Coimbatore - ചില കോയമ്പത്തൂര്‍ വിശേഷങ്ങള്‍



കോയമ്പത്തുര്‍: - കോവൈ എന്നും ഇന്ത്യയിലെ മാന്‍ചെസ്ടെര്‍ എന്നും അറിയപ്പെടുന്ന കോയമ്പത്തുര്‍ - ഇന്ത്യയിലെ തുണി-യന്ത്ര സാമഗ്രികളുടെയും ഒരു മഹാ നഗരം തന്നെ. രണ്ടര വര്‍ഷം കൊണ്ട് കോയമ്പത്തൂര്‍ എന്നെ എന്ത് പഠിപ്പിച്ചു? തമിഴ് സംസാരിക്കാന്‍ പഠിപ്പിച്ചു.

1997 നവംബറില്‍ ആണ് ഞാന്‍ കോവൈയില്‍ എത്തുന്നത്‌. എറണാകുളത്തെ കമ്പനി വണ്ടിയില്‍ കുറെ സാധനങ്ങളുമായി  നാഷണല്‍ ഹൈവേ 47 വഴി - വാളയാര്‍ വഴി - പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ അതി സുന്ദരം തന്നെ. (ഇതിനു ശേഷം  ട്രെയിനില്‍ യാത്ര ചെയ്തപ്പ്ഴാണ് വിന്ധ്യന്റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ കഴിഞ്ഞത്). 


റോഡും റയിലും സമാന്തരമായും കുറുകെയും കടന്നു പോകുന്നത്.  പിന്നെയോ നമ്മുടെ ചെക്ക്പോസ്റ്റ് കടന്നു പോകുവാന്‍ കാത്തു കിടക്കുന്ന ലോറികള്‍; അതും ഏകദേശം കിലോമീറ്റെരുകാളോളം.
 

കേരളത്തിന്റെ വാളയാര്‍ ചെക്ക്‌ പോസ്റ്റ്‌ കടന്നു തമിഴ് നാട്ടില്‍ കാലെടുത്തു കുത്തിയപ്പോഴാണ് ആദ്യ അനുഭവം.  തമിഴ് നാടിന്‍റെ ചെക്ക്‌ പോസ്റ്റ്‌ - അവിടെ ഏതാണ്ട് കുറച്ചു സമയം എടുക്കുമെന്ന് ഡ്രൈവര്‍ പറഞ്ഞു - കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അടുത്തുള്ള ചായക്കടയിലേക്ക് വിളിച്ചു കൊണ്ട് പോയി. രണ്ട് ചായ ഓര്‍ഡര്‍ ചെയ്തു. നല്ല അസ്സല്‍ ചായ തന്നെ. തിരിച്ചു വണ്ടിയിലേക്ക് വരുമ്പോള്‍ സുഹൃത്ത്‌ പറഞ്ഞു, "കഴുതപ്പാലിലാണ്  ചായ ഉണ്ടാക്കി തന്നത്. അത് കണ്ടോ?". അപ്പോഴാണ് ശ്രദ്ധിച്ചത് കടയുടെ അടുക്കള ഭാഗത്ത്‌ കഴുതകളെ നിരത്തി കെട്ടിയിട്ടിരിക്കുന്നു; ഒരു പശുവിനെ പ്പോലും കാണാനുമില്ല. അങ്ങിനെ കഴുതപ്പാലും കുടിക്കാമെന്ന് കോവൈയിലെ ആദ്യ പാഠം.

കെ ജി ചാവടി, വിന്ധ്യന്റെ മടിത്തട്ടില്‍ നില കൊള്ളുന്ന അമൃത സര്‍വകലാശാല,
ഏകദേശം മുപ്പതു അടിയോളം ഉയരമുള്ള നന്ദിയുടെ പ്രതിമ ഇതെല്ലം റോഡിന്‍റെ രണ്ട് വശത്തുമായി കാണാം. പട്ടാളത്തിന്റെ ക്യാമ്പും എ സി സി സിമന്റ് കമ്പനിയും കടന്നു മുന്നോട്ടു പോകുമ്പോള്‍ കാണുന്ന മതുക്കര, കൊവൈപുതുര്‍, കുനിയമുതുര്‍ ഇവ കഴിഞ്ഞു വരുന്ന ടോള്‍ കാണുമ്പോള്‍ മനസ്സിലാകും നമ്മള്‍ കൊവൈയിലേക്ക് കടക്കുകയാണെന്നു. കുറെ തടാകങ്ങളും വിജന പ്രദേശങ്ങളും കടന്നു കോവൈ ടൌണ്‍ നമ്മെ സ്വാഗതം ചെയ്യുന്നു - ഉക്കടം ബസ്‌ സ്റ്റാന്റ്. പൊള്ളാച്ചി, തിരുപ്പൂര്‍ പാലക്കാട്‌ ബസ്സുകള്‍ ധാരാളം കിടക്കുന്ന സ്റ്റാന്റ് ആണിത്.   ഇവിടുത്തെ തിരക്ക് കാണണമെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ഒന്ന് പോയാല്‍ മതി. വളരെ നീണ്ട ക്യു നിങ്ങള്‍ക്കിവിടെ കാണാം.

പിന്നെ വളരെ തിരക്ക് പിടിച്ച വീഥികള്‍ ആണ് - ബിഗ്‌ ബസാര്‍ റോഡ്‌, രാജാ സ്ട്രീറ്റ്, വെറൈറ്റി ഹാള്‍ റോഡ്‌ - ഇതെല്ലം പിന്നിട്ടു പോകുമ്പോള്‍ കാണാം റയില്‍വേയുടെ പ്രധാന സ്റ്റേഷന്‍ - കോയമ്പത്തൂര്‍ ജെങ്ക്ഷന്‍. അതും പിന്നിട്ടു ഡോ. നന്‍ജപ്പ റോഡ്‌ വഴി പോകുമ്പോള്‍ കോവൈയിലെ എല്ലാ ബസ്‌ സ്റ്റാന്റ് കളും കാണാം. ഇവിടെ ഏതാണ്ട് നാലഞ്ചു ബസ്‌ സ്റ്റേഷന്‍ ഉണ്ട്. മധുരൈ, സേലം, മേട്ടുപ്പാളയം, ഊട്ടി ഇവിടേയ്ക്ക് പോകുവാനുള്ള സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് വക ഒന്ന്, ലോക്കല്‍ ബസ്സുകള്‍ക്കായി  വേറൊന്നു. പിന്നെ കേരളത്തിലേക്കും, ആന്ധ്രയിലേക്കും, കര്‍ണാടകതിലെക്കും വേണ്ടിയുള്ള ഒന്ന്. പിന്നെ ഒരെണ്ണം, സ്വകാര്യ ബുസ്സുകാരുടെതായ മറ്റൊരു അന്തര്‍ സംസ്ഥാന സര്‍വീസ് സ്റ്റേഷന്‍.


തിരക്ക് പിടിച്ച ക്രോസ് കട്ട്‌ റോഡ്‌ ആണ് മുകളില്‍ കാണുന്നത്.  ഇതിലുടെ ഞാന്‍ നടന്ന ഒരു നടത്തം ഉണ്ട് - 1998 ലെ ബോംബ്‌ സ്ഫോടന സമയത്ത് - അതിനെക്കുറിച്ച് കുറച്ചു കഴിഞ്ഞു എഴുതാം. 

ശ്രീ ജി ഡി നായിഡു (1893 -1974)
 
(ഗോപലസാമി ദുരൈസാമി നായിഡു)  ജീനിയസ് എന്നു ശ്രീ ജി ഡി നായിഡുവിനെ വിളിക്കുന്നത്‌ വളരെ കുറച്ചിലാണ്. അതിലും അധികം വേണം അദ്ദേഹത്തെ വിശേഷിപ്പിക്കുവാന്‍. കോയമ്പത്തൂര്‍ന്‍റെ ചരിത്രം പറഞ്ഞാല്‍ അതില്‍ ഏറ്റവും പ്രമുഖ സ്ഥാനത്തു നില്‍ക്കുന്നത് അദ്ദേഹം ആയിരിക്കും.  ഇന്ത്യയില്‍ ആദ്യമായി ടിക്കറ്റ്‌ വെണ്ടിംഗ് മെഷിനുമായി ബസ്സുകള്‍ ഓടിച്ച വ്യക്തി (കണ്ടക്ടര്‍ ഇല്ലാതെ, പൈസ ഇട്ടാല്‍ ടിക്കറ്റ്‌ പ്രിന്‍റ് ചെയ്തു വരുന്ന മെഷീന്‍). 1920 ഇല്‍ ഒരു ബസ്സുമായി സര്‍വീസ് തുടങ്ങി, ജനങ്ങള്‍ക്ക് വേണ്ടി  1933 ഇല്‍  ഏകദേശം 280 ബസ്സുകള്‍ ഓടിച്ചു ഇദ്ദേഹം, പൈസ വേണമെങ്കില്‍ ഇടാം, ഇല്ലെങ്കിലും യാത്ര ചെയ്യാം - സൌജന്യമായി.  അതായിരുന്നു നായിഡു. 1936 ഇല്‍ അദ്ദേഹം കണ്ടുപിടിച്ച വോട്ടിംഗ് മെഷീന്‍ അമേരിക്ക അംഗീകരിച്ചു, പക്ഷെ തന്‍റെ കണ്ടുപിടുത്തം വില്‍പ്പന നടതുവനോ പ്രശസ്തിക്കോ വേണ്ടിയോ  ഉപയോഗിച്ചില്ല.  കോവൈ നഗരത്തില്‍ ഏകദേശം 5000 ചതുരശ്ര അടി സ്ഥലം  ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമ്മെര്‍സ് ആന്‍ഡ്‌ ഇന്ടുസ്ട്രി ക്ക് സൌജന്യമായി നല്‍കി. 1941 ഇല്‍ പോത്തനുരില്‍ തുടങ്ങിയ കൃഷി ഭൂമി സന്ദര്‍ശിച്ചവരില്‍ സര്‍ സി. വി. രാമന്‍, വിശ്വേസ്വരൈയ്യ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു.   


ഞാന്‍ ഇദ്ദേഹത്തെ ക്കുറിച്ച് പറഞ്ഞത് എന്തുകൊണ്ടാണെന്നോ, അദ്ദേഹത്തിന്‍റെ പേരിലുള്ള  മ്യുസിയത്തിന്റെ അടുത്തായിരുന്നു എന്‍റെ ഓഫീസ് സ്ഥിതി ചെയ്തിരുന്നത്. അവിനാശി റോഡിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. അവിടെ വെച്ചാണ്‌ അന്നു ഓടിച്ചിരുന്ന ബസ്സിന്‍റെ മോഡല്‍ കണ്ടത്. 



കോവൈ നഗരം ഒരു വ്യത്യസ്തമായ സ്ഥലം തന്നെ ആയിരുന്നു. ഒരു മിക്ക സംസ്ഥാനക്കാരും അവിടെ ഉണ്ടായിരുന്നു, മാത്രമല്ല ഏറ്റവും നല്ല വ്യാപാര നഗരവും കൂടി ആയിരുന്നു - 1998 വരെ. 
1998  ലാണ് കോവൈ നഗരത്തിനു തീരാ കളങ്കം സൃഷ്ടിച്ച ബോംബ്‌ സ്ഫോടനം നടന്നത്. ഫെബ്രുവരി മാസത്തില്‍ ഒരു വ്യാഴാഴ്ച ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. 
അതിനെത്തുടര്‍ന്ന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായി. ഒരു ശനിയാഴ്ച ദിവസം, ശ്രീ അദ്വാനി തെരഞ്ഞെടുപ്പു പ്രചാരണത്തിന് വരുന്ന ദിവസം - അന്നു അവധി യായതിനാല്‍ ഞാന്‍ മാത്രമായിരുന്നു റൂമില്‍. ബോറിംഗ് മാറ്റാന്‍ ഒരു സിനിമക്ക് പോയി - മാറ്റിനീക്ക്. സുനില്‍ ഷെട്ടിയുടെ നല്ല തകര്‍പ്പന്‍ ഇടിപ്പടം ആയിരുന്നു. ഇടയ്ക്കു ബോംബിങ്ങും മറ്റും. എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആകെ ഒരു മാറ്റം. ബസ്സുകള്‍ ഒന്നും ഇല്ല,
ഒരു ഓട്ടോ പോലും കിട്ടാനില്ല - നേരത്തെ പറഞ്ഞ, വിജനമായ ക്രോസ് കട്ട്‌ റോഡിലുടെ നടക്കുമ്പോള്‍ കോവൈ നഗരത്തിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ ശോഭയുടെ സഹോദര സ്ഥാപനമായ ശോഭികയില്‍ ആകെ തീ കത്തുന്നു. എന്നാല്‍ ഒരു ഫയര്‍ എഞ്ചിന്‍ പോലും കണ്ടില്ല - അടിച്ചു തകര്‍ത്ത പോലെയിരിക്കുന്നു കട.

ഇതെല്ലം താണ്ടി ഞാന്‍ നടക്കുമ്പോള്‍ കാണാം, ഒരു മിക്ക കടകളും അടിച്ചു പൊളിച്ചിരിക്കുന്നു, ചിലര്‍ മുറിവേറ്റു നില്‍ക്കുന്നതും. എന്താണ് കാരണമെന്നു മനസ്സിലായില്ല.
അവസാനം ഒരു വ്യക്തിയോട് ചോദിച്ചു, പേടിച്ചു വിറച്ചാണ് അയാള്‍ പറഞ്ഞത് - അദ്വാനി പ്രസംഗിക്കാന്‍ ഇരുന്ന സ്ഥലത്തിനടുതായി ഒരു ബോംബ്‌ പൊട്ടിയിരിക്കുന്നു - അതായതു ഞാന്‍ ഇരുന്നു സിനിമ കണ്ട തിയ്യേട്ടെറിനു അടുത്ത് തന്നെ. മാത്രമല്ല ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ ഒരു ലഹള പൊട്ടി പുറപ്പെട്ടിരിക്കുന്നു. അതിന്‍റെ ഭാഗമായിട്ടാണ് കടകളെല്ലാം തകര്‍ത്തിരിക്കുന്നത്. ഞാന്‍ ഒരു വിധം റൂമില്‍ നടന്നു എത്തി.റോഡിലൊന്നും ഒരാളെ പോലും ഞാന്‍ കണ്ടില്ല - പോലീസിനെ പോലും.  പിന്നെയും ഒരാഴ്ച പ്രശ്നമായിരുന്നു - ഒരു കാറില്‍ ഉഗ്ര സ്ഫോടന ശക്തിയുള്ള ബോംബു വെച്ചിരിക്കുന്നു. കാറിന്റെ വാതിലുകളോ ഡിക്കിയോ തുറന്നാല്‍ പൊട്ടാന്‍ പാകത്തിലാണ് ബോംബു ഫിറ്റു ചെയ്തിരുന്നത്. അത് നിര്‍വീര്യമാക്കുവാന്‍ ബോംബ്‌ സ്ക്വോട് പെട്ട പാട് അവര്‍ക്കെഅറിയൂ.പിന്നീടാണ്‌ ആ സംഭവത്തിന്‍റെ ഗൌരവത്തെക്കുരിച്ചും എന്‍റെ യാത്രയെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍?

അതെല്ലാം പോകട്ടെ, ഇനി ഇവിടുത്തെ കുറെ വിശേഷങ്ങള്‍ നമുക്ക് കാണാം. നഗര ഹൃദയഭാഗത്ത്‌ തന്നെ നല്ല ഒരു സ്റെടിയം - നെഹ്‌റു സ്റെടിയം അതിനടുത്തായി ഒരു പാര്‍ക്കും ചെറിയൊരു മൃഗശാലയും ഒരു പ്ലേ ഗ്രൌണ്ടും. അതിനടുത്തായി സെന്‍ട്രല്‍ ജെയിലും - കൊള്ളാമല്ലേ?  
മൃഗശാലയില്‍ കുറച്ചു മൃഗങ്ങള്‍ മാത്രം പ്രത്യേകിച്ച് എടുത്തു പറയുവാന്‍ വെള്ള മയിലും . എന്നിരുന്നാലും നഗരത്തില്‍ സമയം ചിലവഴിക്കാന്‍ പറ്റിയ സ്ഥലം തന്നെ.
പിന്നെയാനെങ്കിലോ മുന്നും നാലും തിയ്യേറ്റെരുകള്‍ ഉള്‍ക്കൊള്ളുന്ന സിനിമ കോംപ്ലെക്സുകളും. ഞായറാഴ്ചകളിലെ സണ്‍‌ഡേ മാര്‍ക്കറ്റ്‌. ഇതെല്ലം കോവൈ യുടെ മാത്രം പ്രത്യേകതകള്‍. 

മരുതുമല

ഇവിടെ നിന്നും ഏകദേശം 13 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന ഒരു  പ്രദേശമാണ് മരുതുമല. വളരെ പ്രകൃതി രമണിയമായ കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. ശുദ്ധവായു തിങ്ങി നില്‍ക്കുന്ന ഇവിടം നഗരത്തിന്റെ അശുദ്ധവായു ശ്വസിച്ചു കഴിയുന്ന എല്ലാവര്‍ക്കും ഒരു വരദാനമാണ്. ഇവിടുത്തെ ഒരു പ്രത്യേകത ഒരു സുബ്രമണ്യ സ്വാമി ക്ഷേത്രമാണ്. 

സഞ്ചാരികള്‍ ധാരാളം വരുന്നതിനാല്‍ ഇവിടം കച്ചവടക്കാരുടെ ഒരു സങ്കേതം കൂടിയാണ് - മരുതുമാലയുടെ അടിവാരം. അമ്പലത്തിന്റെ വക ബസ്സില്‍ കയറിയാല്‍ കുറെ ദൂരം എത്തിച്ചേരാം അതിനു ശേഷം കാല്‍നട തന്നെ. താഴെ നിന്നും നോക്കുമ്പോള്‍ കിട്ടുന്ന ആ ഭംഗി ആസ്വദിക്കാന്‍ മരുതുമാലയുടെ മുകളില്‍ കയറാത്തവര്‍ ആരുമില്ല എന്ന് തന്നെ പറയാം. 
ബസ്സില്‍ കയറി മുകളിലെത്തിയാല്‍ പിന്നെ കാല്‍നടയായി വേണം കയറാന്‍ - ഏതാണ്ട് പഴനി അമ്പലത്തില്‍ കയറുന്ന മാതിരി തന്നെ. 

ഇനി ബസ്സില്‍ അല്ല നടന്നാണ് കുന്നിന്‍ മുകളിലേക്ക് കയറുന്നതെങ്കില്‍,  ചിലപ്പോള്‍ നമുക്ക് സുന്ദരങ്ങളായ മയിലുകളെയും പിന്നെ കുസൃതികളായ കുരങ്ങന്മാരെയും കാണുവാന്‍ കഴിയും.  പിന്നെ വഴിയുടെ ഓരോ വശവും ഓരോ കൊച്ചു കല്‍ പ്രതിമകളും അതിനെ പൂജിക്കുന്ന ഭക്തരെയും നമുക്ക് കാണാം. 

വഴികളിലുള്ള ഓരോ പടിവാതിലും വളരെ ഭംഗി തന്നെ.




 

ഇനി ഇതെല്ലം താണ്ടി മുകളിലെത്തിയാല്‍ നമുക്ക് സുബ്രമണ്യ സ്വാമിയുടെ അമ്പലം കാണാം കൂടെ പണ്ട് ഏതോ ഒരു മലയാളി വെച്ചു പിടിപ്പിച്ച തെങ്ങും (ഏതു നാട്ടില്‍ ചെന്നാലും ഒരു മലയാളിയെ ക്കണം എന്നാണല്ലോ ചൊല്ല്. ഏവരെസ്റ്റ്‌ കീഴടക്കാന്‍ ഹിലാരിയും ടെന്‍സിങ്ങും കൂടി പോകുമ്പോള്‍ ഹിലാരിക്ക് കടുത്ത ജ്വരം - അപ്പോള്‍ അദ്ദേഹത്തിന് ചായ കൊടുത്തത് ഒരു പാലാക്കാരന്‍ തോമാച്ചന്‍ ചേട്ടനനെത്രേ - അദ്ദേഹത്തിന് എവറസ്റ്റില്‍ ഒരു ചായക്കട ഉണ്ടായിരുന്നു പോലും)

 

അമ്പലത്തിനോടു ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കൂടി ഞാന്‍ ഇതില്‍ വെയ്ക്കുന്നു. 











ഇതും അപൂര്‍ണ്ണമാണ്, വീണ്ടും ഇതില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കാം.  തല്ക്കാലം നിറുത്തട്ടെ.


.

1 comment:

  1. ezuthi ezhuthi oru valya ezhuthu karan akanulla sadytakal thelinju kanunnnundu.....ezhuthu thudaruka.....

    ReplyDelete