Saturday, March 21, 2026

കന്യാകുമാരിയും ആറല്‍വായ്‌മൊഴിയും

ഇതൊരു യാത്രാ വിവരണമാണ്.

ഏകദേശം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു കന്യാകുമാരി യാത്ര. ഇപ്രാവശ്യം കുടുംബത്തോടൊപ്പമാണ് യാത്ര നടത്തിയത്. 

എല്ലായ്‌പോഴു സ്വന്തം ജില്ലക്ക് അകത്തായിരുന്നു യാത്രകള്‍ നടത്തിയിരുന്നത്. മക്കളെല്ലാം ഇപ്രാവശ്യം ജില്ലക്കു പുറത്തോ സംസ്ഥാനത്തിന് പുറത്തോ യാത്ര വേണമെന്ന് ഒരുമിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യാത്ര സംസ്ഥാനത്തിന് പുറത്തേക്ക് ആകാമെന്നു വെച്ചു. യാത്രയുടെ ചിന്തകള്‍ കഴിഞ്ഞ ഡിസംബറില്‍ ആണ് വന്നത്. അങ്ങിനെ ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് വി. ദൈവസഹായത്തിന്റെ (Devasahayam Mount) സ്ഥലമാണ്. ഏകദേശം പത്തിരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്നേ പോയ മണിയടിച്ചാം പാറയാണ് മനസ്സിലേക്ക് വന്നത്. മക്കളാണെങ്കില്‍ അങ്ങിനെയൊരു സ്ഥലത്തേക്കുറിച്ച് അറിയാന്‍ പാടില്ല എന്നു പറഞ്ഞു. അങ്ങിനെ ദൈവസഹായം കുന്നിലേക്ക് (Devasahayam Mount) യാത്ര തീരുമാനിച്ചു. ഏതായാലും അവിടെ പോകുമ്പോള്‍ ഇന്ത്യയുടെ തെക്കേയറ്റമായ കന്യാകുമാരി കൂടി സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. 


ഡിസംബറില്‍ തന്നെ യാത്രയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി. ആദ്യം യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ബുക്കു ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റാണ് (IRCTC) ഇതിനായി ഉപയോഗിച്ചത്. പോകുവാനും തിരിച്ചു വരാനുമുള്ള ടിക്കറ്റുകള്‍ ബുക്കു ചെയ്തു. പിന്നെ എവിടെ താമസിക്കണമെന്നുള്ള സംശയമായിരുന്നു. നിരവധി ഹോട്ടലുകളും മറ്റും ഗൂഗിള്‍ കാണിച്ചു തന്നെങ്കിലും വിവേകാനന്ദ കേന്ദ്രയുടെ (https://www.vrmvk.org/)സൗകര്യമാണ് തെരഞ്ഞെടുത്തത്. 


അങ്ങിനെ ഫെബ്രുവരി 6-ാം തിയ്യതി യാത്രയാരംഭിച്ചു. കുടുംബം ഒന്നിച്ചുള്ള സംസ്ഥാനം വിട്ടുള്ള ആദ്യയാത്ര. ആലുവ സ്റ്റേഷനില്‍ നിന്നുമാണ് ട്രെയിന്‍ കയറിയത്. അരമണിക്കൂര്‍ വൈകിയാണ് പരശുറാം എക്‌സ്പ്രസ്സ് (16649 മംഗലാപുരം കന്യാകുമാരി) വന്നതെങ്കിലും പതിനഞ്ചു മിനിറ്റ് വൈകി കന്യാകുമാരിയില്‍ എത്തി. യാത്രയില്‍ കഴിക്കുവാന്‍ ഭാര്യ എല്ലാവര്‍ക്കും ചോറുപൊതികള്‍ റെഡിയാക്കിയിരുന്നു. സെക്കന്റ് ക്ലാസ്സ് സീറ്ററില്‍ യാത്ര അല്പം ബുദ്ധിമുട്ടായി തോന്നി. സീറ്റ് വലുപ്പം നോക്കിയപ്പോള്‍ മൂന്നു പേര്ക്കിരിക്കാവുന്ന സീറ്റ് കെഎസ്ആര്‍ടിസിയെക്കാളും ചെറുതായി തോന്നി.  ആദ്യ കുറച്ചു മണിക്കൂറുകള്‍ റെയില്‍വേ കാറ്ററിംഗ് ജീവനക്കാര്‍ വന്നിരുന്നുവെങ്കിലും കൊല്ലം കഴിഞ്ഞപ്പോള്‍ മുതല്‍ അവരെ കാണാതെയായി. (പിന്നീടാണ് അറിഞ്ഞത്, പരശുറാമില്‍ കാറ്ററിംഗ് ക്യാബിന്‍ ഇല്ല എന്നത്).


ഏകദേശം രാത്രി 9.45 ന് കന്യാകുമാരി സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും അല്പം നടന്ന് ഹോട്ടല്‍ സംസമില്‍ കയറി ഡിന്നര്‍ കഴിച്ചു. അതിനു ശേഷം ഓട്ടോറിക്ഷയ്ക്കായി കാത്തു നിന്നു. താമസിക്കുന്ന സ്ഥലത്തേക്ക് ഏകദേശം 2 കിലോമീറ്റര്‍ ദൂരവും രാത്രി 10 മണി കഴിഞ്ഞതിനാലും ചാര്‍ജ്ജ് എന്തു വേണമെങ്കിലും ചോദിക്കുമല്ലോ എന്നു കരുതിയാണ് ഓരോ ഓട്ടോറിക്ഷയും പ്രതീക്ഷിച്ചു നിന്നത്. ഞാന്‍ മനസ്സില്‍ ഞങ്ങള്‍ 9 പേരെ കൊണ്ടുപോകുന്നതിന് ഏകദേശം 200 രൂപ കണക്കാക്കി. അങ്ങിനെ നില്‍ക്കുമ്പോള്‍ അതാ ഒരു അണ്ണന്‍ ഞങ്ങളുടെ അടുത്തെത്തി നിര്‍ത്തി. എവിടെക്കാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ക്ക് 20 രൂപവെച്ച് തന്നാല്‍ മതി എന്നു പറഞ്ഞു. ഞാന്‍ വിചാരിച്ചു, രണ്ടു ട്രിപ്പ് അടിക്കുമായിരിക്കും. ആദ്യം 5 പേര്‍ കയറി, അപ്പോള്‍ അണ്ണന്‍ പറയുന്നു ബാക്കിയാളുകള്‍ കൂടി കയറി്‌ക്കോ എന്ന്. എവിടെ കയറും എന്നു ചോദിച്ചപ്പോള്‍ ഒരു പ്രത്യേക സീറ്റ് അദ്ദേഹം വലിച്ചിട്ടു - -  ട്രെയിനില്‍ ഇരിക്കുന്ന പോലെ. അങ്ങിനെ 8 പേരെ പിന്നിലും ഒരാളെ ഡ്രൈവറുടെ സീറ്റില്‍ വശത്ത് ഇരുത്തിയും അണ്ണന്‍ യാത്ര തുടര്‍ന്നു. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു ആ യാത്ര. അണ്ണന്‍ പറഞ്ഞു, ചേട്ടാ, ഇത് കന്യാകുമാരിയാണ് പോലീസ് അനുമതിയോടെയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. 20 പേരെയൊക്കെ നിസ്സാരമായി ഞങ്ങള്‍ യാത്ര ചെയ്യിക്കാറുണ്ടെന്ന്.

Autorickshaw

അതു കൂടാതെ തന്റെ ഓട്ടോറിക്ഷയുടെ ഭംഗി കൂടി കാണിച്ചു തരാന്‍ അണ്ണന്‍ അകത്തെ വര്‍ണ്ണശബളമായ ലൈറ്റുകള്‍ കൂടി അദ്ദേഹം കത്തിച്ചു കാണിച്ചു. അത്രയും നേരം മിണ്ടാതിരുന്ന പൊന്നുസ് (ഇളയ മകള്‍) അതു കണ്ടപ്പോള്‍ അറിയാതെ തന്നെ കൈ കൊട്ടി. അങ്ങിനെ വിവേകാനന്ദ കേന്ദ്രയില്‍ 10 മിനിറ്റിനുള്ളില്‍ എത്തിച്ചേര്‍ന്നു. വലിയൊരു കോമ്പൗണ്ടാണ് വിവേകാനന്ദ കേന്ദ്രയുടെ ക്യാംപസ്.

Entrance to Vivekananda Kendra Campus
Vivekananda Kendra Reception

Vivekananda Kendra Reception



രാത്രി 10 മണി കഴിഞ്ഞെങ്കിലും ജീവനക്കാര്‍ നല്ല പെരുമാറ്റം ആയിരുന്നു. അപ്പോള്‍ തന്നെ ബുക്കിംഗിന്റെ നമ്പര്‍ പറഞ്ഞപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു, അതു കാണിച്ചപ്പോള്‍ തന്നെ താക്കോല്‍ എടുത്തു, ഒരു ജീവനക്കാരനെ ഞങ്ങളെ മുറി കാണിച്ചുതരുവാനായി അയച്ചു. വളരെ മനസ്സിന് കുളിര്‍മ നല്‍കുന്ന - പഴമയുടെ സൗന്ദര്യമുള്ള മുറി. നാലു ബെഡ്ഡുകള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നു. ഒരു കുളിമുറിയും ഒരു കക്കൂസ് മുറിയും ഉള്‍പ്പെടുന്ന റൂം. രാവിലെ 5.30 എല്ലാവരും ഏഴുന്നേല്‍ക്കണമെന്ന് പറഞ്ഞ് കിടന്നുറങ്ങി.


രാവിലെ എല്ലാവരും 5.45 ആയപ്പോഴെക്കും റെഡി ആയിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ അതിര്‍ത്തി സമൂദ്രതീരം വരെ ഉണ്ടായിരുന്നതിനാല്‍ അവിടെ വരെ താറിട്ട റോഡ് ഉണ്ടായിരുന്നു. അതിനാല്‍ കാമ്പസിനകത്തു നിന്നും തന്നെ നമുക്ക് സൂര്യോദയം കാണുവാന്‍ സാധിക്കുമായിരുന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഏതോ ഒരു സ്‌ക്കൂളിലെ കുട്ടികളും വടക്കേ ഇന്ത്യക്കാരായ നിരവധി പേരും അവിടെ ഉണ്ടായിരുന്നു. 6.40 ന് സൂര്യനുദിച്ചു അതെല്ലാം ആസ്വദിച്ച് തിരിച്ച് റൂമിലെത്തി. പ്രഭാത ഭക്ഷണം അവിടെയുള്ള ഹോട്ടല്‍ ചിത്രയില്‍ നി്ന്നും കഴിച്ചു. അവിടെ നി്ന്നും ടൗണിലേക്ക് ബസ് സൗകര്യം ഉണ്ടെന്ന് അവിടുത്തെ ഒരു സ്റ്റാഫ് പറഞ്ഞതിനാല്‍ ഞങ്ങളവിടെ കാത്തിരുന്നു. കുറച്ചു സമയത്തിനകം ഒരു എസി ബസ് വന്നു. അവിടെ താമസിക്കുന്നവരെ സൗജന്യമായി ടൗണിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും കൊണ്ടു വിടുന്ന സര്‍വ്വീസാണത്. ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസുകള്‍ നടത്തുന്നു. അതില്‍ കയറി ടൗണിലേക്ക് യാത്രയായി.

Sunrise at Kanyakumari

Sunrise at Kanyakumari

Bus timing - Vivekananda Kendra

Kanyakumari Darshan


ടൗണിലെത്തിയപ്പോള്‍ വിവേകാനന്ദ പാറയിലേക്ക് പോകുവാന്‍ ബോട്ടില് കയറുവാന്‍ പോയി. അവിടുത്തെ ക്യൂ കണ്ടപ്പോള്‍ തന്നെ മനസ്സ് മടുത്തു പോയി. പിന്നെ അവിടുത്തെ കന്യാകുമാരി ദേവി ക്ഷേത്ര പരിസരത്തും ഇന്ത്യയടെ തെക്കേ അറ്റത്തുള്ള മണ്ഡപത്തിലും സന്ദര്‍ശനം നടത്തി.



Vivekananda Rock, Kanyakumari




Sri Vivekananda @ Kanyakumari

Sree Kanchi Kamakodi @ Kanyakumari

Gandhi Memorial at Kanyakumari

Inscription at Gandhi Memorial

Ponnus with British Lady


അവിടെ നിന്നും ഗാന്ധി മണ്ഡപത്തിലും സന്ദര്‍ശനം നടത്തി. അവിടെ വെച്ച് പൊന്നുവിന് മദാമ്മയുമായി സംസാരിക്കണമെന്ന ആഗ്രഹമുദിച്ചു. ഒരു ബ്രിട്ടിഷുകാരിയുമായി അവള്‍ കേറി സംസാരിച്ചു. അവളുമായി ഒരു ഫോട്ടോ എടുത്തിട്ടാണ് അവളവരെ പറഞ്ഞയച്ചത്. 


അതിനുശേഷം ക്യാപ്റ്റന്‍ ഡെലനോയി തിരുവിതാംകൂറിന്റെ പടനായകനായിരുന്നപ്പോള്‍ നിര്‍മ്മിച്ച വട്ടക്കോട്ട സന്ദര്‍ശിക്കുവാനായി പോയി. Uber സര്‍വ്വീസ് ലഭിക്കാത്തതിനാല്‍ ഒരു ഓട്ടോറിക്ഷ വിളിച്ചാണ് അവിടേക്ക് പോയത്. ഏകദേശം 6 കിലോമീറ്ററാണ് ദൂരം. തിരുവിതാംകൂറിന്റെ ചിഹ്നം കണ്ടപ്പോള്‍ ശരിക്കും കേരളത്തിന്റെ ഓര്‍മ്മയാണ് വന്നത്. ഏകദേശം ഒരു ചതുരാകൃതിയിലാണ് കോട്ടയുടെ നിര്‍മ്മാണം. മുകളിലേക്ക് കയറുവാനും പീരങ്കികള്‍ ഉരുട്ടിക്കയറ്റുവാനും സൗകര്യമുണ്ട്. ഒരു നിരീക്ഷണ കോട്ടയായിട്ടാണ് അന്നത് അവിടെ നിര്‍മ്മിച്ചത്.  ഇന്നു നല്ല രീതിയില്‍ അതു അവര്‍ സംരക്ഷിക്കുന്നുണ്ട്. വൈകുന്നേരം ആണ് ഈ സ്ഥലം കാണുവാനുള്ള ഏറ്റവും നല്ല സമയം.

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari


തിരിച്ച് വിവേകാനന്ദകേന്ദ്രയില്‍ എത്തി ഭക്ഷണം കഴിച്ചു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും വിവേകാനന്ദ കേന്ദ്രത്തിലെ ബസ്സില്‍ ടൗണിലെത്തി. ലക്ഷ്യം വി. ദൈവസഹായത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ആറല്‍വായ്‌മൊഴി ആയിരുന്നു. കന്യാകുമാരി ബസ് സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു ബസ്സ് മാത്രമാണ് അതു വഴി പോകുന്നത്, അല്ലെങ്കില്‍ നാഗര്‍കോവില്‍ ബസ് സ്‌റ്റേഷനില്‍ നിന്നും കുറച്ചധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ആറല്‍വായ്‌മൊഴി വഴിയാണെന്നറിഞ്ഞു. അവിടെ ന്ിന്നുമുള്ള ബസ്സ് 4.45 നാണ് പക്ഷേ അതില്‍ പോയാല്‍ 6 മണി കഴിയും അവിടെ എത്താന്‍, അപ്പോഴെക്കും രാത്രിയുമാകും. അതിനാല്‍ അവിടെ തന്നെ Uber പോലെ സര്‍വ്വീസ് നടത്തുന്ന CabOCab എന്ന ടീമിനെ കണ്ടെത്തുന്നത്. കാള വണ്ടി പോലും അവര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഏതായാലും 9 പേര്‍ക്ക് കയറാവുന്ന കാറുതന്നെ അവര്‍ നല്‍കി. അങ്ങിനെ ഞങ്ങള്‍ 5.30 ന് ദിവ്യബലിക്കുള്ള ആദ്യ മണി അടിച്ചപ്പോള്‍ തന്നെ അവിടെയെത്തി. 


ഒരു പ്രാവശ്യം അവിടെ പോയിട്ടുള്ളതു കൊണ്ട് കുടുംബത്തിന് വി. ദൈവസഹായത്തിന്റെ ചരിത്രം വിവരിച്ചു കൊടുത്തു. അദ്ദേഹം മരിച്ച സ്ഥലം കാണുവാന്‍ അവരെയെല്ലാം കൊണ്ടുപോയി കാണിച്ചു. മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍  മുട്ടുകുത്തിയ സ്ഥലം കുഴിഞ്ഞതും അദ്ദേഹത്തിനായി നീരുറവ  വന്നതും വെടിയേറ്റു വീണ സ്ഥലവും. ഇപ്പോള്‍ അതെല്ലാം ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും എഴുതി വെച്ചിട്ടുണ്ട്. പിന്നെ അവരെ കൊണ്ടുപോയി മണിയുടെ ശബ്ദം ഉണ്ടാക്കുന്ന പാറ കാണിച്ചു കൊടുത്തു. വളരെ അത്ഭുതമായിരുന്നു അവര്‍ക്ക്. ഇത്രവലിയ പാറയില്‍ നിന്നും മണി അടിക്കുന്ന പോലെയുള്ള ശബ്ദം വരുന്നത് അവര്‍ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അതില്‍ കല്ലെടുത്ത് മുട്ടി നോക്കിയാണ് വിശ്വസിച്ചത്. താഴേക്ക് ഇറങ്ങി അവിടെയുള്ള സൗകര്യങ്ങള്‍ എല്ലാം നോക്കി.  ഇപ്പോള്‍ വളരെ മാറ്റം അവിടെയെല്ലാം ആയി. നല്ലൊരു ആരാധന കേന്ദ്രവും കുരിശിന്റെ വഴി സ്ഥലങ്ങളും ഇപ്പോഴുണ്ട്. കുറച്ചു സമയത്തിനു ശേഷം ദിവ്യബലിക്ക് കയറി. Our Lady of Sorrosw ന്റെ നാമധേയത്തിലുള്ള പള്ളിയാണ്. ഞങ്ങള്‍ ചെന്ന ദിവസം തിരുന്നാളിന് ഒരുക്കമായുള്ള പരിപാടികള്‍ ആയിരുന്നു. ഏകദേശം 8 മണിവരെ ദിവ്യബലി ഉണ്ടായിരുന്നു. അപ്പോഴേക്കും ഞങ്ങളെ കൊണ്ടുപോകുവാനായി കാര്‍ വന്നിരുന്നു. തിരിച്ച് വിവേകാനന്ദ കേന്ദ്രയിലെത്തി ഭക്ഷണം കഴിച്ചു ഉറങ്ങുവാനായി പോയി.

Devasahayam Mount Shrine, Aralvaimozhi
Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

The Bell Rock, Maniyadichampara, Devasahayam Mount Shrine, Aralvaimozhi

View from Devasahayam Mount



പിറ്റേദിവസം ഞാനും ഭാര്യയും കൂടി ഒരിക്കല്‍ കൂടി സൂര്യോദയം കാണുവാനായി പോയി. അധികം തിരക്ക് ഉണ്ടായിരുന്നില്ല. അവിടെ നിന്നും തിരിച്ചു വരുന്ന വഴി അവിടെ വളര്‍ത്തുന്ന മയിലുകളെ കണ്ടു. തിരിച്ചെത്തി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ താക്കോല്‍ തിരിച്ചേല്‍പിച്ചു യാത്ര തിരിച്ചു. അവിടുത്തെ ബസ്സ് ഞങ്ങളെ കന്യാകുമാരി സ്‌റ്റേഷനില്‍ എത്തിച്ചു തന്നു. 10.10 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ബംഗലൂരു ട്രെയിനാണ് ബുക്കു ചെയ്തിരുന്നത് (16525 - കന്യാകുമാരി - കെഎസ്ആര്‍ ബെംഗലൂരു). സെക്കന്റ് സ്ലീപ്പര്‍ ആയിരുന്നതിനാല്‍ വളരെ സൗകര്യപ്രദമായിരുന്നു യാത്ര. വൈകീട്ട് 6.15 ന് ആലുവയില്‍ എത്തുകയും 7.30 ഓടെ വീട്ടില്‍ എത്തിച്ചേരുകയും ചെയ്തു.

Kanyakumari Railway Station

Timing at Kanyakumari Railway Station

Kanyakumari Railway Station


Monday, August 19, 2013

വർഗീസ്‌ ചേട്ടന്റെ കുര്ബ്ബാന സ്വീകരണം

വർഗീസ്‌ ചേട്ടനെ എപ്പോഴും  സന്തോഷവാനയിട്ടാണ് കാണുവാൻ കഴിയുക. കാരണം എപ്പോഴും “വെള്ളത്തിൽ” ആയിരിക്കും കക്ഷി. പള്ളിയിൽ പോലും വെള്ളത്തിൽ ആയിരിക്കും ഇരിക്കുക. വികരിയച്ചൻ അദ്ദേഹത്തോട് പറഞ്ഞു പറഞ്ഞു തോറ്റു.
 
അങ്ങിനെയിരിക്കെ, ഇടവകയിലേക്ക് പുതിയൊരു കൊച്ചച്ചൻ വന്നു. മാലയിടാനും മറ്റും വർഗീസ്‌ ചേട്ടൻ ഉണ്ടായിരുന്നു. കുടിച്ചുകൊണ്ടു എല്ലാക്കാര്യത്തിലും മുന്പന്തിയില് നില്ക്കുന്ന വര്ഗ്ഗീസ് ചേട്ടനെന കൊച്ചച്ചൻ നോക്കി വെച്ചു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ വികാരിയച്ചൻ കൊച്ചച്ചനോട് ഇടവകയെക്കുറിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോൾ വർഗീസ്‌ ചേട്ടനും അവരുടെ സംസാര വിഷയമായി.
 
“അയാളെക്കൊണ്ട് ഞാൻ തോറ്റു. എപ്പോൾ നോക്കിയാലും കുടിച്ചു വെളിവില്ലാതെ നടക്കുന്ന മനുഷ്യൻ. എത്ര ഉപദേശിച്ചിട്ടും യാതൊരു കാര്യവുമില്ല. എല്ലാ ദിവസവും പള്ളിയിൽ വരും – കുര്ബ്ബനയും സ്വീകരിക്കും, കൊടുത്തില്ലെങ്കിൽ നിരയിൽ നിന്ന് മാറുകയുമില്ല മാത്രമല്ല മറ്റുള്ളവര്ക്ക് കൊടുക്കാൻ സമ്മതിക്കുകയുമില്ല.” വികരിയച്ചൻ തന്റെ സങ്കടം കൊച്ചച്ചനോട് പങ്കു വെച്ചു.
 
പിറ്റേ ദിവസം കൊച്ചച്ചൻ ആയിരുന്നു ദിവ്യബലിക്ക്. കൊച്ചച്ചൻ നോക്കിയപ്പോൾ അതാ മുൻപിൽ തന്നെ വെള്ളമടിച്ചു കിറുങ്ങി വർഗീസ്‌ ചേട്ടൻ ഇരിപ്പുണ്ട്. അങ്ങിനെ കുര്ബ്ബനക്ക് കൊടുക്കുന്ന സമയം ആയി. കൊച്ചച്ചൻ വിശുദ്ധ കുര്ബ്ബന ജനങ്ങൾക്ക്‌ കൊടുക്കാൻ കൊണ്ടുവന്നു. അപ്പോളതാ, നിരയിലേക്ക് വർഗീസ്‌ ചേട്ടനും ഇടിച്ചു കയറി നിന്നു. അച്ചന്റെ അടുത്തേക്ക് വന്നു വിശുദ്ധ കുര്ബ്ബനക്കായി കണ്ണടച്ച് നാക്ക്‌ നീട്ടിയ വർഗീസ്‌ ചേട്ടന്റെ നാക്കിലേക്ക് “ക്രിസ്തുവിന്റെ ശരീരം” എന്ന് പറഞ്ഞു  അച്ചൻ തന്റെ ഉടുപ്പിലുണ്ടായിരുന്ന ഒരു ബട്ടണ്‍ പൊട്ടിച്ചു വെച്ച് കൊടുത്തു. വെള്ളത്തിലായിരുന്ന വർഗീസ്‌ ചേട്ടൻ ഇതറിയാതെ വളരെ ഭക്തിപൂര്വ്വം സ്വസ്ഥാനത്തു പോയിരുന്നു കൊണ്ട് തന്റെ വായിലുണ്ടായിരുന്ന “ക്രിസ്തുവിന്റെ ശരീരം” നുണഞ്ഞു ഇറക്കുവാൻ തുടങ്ങി. അത് ഫലിക്കാതെ പോയപ്പോൾ സാവധാനം കടിക്കുവാൻ തുടങ്ങി. ശബ്ദം കേട്ട് അടുത്തിരിക്കുന്നവർ അദ്ദേഹത്തെ നോക്കിയപ്പോൾ ഒന്നുമില്ലായെന്നു കണ്ണടച്ച് ആംഗ്യത്തിലൂടെ കാണിച്ചു.  ആ സമയതിന്നുള്ളിൽ  കുര്ബ്ബാന തീര്ന്നു,
 
എല്ലാവരും പുറത്തേക്കിറങ്ങി. വർഗീസ്‌ ചേട്ടനും പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങി. അപ്പോഴതാ പുതിയ കൊച്ചച്ചൻ ആളുകളുമായി സംസാരിച്ചു സങ്കീർത്തീയിൽ നിന്നും ഇറങ്ങി വരുന്നു. അദ്ദേഹം കൊച്ചച്ചന്റെ അടുത്തേക്ക് ചെന്നു. വർഗീസ്‌ ചേട്ടനെ കണ്ട കൊച്ചച്ചന്റെ മനസ്സില് ലഡ്ഡു പൊട്ടി. വർഗീസ്‌ ചേട്ടനെ ഒന്ന് കളിയാക്കാം എന്ന് കരുതി അച്ചൻ ചോദിച്ചു, “എന്തൊക്കെയുണ്ട് ചേട്ടാ, കുര്ബ്ബ്ന സ്വീകരിച്ചല്ലോ അല്ലെ?”
 
വർഗീസ്‌ ചേട്ടൻ മറുപടി നല്കി, “അച്ചാ, ഈ ചതി എന്നോട് വേണ്ടായിരുന്നു.” അച്ചന് ഇതു കേട്ട് ഞെട്ടി, പഹയന് എന്താണാവോ പറയുവാന് പോകുന്നത്. ആളുകളെല്ലാം ഇത് കേട്ട് എന്താണെന്നറിയാൻ വർഗീസ്‌ ചേട്ടനെ നോക്കി. അദ്ദേഹം കൂടി നിന്നവരെ നോക്കി തുടർന്നു,
“കര്ത്താവിന്റെ ശരീരം എന്ന് പറഞ്ഞു അച്ചൻ എനിക്ക് കര്ത്താവിന്റെ എല്ലാണല്ലെ തന്നത്?. ഇതാണെങ്കിൽ കടിച്ചിട്ട്‌ മുറിയുന്നുമില്ല.”
എന്ന് പറഞ്ഞു തന്റെ നാക്കിൽ ഉണ്ടായിരുന്ന “കര്ത്താവിന്റെ എല്ല്” എല്ലാവരെയും കാണിച്ചു കൊടുത്തു.

Wednesday, April 11, 2012

സദാശിവനും വിദേശ സ്ത്രീകളും


പെസഹാ വ്യാഴവും ദുഃഖവെള്ളിയിലെയും തിരുക്കര്‍മ്മങ്ങളിലൂടെ കടന്നു പോയപ്പോള്‍ (പീഢാനുഭവ ചരിത്ര വായനയും മറ്റും) പണ്ട് മതബോധനക്ലാസ്സുകളില്‍ ആദ്യമായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ വായിപ്പിച്ച കാര്യം ഓര്‍മ്മയിലേക്കു വന്നു.

ഒന്പതാം ക്ലാസ്സിന്റെ ചാര്‍ജ്ജ് ആയിരുന്നു അന്ന്. ആ സമയത്താണ് ബൈബിള്‍ ഭാഗം മതബോധന പരീക്ഷയിലേക്ക് കടന്നു വരുന്നത്. ഓരോ ക്ലാസ്സുകാര്‍ക്കും രണ്ടോ മൂന്നോ അധ്യായങ്ങളുണ്ടാകും. അതില്‍  നിന്നു ഒരു ചോദ്യവും ഉണ്ടാകും. അതിനാല്‍ പരീക്ഷയ്ക്ക് രണ്ടു മൂന്ന് ആഴ്ചയ്ക്കു മുന്പായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ ഭാഗം വായിപ്പിക്കും – വെറുതെ ഒന്ന് അറിഞ്ഞിരിക്കട്ടെ എന്നു വിചാരിച്ച്.

ഒരു ഖണ്ഡിക വീതം ഓരോരുത്തരെക്കൊണ്ട് വായിപ്പിക്കാം എന്നു ഞാന്‍ കരുതി. കാരണം അല്ലായെങ്കില്‍  മറ്റുള്ളവര്‍ വെറുതെ ഇരുന്ന് ഓരോ ഗോഷ്ടികള്‍ തുടങ്ങും. ഇങ്ങിനെയാകുന്പോള്‍  അടുത്തത് വായിക്കണമല്ലോ എന്നു കരുതിയെങ്കിലും അടങ്ങിയിരിക്കുമല്ലോ. നാല്പതു പേരുള്ള ക്ലാസ്സുമാണ്.

ബൈബിളിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസ്സിലാകുന്നത് മൂന്നു പേര് മാത്രമേ ബൈബിള് വീട്ടില്‍  വെച്ച് വായിക്കാറുള്ളൂ. ബാക്കിയുള്ളവര് തൊട്ടിട്ടു പോലുമില്ല. അവരെക്കൂടി ബൈബിള്‍ വായനയില്‍ എങ്ങിനെയെങ്കിലും പങ്കെടുപ്പിക്കണമെന്നു കരുതി രണ്ടാഴ്ച ബൈബിള്‍ ഭാഗം മാത്രമേ എടുക്കൂ എന്ന് ഞാന്‍  മനസ്സില്‍ തീരുമാനിച്ചു. പക്ഷേ, പിറ്റേ ആഴ്ച ബൈബിള്‍ വീട്ടില്‍ നിന്നുമെടുക്കാന്‍ ഞാന്‍ തന്നെ മറന്നു പോയി. അതിനാല്‍ പെട്ടെന്ന് പോയി സ്ക്കൂളിന്റെ മുന്‍ വശത്തുള്ള ബോബന്‍റെ വീട്ടില്‍  നിന്നും ഒരു ബൈബിള്‍ സംഘടിപ്പിച്ചു വിദ്യാര്‍ ത്ഥികള്‍ക്കു വായിക്കാനായി നല്കി.

ബൈബിളില്‍ നിന്ന് ലൂക്കായുടെ സുവിശേഷം മുഴുവന്‍ വായിപ്പിക്കാമെന്ന് കരുതി തുടങ്ങി. ഓരോരുത്തരെക്കൊണ്ടും ഒരധ്യായത്തിന്റെ പകുതി വീതം വായിപ്പിച്ചു. അങ്ങിനെ വായിച്ചു കൊണ്ടിരുന്നുപ്പോഴാണ് സജി വായിച്ചുകൊണ്ടിരുന്നുതില്‍  നിന്നും ഇങ്ങിനെ കേട്ടത് – "മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍  അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ വിദേശസ്ത്രീകളുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു".

ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങിനെയും ബൈബിളിലുണ്ടോ. ഞാന്‍ ആ ബൈബിള്‍ വാങ്ങി കവര്‍  പരിശോധിച്ചു – സമാധാനം, അന്നാളുകളില്‍ കത്തോലിക്ക ഭവനങ്ങളിലുണ്ടായിരുന്ന ഓശാന പബ്ലിക്കേഷന്റെ ബൈബിള്‍ തന്നെയായിരുന്നു അത് . അതിനാല്‍ അവന്‍ വായിച്ച ഭാഗം എടുത്ത് ഞാന്‍ നോക്കി. മനസ്സില്‍ പൊട്ടിയ ചിരി പിടിച്ചു നിര്‍ത്താനായില്ല, അതു പുറത്തേക്കും വന്നു. അതിലെഴുതിയിരുന്നുത് വിദേശസ്ത്രീകള്‍ എന്നായിരുന്നില്ല വേദശാസ്ത്രികള്‍ എന്നായിരുന്നു.

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു. ഏതായാലും എല്ലാവരും ഉഷാറായി വായിച്ചു. പലരുടെയും വായില്‍ നിന്നു വെള്ളികള്‍ നിരവധി വീണുകൊണ്ടിരുന്നു. എല്ലാവരും നന്നായി രസിച്ചു. പക്ഷേ, നിമ്മിയുടെ വായില്‍ നിന്നും വീണ വെള്ളി കേട്ട് ഞാന്‍ വീണ്ടും ഞെട്ടി.

ഈ സംഭവമെല്ലാം കണ്ടുകൊണ്ടിരുന്നു സദാശിവന്‍  ദൈവത്തെ സ്തുതിച്ചു കൊണ്ടു പറഞ്ഞു, ഈ മനുഷ്യന്‍ തീര്‍ച്ചായും നീതിമാനായിരുന്നു.

ശതാധിപന്‍ എന്നുള്ളതിന് സദാശിവന്‍ എന്നു വായിച്ച് അയല്‍ വക്കത്തുള്ള സദാശിവന്‍ ചേട്ടനെക്കൂടി ഇവര്‍ ബൈബിളില്‍ കയറ്റിയല്ലോ എന്നോര്‍ത്ത്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ചിരി വന്നു കൊണ്ടിരിക്കുന്നു.




Saturday, December 18, 2010

ക്രിസ്തുമസ് ചിന്തകള്‍

ഇപ്രാവശ്യത്തെ ക്രിസ്തുമസ് ദുബായില്‍ തന്നെ. നാട്ടില്‍ പോകുവാന്‍ ലീവ് ശരിയായില്ല. കുറച്ചു വിഷമം തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ്  ദുബായിലെ  ജീസസ്  യൂത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വസിക്കുന്ന ക്യാമ്പുകളില്‍ ക്രിസ്തുമസ് കരോളുമായി പോകുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ അല്പം സന്തോഷം തോന്നി. അവിടെ ചെന്നപ്പോഴാണ് എന്റെയെല്ലാം വിഷമം ഒന്നുമല്ല. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ ഓണവും ക്രിസ്തുമസ്സും എല്ലാം ഇവിടെ തന്നെ  ചെലവഴിച്ചു, കൈയില്‍ ബാലന്‍സ് ഒന്നുമില്ലാതെ നില്‍ക്കുന്ന കുറെ സഹോദരങ്ങളെ കണ്ടത്. അവരോടൊത്തു ഈ ക്രിസ്തുമസ് ചെലവഴിച്ചപ്പോള്‍ തന്നെ മനസ്സിന് കുറച്ചു സന്തോഷം തോന്നി - എന്‍റെ മാത്രമല്ല, ആ ക്യാമ്പുകളില്‍ കഴിയുന്ന അവരുടെതും. അത് നിങ്ങള്‍ക്ക് ഈ ഫോട്ടോകളില്‍ കാണാം



ഇതിന്റെയെല്ലാം കൂടുതല്‍ ചിത്രങ്ങള്‍ കാണണമെങ്കില്‍ എന്തെ പികാസ വെബ്‌ ആല്‍ബം കാണുക.



വാല്‍ക്കഷണം:

കരോളിനു പോയപ്പോള്‍ പഴയ ചില ക്രിസ്തുമസ് കരോള്‍ സംഭവങ്ങള്‍ ഓര്‍മ്മ വന്നു. എന്‍റെ അമ്മയുടെ വീട് ഏറണാകുളം ജില്ലയിലെ ചെട്ടിക്കാട് എന്ന സ്ഥലത്താണ് - വിശുദ്ധ അന്തോണിസ് പുണ്യവാന്റെ തീര്‍ത്ഥാടന  കേന്ദ്രം നില നില്‍ക്കുന്ന സ്ഥലം. പണ്ട് അവിടമെല്ലാം നിറയെ തോടുകളും ചെമ്മീന്‍ കെട്ടുകളും നിറഞ്ഞ ഒരു സ്ഥലമയിരിന്നു. ചെറിയ തെങ്ങുകള്‍ കൊണ്ടുള്ള പാലങ്ങളും മറ്റുമായിരുന്നു അവിടമെല്ലാം. ഒരു വര്‍ഷം ക്രിസ്തുമസ് കരോള്‍ വരുന്ന സമയം - ഇപ്പോഴത്തെ പോലെ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു  ഇല്ലാത്ത കാലമല്ലേ. ചെറിയ പാട്ട വിളക്കും മറ്റുമായി കരോള്‍ സംഘങ്ങള്‍ പതിരാ കുര്‍ബ്ബാനക്ക് മുന്‍പ് ഓരോരോ വീടുകളില്‍ എത്തിച്ചേരും. അങ്ങിനെ ദൂരെ നിന്നും കൊട്ട് കേട്ടപ്പോള്‍ ഞാനും എന്‍റെ സമപ്രായത്തിലുള്ള എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അങ്ങിനെ ഞങ്ങളുടെ തറവാടിലെക്കുള്ള വരവായി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു തോട് കടക്കണം. തെങ്ങിന്‍ തടി കൊണ്ടുള്ള പാലം കടന്നു കരോള്‍ സംഘം വരുന്നു. പെട്ടെന്ന് ആരൊക്കെയോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ട്. കരോള്‍ സംഘത്തില്‍ നിന്നു പല ശബ്ദങ്ങള്‍ ഉയര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തറവാട്ടിലേക്ക് കുറേപ്പേരെ എടുത്തുകൊണ്ടു വന്നു. വെള്ളത്തില്‍ വീണ കോഴിയെപ്പോലെ - ഞങ്ങള്‍ കാണാന്‍ കാത്തിരുന്ന - ക്രിസ്തുമസ് പാപ്പ. വയറ്റില്‍ വെച്ചു കെട്ടിയിരുന്ന തലയിണയില്‍ നിന്നും വെള്ളം കുറേശ്ശെയായി പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു കാഴ്ച തന്നെ യായിരുന്നു അത്. 

അടുത്ത വര്‍ഷം അവര്‍ കരോളിനു ഇറങ്ങിയപ്പോള്‍ സ്റ്റെപ്പിനി ആയി വേറൊരു പാപ്പ കൂടി ഉണ്ടായിരുന്നെത്രേ!

Sunday, November 28, 2010

ജുമൈര റോഡ്‌ - ദുബൈ

ഇപ്രാവശ്യം ദുബൈയിലെ ജുമൈര റോഡിനെ ക്കുറിച്ചാണ് എഴുതുന്നത്‌. ദുബൈയിലെ ഏറ്റവും നല്ല പ്രദേശങ്ങളില്‍ ഒന്നാമത്തേത് ഇത് തന്നെയെന്നു തോന്നുന്നു. ദുബൈയുടെ തീരാ പ്രദേശത്ത് കൂടി കടന്നു പോകുന്ന ഈ റോഡിനു ഏകദേശം 18  കിലോ മീറ്റര്‍ നീളം ഉണ്ട്. വളവോ തിരിവോ ഇല്ലാതെ,  വഴി യാത്രക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ സിഗ്നലുകള്‍ ഒരുക്കി വെച്ചിരിക്കുന്ന ദുബായിലെ ഏക റോഡും ഇതാണെന്ന് തോന്നുന്നു.


കപ്പലിന്റെ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കസ്ടംസ് ഓഫീസ്.


ദുബൈയിലെ കസ്ടംസ് ഓഫീസിനു സമീപമുള്ള പോര്‍ട്ട്‌ റഷീദിന് സമീപത്തു നിന്നുമാണ് ജുമൈര റോഡ്‌ ആരംഭിക്കുന്നത്. ദുബായ് ഡ്രൈ ഡോക്കിനു മുന്‍വശത്ത് കൂടി യുണിയന്‍ ഓഫീസിനു സമീപത്തു നിന്നും കാഴ്ചകള്‍ ആരംഭിക്കുകയായി.

ബുര്‍ ദുബായില്‍ നിന്നും അബു ദാബിക്ക് പോകുന്ന വഴിയില്‍ വലതു വശത്തായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു പതാക കാണാം. ഇത് യുണിയന്‍ ഹൌസില്‍ നിന്നും ഉള്ളതാണ്. ജുമൈര റോഡില്‍ ബര്‍ ദുബായില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നവയില്‍ ഒന്നാണ് ഇത്. 

ഇത് കഴിഞ്ഞാല്‍ പിന്നെ യു എ ഇ യിലെ തന്നെ പഴക്കം ചെന്ന പുരാതന മായ ഒരു മസ്ജിദ് ഇടത്തു വശത്തായി കാണാം - ജുമൈര മസ്ജിദ്. എപ്പോഴും ധാരാളം സഞ്ചാരികള്‍ കയറിയിരങ്ങുന്നതു കാണാം. 
ഇത് പോലെ വഴിയില്‍ ഏകദേശം ചെറുതും വലുതുമായി മുപ്പതോളം മസ്ജിദുകള്‍ റോഡിന്‍റെ രണ്ട് വശവുമായി കാണാം.
പിന്നെ വഴിയില്‍ മുഴുവനും ചെറിയ ചെറിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സുകള്‍ ആണ്. ഒന്നോ രണ്ടോ നിലകളിലാണ് ഈ വഴിയിലെ എല്ലാ കെട്ടിടങ്ങളും. അംബര ചുംബികളായ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന ഷേക്ക് സയീദ്‌ റോഡിന്‍റെ ഒരു പാരലേല്‍ റോഡായി പോകുന്ന ഇതില്‍ എല്ലാം ചെറിയ കെട്ടിടങ്ങള്‍ മാത്രം. 
ഇതിനു സമീപമാണ് ജുമൈര ഓപ്പണ്‍ ബീച്. ധാരാളം ആളുകള്‍ വെള്ളി ശനി ദിവസങ്ങള്‍ ആഘോഷിക്കുവാന്‍ വരുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. 

വീണ്ടും യാത്രാ ചെയ്യുമ്പോള്‍ ഇരു വശത്തുമായി നിരവധി മെഡിക്കല്‍ കേന്ദ്രങ്ങള്‍ കാണുവാന്‍ കഴിയും  - സ്പാ, ഡെന്റല്‍ ക്ലിനിക്കുകള്‍, ബ്യൂടി സലൂനുകള്‍, അങ്ങിനെ മനുഷ്യ ശരീരത്തെ എങ്ങിനെയെല്ലാം സൌന്ദര്യവല്ക്കരിക്കാമോ അത്രയും ക്ലിനിക്കുകള്‍ നിര നിരയായി ഈ റോഡില്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.

ഇനിയും മുന്നോട്ടു പോയാല്‍ പിന്നെ ദുബായിലെ ആകെയുള്ള കാഴ്ച ബംഗ്ലാവ് ആണ്. പെട്ടെന്ന് ശ്രദ്ധിക്കപെടാത്ത ഒന്ന് - പക്ഷെ ധാരാളം മൃഗങ്ങളാല്‍ സമ്പന്നമാണ് ഈ ജനവാസ സ്ഥലത്തെ കാഴ്ച ബംഗ്ലാവ്. ഇതിന്‍റെ കുറെ ഫോട്ടോകള്‍ ഞാന്‍ മുന്‍പ് പികാസ എന്ന വെബ്‌ ആല്‍ബത്തില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ഇത് ഇനി ഇവിടെ നിന്നും മാറ്റി എമിരേറ്റ്സ് റോഡിലോ മറ്റോ ഏതോ ഒരു കൊച്ചു ദ്വീപിലോ സ്ഥാപിക്കാന്‍ പോവുകയനെത്രേ.)
വെറും രണ്ട് ദിര്‍ഹം മാത്രമേ പ്രവേശന ഫീസായി ഈടക്കുന്നുള്ളൂ. 

മുന്നോട്ടു പോകുമ്പോള്‍ കാണാന്‍ കഴിയുന്ന ഒന്നാണ്  പ്രശസ്തമായ മെര്‍കാടോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്  ആണ്. ഇതും വളരെ ആകര്‍ഷകം ആണ്. 
ഇതിന്‍റെ ശില്പ ചാതുര്യം ഒന്ന് എടുത്തു പറയേണ്ടത് തന്നെ. 

ഇതിനിടയില്‍ ചില വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് ഓഫീസുകള്‍ ഇഷ്ടം പോലെയും. ഓരോ രാജ്യത്തിന്റെയും കൊടിയും മുന്നിലൊരു പോലീസ് കാബിനും കാണുമ്പോഴാണ് മനസ്സിലാകുന്നത്‌. സാധാരണ ഒരു ഓഫീസ് പോലെ.

ഇതും കഴിഞ്ഞു പോരുമ്പോള്‍ വലതു വശത്തായി സ്ത്രീകള്‍ക്ക് മാത്രമായ ഒരു ക്ലബ്‌ ആണ്. (അവിടെ പോകുവാന്‍ കഴിയാത്തത് കൊണ്ട് കൂടുതല്‍ അറിയില്ല). ഇതിനു തൊട്ടടുത്താണ് പ്രശസ്തമായ ജുമൈര ബീച്ച് പാര്‍ക്ക്‌. അഞ്ചു ദിര്‍ഹം കൊടുത്താല്‍ മാത്രമേ പ്രവേശനമുള്ളൂ. ഒരു പാര്‍ക്കും ബീച്ചും ഒരുമിച്ചു - വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. 





ഇതിനു ശേഷം കുറച്ചു മുന്നോട്ടു പോയാലുള്ള സിഗ്നലില്‍ നിന്നും ഇടത്തോട്ട് പോയാല്‍ സഫ പാര്‍ക്ക് കൂടി കാണാം.



ദുബൈയിലെ ഓഫ്‌ ഷോര്‍ സെയിലിംഗ് ക്ലബ്ബും ഈ വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം യാട്ടുകള്‍ - വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ളവ - എല്ലായ്പോഴും ഇവിടെ കാണാം. 

ഇനി ഒരു പരാജയത്തിന്റെ കഥ പറയുന്ന ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ആണ്. പേര് പോലെ തന്നെ ആയിപ്പോയി അതിന്‍റെ കാര്യം. സണ്‍ സെറ്റ് എന്നാണ് പേര് - സൂര്യന്‍ അസ്തമിച്ച പോലെ അവരുടെ കച്ചവടവും അസ്തമിച്ചു പോയി - ഇതുവരെയും കടകള്‍ വിറ്റു പോയിട്ടില്ല.  സാമ്പത്തിക പ്രതിസന്ധിയുടെ ഒരു നേര്‍ക്കാഴ്ച.



ഇത് കഴിഞ്ഞു വീണ്ടും മുന്നോട്ടു പോയാല്‍ ഉം സക്കീം ക്ലിനിക്‌ ആണ്. ഒന്നര വര്‍ഷത്തോളം ബസ്സില്‍ പോകുമ്പോള്‍ - ഈ ബോര്‍ഡ്‌ കാണുമ്പോള്‍ - എനിക്ക് ചിരി വരും - കാരണം ബോര്‍ഡില്‍ സ്ടിക്കെര്‍ ഒട്ടിച്ച വ്യക്തി ഒരക്ഷരം മാറ്റിയാണ് ഒട്ടിച്ചിരിക്കുന്നത്. SUQEIM എന്നതിന് USQEIM എന്നാണ് അതില്‍. താഴെ നോക്കുക.


ഇത് കഴിഞ്ഞാലാണ് ഉം സക്കീം പാര്‍ക്കും അതിനടുത്ത ബീച്ചും (അതായതു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത ബീച്ച്). 

ബുര്‍ജ് അറബ് ഹോട്ടെല്‍ പശ്ചാത്തലത്തില്‍ വരുന്നത് കൊണ്ട് ഒരു മിക്ക ആളുകളും ഈ ബീച്ചില്‍ ആണ് വരുന്നത്. ഇവിടെ വെച്ചു ഫോട്ടോ എടുത്താലെ, ദുബായിലെ ഫോട്ടോ എടുക്കുന്നതിനു ഒരു സംതൃപ്തി വരികയുള്ളൂ (എന്‍റെ അഭിപ്രായമല്ല - എല്ലാവരും പറയുന്നതാണ് അത്).

ബീച്ചില്‍ നിന്നും മുന്നോട്ടു പോയാല്‍ ജുമൈര ബീച് ഹോട്ടെല്‍ ആണ്. ഒരു തിരമാല ഉയര്‍ന്നു നില്‍ക്കുന്ന പോലത്തെ ഷേപ്പ് ആണ്. 

ഇത് കഴിഞ്ഞാല്‍ ദുബായിലെ വാട്ടര്‍ തീം പാര്‍ക്ക്‌ ആയ വൈല്‍ഡ്‌ വാടി ആണ്. ധാരാളം ആളുകള്‍ ചൂട് കാലത്ത് ആസ്വദിക്കുവാന്‍ വരുന്ന ഒരു സ്ഥലം. മിക്കവാറും എല്ലാ ഷോപ്പിംഗ്‌ മാളുകളില്‍ നിന്നും ഇതിന്‍റെ ഡിസ്ക്കൌണ്ട് കൂപ്പണ്‍ ലഭിക്കും. നൂറ്റിയെന്‍പതു  ദിര്‍ഹം ആണ്  പ്രവേശന ഫീസ്‌.





ഇതിന്‍റെ മുന്‍ വശത്തായി ദുബായ് യുടെ മുഖ മുദ്രയായി കരുതിയിരുന്ന ബുര്‍ജ്  അല്‍ അറബ് ഹോട്ടല്‍ ആണ്. ഇതൊരു സഞ്ചരിക്കും കൌതുകമായി നില നില്‍ക്കുന്ന ഇത് എത്ര പ്രാവശ്യം കണ്ടാലും മതിയാവുകയില്ല. 

ഹെലികോപ്ടെര്‍ ഇറങ്ങുവാനുള്ള സ്ഥലമാണ്‌ മുകളില്‍ കാണുന്ന വൃത്താകൃതി. 

രാത്രി കാലങ്ങളില്‍ ഇതിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്ന  ലൈറ്റ്കളില്‍ നിന്നും വ്യത്യസ്തമായ കളറുകള്‍ ബുര്‍ജ് അല്‍ അറബിലേക്ക് പതിക്കുന്നത് കാണുവാന്‍ അതി മനോഹരം ആണ്. 

ഇതിനു തൊട്ടടുത്തായി സൂക് മദിനത് ജുമൈര എന്ന അധികം അറിയപ്പെടാത്ത, എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക് മാത്രം അറിയാവുന്ന ഷോപ്പിംഗ്‌ മാളു കൂടിയുണ്ട്. (കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക).

ഇവിടുത്തെ പന മരങ്ങള്‍ എല്ലാം തന്നെ ല്യ്റ്റുകള്‍ ഇട്ടു ആകര്‍ഷകം ആക്കിയിരിക്കുകയാണ്. 




ഇവിടം വരെ യാണ് ജുമൈര റോഡ്‌. ഇതിനു ശേഷം അല്‍ സുഫൂ റോഡ്‌ തുടങ്ങുകയാണ്. 
ജുമൈര റോഡിലെ തെരുവ് വിളക്കിന്റെ ആകൃതി ശ്രദ്ധിക്കുക.
ഈ വഴിയില്‍ ദുബായ് ഹോര്ടി കള്‍ച്ചര്‍ വിഭാഗവും ഹോട്ടല്‍ കാരും വളരെ ഭംഗിയായി ചെടികള്‍ വെട്ടി നിര്‍ത്തിയിരിക്കുന്നു. 


ഇത് വരെയാണ് ജുമൈര റോഡ്‌ - ഇതിനു ശേഷം അല്‍ സുഫൂ റോഡ്‌ ആരംഭിക്കുന്നു. ഇവിടുത്തെ സിഗ്നലില്‍ നിന്നും ഇടത്തോട്ടു പോയാല്‍ പ്രശസ്തമായ മാല്‍ ഓഫ് ദി എമിരേറ്റ്സ് ആണ്. അല്‍ സുഫൂ റോഡിലൂടെ പോയാല്‍ സാലിക് (toll) ഒഴിവാക്കി അബു ദാബിക്ക് പോവുകയും ചെയ്യാം. 




അല്‍ സുഫൂ റോഡിലെ തെരുവ് വിളക്ക് 


 കൂടുതല്‍ ചിത്രങ്ങള്‍ക്കായി പികാസ വെബ്‌ ആല്‍ബം കാണുക