ്യം. അന്നു മുതലാണത്രേ ഈ മീനിന്‍റെ ചുണ്ടുകള്‍ നീണ്ടിരിക്കുന്നത്. 


.