Wednesday, April 11, 2012

സദാശിവനും വിദേശ സ്ത്രീകളും


പെസഹാ വ്യാഴവും ദുഃഖവെള്ളിയിലെയും തിരുക്കര്‍മ്മങ്ങളിലൂടെ കടന്നു പോയപ്പോള്‍ (പീഢാനുഭവ ചരിത്ര വായനയും മറ്റും) പണ്ട് മതബോധനക്ലാസ്സുകളില്‍ ആദ്യമായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ വായിപ്പിച്ച കാര്യം ഓര്‍മ്മയിലേക്കു വന്നു.

ഒന്പതാം ക്ലാസ്സിന്റെ ചാര്‍ജ്ജ് ആയിരുന്നു അന്ന്. ആ സമയത്താണ് ബൈബിള്‍ ഭാഗം മതബോധന പരീക്ഷയിലേക്ക് കടന്നു വരുന്നത്. ഓരോ ക്ലാസ്സുകാര്‍ക്കും രണ്ടോ മൂന്നോ അധ്യായങ്ങളുണ്ടാകും. അതില്‍  നിന്നു ഒരു ചോദ്യവും ഉണ്ടാകും. അതിനാല്‍ പരീക്ഷയ്ക്ക് രണ്ടു മൂന്ന് ആഴ്ചയ്ക്കു മുന്പായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ ഭാഗം വായിപ്പിക്കും – വെറുതെ ഒന്ന് അറിഞ്ഞിരിക്കട്ടെ എന്നു വിചാരിച്ച്.

ഒരു ഖണ്ഡിക വീതം ഓരോരുത്തരെക്കൊണ്ട് വായിപ്പിക്കാം എന്നു ഞാന്‍ കരുതി. കാരണം അല്ലായെങ്കില്‍  മറ്റുള്ളവര്‍ വെറുതെ ഇരുന്ന് ഓരോ ഗോഷ്ടികള്‍ തുടങ്ങും. ഇങ്ങിനെയാകുന്പോള്‍  അടുത്തത് വായിക്കണമല്ലോ എന്നു കരുതിയെങ്കിലും അടങ്ങിയിരിക്കുമല്ലോ. നാല്പതു പേരുള്ള ക്ലാസ്സുമാണ്.

ബൈബിളിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസ്സിലാകുന്നത് മൂന്നു പേര് മാത്രമേ ബൈബിള് വീട്ടില്‍  വെച്ച് വായിക്കാറുള്ളൂ. ബാക്കിയുള്ളവര് തൊട്ടിട്ടു പോലുമില്ല. അവരെക്കൂടി ബൈബിള്‍ വായനയില്‍ എങ്ങിനെയെങ്കിലും പങ്കെടുപ്പിക്കണമെന്നു കരുതി രണ്ടാഴ്ച ബൈബിള്‍ ഭാഗം മാത്രമേ എടുക്കൂ എന്ന് ഞാന്‍  മനസ്സില്‍ തീരുമാനിച്ചു. പക്ഷേ, പിറ്റേ ആഴ്ച ബൈബിള്‍ വീട്ടില്‍ നിന്നുമെടുക്കാന്‍ ഞാന്‍ തന്നെ മറന്നു പോയി. അതിനാല്‍ പെട്ടെന്ന് പോയി സ്ക്കൂളിന്റെ മുന്‍ വശത്തുള്ള ബോബന്‍റെ വീട്ടില്‍  നിന്നും ഒരു ബൈബിള്‍ സംഘടിപ്പിച്ചു വിദ്യാര്‍ ത്ഥികള്‍ക്കു വായിക്കാനായി നല്കി.

ബൈബിളില്‍ നിന്ന് ലൂക്കായുടെ സുവിശേഷം മുഴുവന്‍ വായിപ്പിക്കാമെന്ന് കരുതി തുടങ്ങി. ഓരോരുത്തരെക്കൊണ്ടും ഒരധ്യായത്തിന്റെ പകുതി വീതം വായിപ്പിച്ചു. അങ്ങിനെ വായിച്ചു കൊണ്ടിരുന്നുപ്പോഴാണ് സജി വായിച്ചുകൊണ്ടിരുന്നുതില്‍  നിന്നും ഇങ്ങിനെ കേട്ടത് – "മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍  അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ വിദേശസ്ത്രീകളുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു".

ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങിനെയും ബൈബിളിലുണ്ടോ. ഞാന്‍ ആ ബൈബിള്‍ വാങ്ങി കവര്‍  പരിശോധിച്ചു – സമാധാനം, അന്നാളുകളില്‍ കത്തോലിക്ക ഭവനങ്ങളിലുണ്ടായിരുന്ന ഓശാന പബ്ലിക്കേഷന്റെ ബൈബിള്‍ തന്നെയായിരുന്നു അത് . അതിനാല്‍ അവന്‍ വായിച്ച ഭാഗം എടുത്ത് ഞാന്‍ നോക്കി. മനസ്സില്‍ പൊട്ടിയ ചിരി പിടിച്ചു നിര്‍ത്താനായില്ല, അതു പുറത്തേക്കും വന്നു. അതിലെഴുതിയിരുന്നുത് വിദേശസ്ത്രീകള്‍ എന്നായിരുന്നില്ല വേദശാസ്ത്രികള്‍ എന്നായിരുന്നു.

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു. ഏതായാലും എല്ലാവരും ഉഷാറായി വായിച്ചു. പലരുടെയും വായില്‍ നിന്നു വെള്ളികള്‍ നിരവധി വീണുകൊണ്ടിരുന്നു. എല്ലാവരും നന്നായി രസിച്ചു. പക്ഷേ, നിമ്മിയുടെ വായില്‍ നിന്നും വീണ വെള്ളി കേട്ട് ഞാന്‍ വീണ്ടും ഞെട്ടി.

ഈ സംഭവമെല്ലാം കണ്ടുകൊണ്ടിരുന്നു സദാശിവന്‍  ദൈവത്തെ സ്തുതിച്ചു കൊണ്ടു പറഞ്ഞു, ഈ മനുഷ്യന്‍ തീര്‍ച്ചായും നീതിമാനായിരുന്നു.

ശതാധിപന്‍ എന്നുള്ളതിന് സദാശിവന്‍ എന്നു വായിച്ച് അയല്‍ വക്കത്തുള്ള സദാശിവന്‍ ചേട്ടനെക്കൂടി ഇവര്‍ ബൈബിളില്‍ കയറ്റിയല്ലോ എന്നോര്‍ത്ത്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ചിരി വന്നു കൊണ്ടിരിക്കുന്നു.