Saturday, December 18, 2010

ക്രിസ്തുമസ് ചിന്തകള്‍

ഇപ്രാവശ്യത്തെ ക്രിസ്തുമസ് ദുബായില്‍ തന്നെ. നാട്ടില്‍ പോകുവാന്‍ ലീവ് ശരിയായില്ല. കുറച്ചു വിഷമം തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ്  ദുബായിലെ  ജീസസ്  യൂത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വസിക്കുന്ന ക്യാമ്പുകളില്‍ ക്രിസ്തുമസ് കരോളുമായി പോകുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ അല്പം സന്തോഷം തോന്നി. അവിടെ ചെന്നപ്പോഴാണ് എന്റെയെല്ലാം വിഷമം ഒന്നുമല്ല. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ ഓണവും ക്രിസ്തുമസ്സും എല്ലാം ഇവിടെ തന്നെ  ചെലവഴിച്ചു, കൈയില്‍ ബാലന്‍സ് ഒന്നുമില്ലാതെ നില്‍ക്കുന്ന കുറെ സഹോദരങ്ങളെ കണ്ടത്. അവരോടൊത്തു ഈ ക്രിസ്തുമസ് ചെലവഴിച്ചപ്പോള്‍ തന്നെ മനസ്സിന് കുറച്ചു സന്തോഷം തോന്നി - എന്‍റെ മാത്രമല്ല, ആ ക്യാമ്പുകളില്‍ കഴിയുന്ന അവരുടെതും. അത് നിങ്ങള്‍ക്ക് ഈ ഫോട്ടോകളില്‍ കാണാം



ഇതിന്റെയെല്ലാം കൂടുതല്‍ ചിത്രങ്ങള്‍ കാണണമെങ്കില്‍ എന്തെ പികാസ വെബ്‌ ആല്‍ബം കാണുക.



വാല്‍ക്കഷണം:

കരോളിനു പോയപ്പോള്‍ പഴയ ചില ക്രിസ്തുമസ് കരോള്‍ സംഭവങ്ങള്‍ ഓര്‍മ്മ വന്നു. എന്‍റെ അമ്മയുടെ വീട് ഏറണാകുളം ജില്ലയിലെ ചെട്ടിക്കാട് എന്ന സ്ഥലത്താണ് - വിശുദ്ധ അന്തോണിസ് പുണ്യവാന്റെ തീര്‍ത്ഥാടന  കേന്ദ്രം നില നില്‍ക്കുന്ന സ്ഥലം. പണ്ട് അവിടമെല്ലാം നിറയെ തോടുകളും ചെമ്മീന്‍ കെട്ടുകളും നിറഞ്ഞ ഒരു സ്ഥലമയിരിന്നു. ചെറിയ തെങ്ങുകള്‍ കൊണ്ടുള്ള പാലങ്ങളും മറ്റുമായിരുന്നു അവിടമെല്ലാം. ഒരു വര്‍ഷം ക്രിസ്തുമസ് കരോള്‍ വരുന്ന സമയം - ഇപ്പോഴത്തെ പോലെ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു  ഇല്ലാത്ത കാലമല്ലേ. ചെറിയ പാട്ട വിളക്കും മറ്റുമായി കരോള്‍ സംഘങ്ങള്‍ പതിരാ കുര്‍ബ്ബാനക്ക് മുന്‍പ് ഓരോരോ വീടുകളില്‍ എത്തിച്ചേരും. അങ്ങിനെ ദൂരെ നിന്നും കൊട്ട് കേട്ടപ്പോള്‍ ഞാനും എന്‍റെ സമപ്രായത്തിലുള്ള എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അങ്ങിനെ ഞങ്ങളുടെ തറവാടിലെക്കുള്ള വരവായി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു തോട് കടക്കണം. തെങ്ങിന്‍ തടി കൊണ്ടുള്ള പാലം കടന്നു കരോള്‍ സംഘം വരുന്നു. പെട്ടെന്ന് ആരൊക്കെയോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ട്. കരോള്‍ സംഘത്തില്‍ നിന്നു പല ശബ്ദങ്ങള്‍ ഉയര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തറവാട്ടിലേക്ക് കുറേപ്പേരെ എടുത്തുകൊണ്ടു വന്നു. വെള്ളത്തില്‍ വീണ കോഴിയെപ്പോലെ - ഞങ്ങള്‍ കാണാന്‍ കാത്തിരുന്ന - ക്രിസ്തുമസ് പാപ്പ. വയറ്റില്‍ വെച്ചു കെട്ടിയിരുന്ന തലയിണയില്‍ നിന്നും വെള്ളം കുറേശ്ശെയായി പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു കാഴ്ച തന്നെ യായിരുന്നു അത്. 

അടുത്ത വര്‍ഷം അവര്‍ കരോളിനു ഇറങ്ങിയപ്പോള്‍ സ്റ്റെപ്പിനി ആയി വേറൊരു പാപ്പ കൂടി ഉണ്ടായിരുന്നെത്രേ!