Shoranur - ഷൊര്‍ണൂര്‍ - ചില ഓര്‍മ്മക്കുറിപ്പുകള്‍


 
ഷൊര്‍ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെയെല്ലാം മനസ്സില്‍ വരുന്നത് റയില്‍വേയുടെ പ്രധാന സ്റ്റോപ്പ്‌ ആയ ഷൊര്‍ണൂര്‍ ജെങ്ങ്ഷന്‍ ആയിരിക്കും. പഴയ പ്രൌഡിയൊന്നും ഷോര്‍നുരിനില്ല. മിക്കവാറും പ്രധാന ട്രെയിന്‍ എല്ലാം ഭാരതപ്പുഴക്ക് മുകളിലുടെ പാലക്കാട്ടേക്ക് നേരിട്ട് പോകും, വളരെ കുറച്ചു ട്രെയിന്‍ മാത്രമേ ഈ സ്റ്റേഷന്‍ പരിഗണിക്കാറുള്ളൂ. 





എന്‍റെ ജീവിതത്തിലെ മൂന്നു വര്‍ഷങ്ങള്‍ ചെലവിട്ട സ്ഥലം ആയിരുന്നു ഷൊര്‍ണൂര്‍. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന  മായാത്ത ചില പാലക്കാടന്‍ ചിത്രങ്ങള്‍ ഇവിടെ ഞാന്‍ കുറിക്കുകയാണ്.


പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലഘട്ടം (1990-93). ആ സമയത്ത് ഹോസ്റ്റല്‍ പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ആറു പേര്‍ അന്നു താമസിച്ചിരുന്നത് ഒരു പഴയ വീട്ടില്‍ ആയിരുന്നു ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്റെസ്ട്രീസ് തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങി വെച്ച  ശ്രീ സി. കെ. മേനോന്‍റെ  വീടായിരുന്നു അത്.   ആ വീടിന്‍റെ അപ്പോഴത്തെ ഉടമസ്ഥന്‍ അതിനടുത്തു തന്നെ പുതിയൊരു മാളികയിലും ആയിരുന്നു താമസം. അദ്ദേഹം പെന്‍ഷന്‍ പറ്റിയ ഒരു കസ്റ്റംസ് സുപ്രണ്ട് ആയിരുന്നു. ഭയങ്കര കണിശക്കാരനും ഞങ്ങളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ഉം ആയിരുന്നു അദ്ദേഹം. കുളപ്പുള്ളിയില്‍ ആയിരുന്നു അത്.




പഴയ വീട് ആയിരുന്നെങ്കിലും ഭയങ്കര സെറ്റപ്പ് ആയിരുന്നു വീടിനു. പാലക്കാടന്‍ ചുരം വഴി വരുന്ന കാറ്റു കയുറുവാന്‍ പാകത്തിലുള്ള ജനാലകളും രണ്ടു നില മാളികയും ചില അറകളും എല്ലാം കൊണ്ടും ഒരു പഴയ തറവാട് തന്നെ. താഴത്തെ നിലയില്‍ ആണെങ്കില്‍ മരിച്ചുപോയ മേനോന്‍റെ ലൈബ്രറി - ആര്‍ക്കും വേണ്ടാതെ ചിതലരിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍. ഭൂരിഭാഗവും മെറ്റലര്‍ജി വിഭാഗത്തിലെത്. ലണ്ടനിലെ ഷെഫീല്‍ഡ്സര്‍വ്വകലാശാലയിലെ ഒരുമിക്ക പുസ്തകങ്ങളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ തലമുറയിലെ ആര്‍ക്കും വേണ്ടാതെ പലപ്പോഴും കത്തിക്കുന്നതും കണ്ടിട്ടുണ്ട്. 




വിശാലമായ ഒരു പറമ്പിലായിരുന്നു രണ്ടു വീടും സ്ഥിതി ചെയ്തിരുന്നത്. മുന്‍ വശം  (കിഴക്ക്) റോഡ്‌ പോകുന്നത് അല്പം ഉയരത്തില്‍ അവിടെ മാത്രം മതില്‍ ബാക്കി വശങ്ങളില്‍ എല്ലാം പനയോലയും ഇല്ലിമുള്ളും വെച്ചു കെട്ടിയ വേലി  ആയിരുന്നു. വീടിനു പിന്‍ഭാഗത്തായി  (പടിഞ്ഞാറു) താഴെയായി പച്ച വിരിച്ച നെല്‍പ്പാടവും. വൈകുന്നേരങ്ങളില്‍ പാടത്തിനടുത്തു  അസ്തമയം നോക്കി നില്‍ക്കുന്നത് ഒരു രസമായിരുന്നു. വടക്ക് വശം വലിയൊരു തെങ്ങിന്‍ തോപ്പും. ദാ, അതിന്‍റെ പടിഞ്ഞാറു ഭാഗത്ത്‌ നിന്നും എടുത്ത ഒരു ഫോട്ടോ കൂടി. ആ തെങ്ങിന്‍ തോപ്പിനുള്ളില്‍ കാണുന്ന പഴയ കെട്ടിടം ആയിരുന്നു ഞങ്ങളുടേത്.


ഞങ്ങളുടെ വീട്ടുടമസ്ഥന്‍ രാത്രി ഒമ്പത് മണിയാകുമ്പോള്‍ ഗേറ്റ് അടക്കും. അതിനാല്‍ സിനിമക്ക് പോകുന്ന ദിവസം ഞങ്ങളുടെ വഴി ഈ പാടത്തു കൂടെ നടന്നു കരിങ്കല്ലിന്റെ ചുമരിലുടെ പിടിച്ചു കയറി റൂമില്‍ എത്തുമായിരുന്നു. (അന്നൊക്കെ എന്ത് റിസ്കില്‍ ആണെന്നോ അതെല്ലാം ചെയ്തിരുന്നത് - കാരണം രാത്രി കാലങ്ങളില്‍ പാടത്തു തവളയും പാമ്പും എല്ലാം ഉണ്ടായിരിക്കും മാത്രമല്ല ഇല്ലിമുള്ളും).


നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാന്‍ കുറെ കല്ലു വെച്ച നുണകള്‍ പറയുകയാണെന്ന്. നിങ്ങളുടെ സമാധാനത്തിനായി ഞാന്‍ ഇതാ വിക്കിമാപിയയുടെ ഉപഗ്രഹ ചിത്രവും കൂടി വെയ്ക്കുന്നു.




(ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതാക്കി കാണിക്കണമെന്ന് ഞാന്‍ ഗൂഗിള്‍കാരോട് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഒന്ന് ക്ലിക്ക് ചെയ്തു നോക്കാം - വലുതാക്കി കാണിക്കുന്നത് സൌജന്യമായിട്ടാണ്.)


ഇതില്‍ കറുത്ത വട്ടത്തില്‍ കാണുന്നത് അന്തിമഹാകാളന്‍ കാവ്‌ ക്ഷേത്രത്തിനു  അടുത്തുള്ള കുളമാണ്.  ഇതിനു മുകളില്‍ ആയിട്ട് കാണുന്ന ഇളംപച്ച മാര്‍ക്ക് ചെയ്തിരിക്കുന്നതാണ്  ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം. ചിത്രത്തിലെ ഇടതു വശത്താണ് ഞങ്ങള്‍ പഠിച്ചിരുന്ന പോളിടെക്നിക്.


 മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ വീട് തോറും കൊടുങ്ങല്ലൂര്‍ ഭരണിക്ക് കാണാറുള്ള വെളിച്ചപ്പാടിനെപ്പോലെ നിരവധി വേഷങ്ങള്‍ വരാറുണ്ടായിരുന്നു. കണ്ണകിയുടെ ചിലമ്പ് പോലെ കാലില്‍ ചിലമ്പുമായി ഇവര്‍ പോകുമ്പോള്‍ കേള്‍ക്കുന്ന "ജില്‍ ജില്‍" ശബ്ദം ആ സമയത്തെ പ്രത്യേകതയായിരുന്നു.


എന്‍റെ നാട്ടില്‍ ഉത്സവ കാലത്ത് വീടുകളില്‍ പറ എടുക്കുവാന്‍ ആന വരുന്ന പോലെയാണ് അവിടെ ഈ വെളിച്ചപ്പാടുകള്‍ വരുന്നത്. കൊട്ടും വാദ്യവും പിന്നെ ആനയുടെ പുറകെ കുട്ടികള്‍ പോകുന്നപോലെ കുറെ ആളുകളും. ഇതൊക്കെ പാലക്കാടിന്‍റെ മാത്രം പ്രത്യേകതകള്‍ ആണെന്ന് തോന്നുന്നു, എനിക്കറിയില്ല.



ഇതില്‍  കാണുന്നത് ഞങ്ങളുടെ അയലത്തുള്ള ഒരു വീടിന്‍റെ പോലത്തെ യുള്ള ഒരു ചിത്രമാണ്‌. ഷൊര്‍ണൂര്‍ പ്രദേശം എല്ലാം തന്നെ ഇത് പോലുള്ള പഴയ വീടുകളായിരുന്നു. ഇപ്പോള്‍ മാറിയിട്ടുണ്ടാകും. ഈ വീടും കിഴക്കോട്ടു ദര്‍ശനമായിട്ടാണ്. ഇതിന്‍റെ മുന്‍വശത്തെ വരാന്തയില്‍ ഒഴിവു ദിവസങ്ങളില്‍ അവിടെയുള്ള സുഹൃത്തുക്കളുമായി ചീട്ടു കളിച്ചു "കുണുക്ക്" വെച്ചതെല്ലാം ഈ വീടിന്‍റെ ചിത്രം കാണുമ്പോള്‍ ഓര്‍മ വരുന്നു. അവിടെയും ഞങ്ങളെപ്പോലെ ആറു പേരാണ് താമസിച്ചിരുന്നത്.


ഇത് അവിടെയുള്ള ഒരു പഴയ മനയാണ്. പുറയന്‍കര എന്നോ  മറ്റോ ആണ് ഇതിന്‍റെ പേര്. ഒരു മിക്ക പഴയ വീടുകളുടെയും സ്ട്രക്ചെര്‍ ഇത് പോലെ തന്നെയാണ്. 



ഇത് പോലുള്ള വീടുകളും ഷൊര്‍ണൂര്‍ ഇന്‍റെ മാത്രം പ്രത്യേകത ആണെന്ന് തോന്നുന്നു.

വിദ്യാര്‍ഥി സമരം ഉള്ള ദിവസം ഞങ്ങളുടെ പ്രധാന പരിപാടി വയലിലുടെ നടക്കുക എന്നതായിരുന്നു. വൈകുന്നേരങ്ങളില്‍ ഉള്ള ചെറു വെയിലില്‍  പാടത്തു കൂടി നടക്കുമ്പോള്‍ ലഭിക്കുന്ന വിളഞ്ഞു നില്‍ക്കുന്ന നെല്ലിന്‍റെ ഒരു ഗന്ധം - അതൊന്നു ആസ്വദിക്കേണ്ടത്‌ തന്നെ.



 ഷൊര്‍ണൂര്‍ നെ ക്കുറിച്ച്  പറയുമ്പോള്‍ ഏറ്റവും ആദ്യം പറഞ്ഞ  റെയില്‍വേ യെ ക്കുറിച്ച് പറയാതെ എങ്ങിനെ? എന്‍റെ ഒരു അധ്യാപകന്‍ ആയിരുന്ന ശ്രീ സാജു (അദ്ദേഹം റെയില്‍വേ യില്‍ ആയിരുന്നു) സാറിന്‍റെ റൂമില്‍ പോകുമ്പോള്‍ കേള്‍ക്കുന്ന ട്രെയിനിന്‍റെ ഷണ്ടിംഗ് ശബ്ദമെല്ലാം ആദ്യമെല്ലാം എനിക്ക് അത്ഭുതമായിരുന്നു. അതിനു ശേഷം അതെല്ലാം സാധാരണമായി. മലബാറിന്റെ റെയില്‍വേ ഗേറ്റ് തന്നെയാണ്  ഷൊര്‍ണൂര്‍.    




ഭാരതപ്പുഴയുടെ മുകളിലുടെ ട്രെയിന്‍ കടന്നു പോകുന്നത് അതിന്‍റെ  ചുവട്ടില്‍ ഇരുന്നു ആസ്വദിക്കുന്നതും ഒരു ഹരം തന്നെ.
   


നിള (ഭാരതപ്പുഴ) മരിച്ചു കൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ആകെ ജൂണില്‍ മാത്രമാണ് നിളയില്‍ മുഴുവന്‍ വെള്ളം കാണുന്നത്. ബാക്കി സമയമെല്ലാം നിളയില്‍ നിന്നും മണ്ണെടുത്ത്‌ കൊണ്ടുപോകുന്ന ലോറികള്‍ മാത്രമായിരിക്കും.





ഇനിയും എഴുതുവാന്‍ ഉണ്ട് (ഓര്‍മ വരുമ്പോള്‍ ഓരോന്നും കൂട്ടിചേര്‍ക്കാം), എങ്കിലും ചെറു കുന്നുകളും, പാടങ്ങളും, മനകളും, ട്രെയിനുകളും  ആയി ഷൊര്‍ണൂര്‍ അങ്ങിനെ മറ്റൊരു നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു.


തുടരും...



(ഇതില്‍ വെച്ചിരിക്കുന്ന പല ചിത്രങ്ങളും എന്‍റെ സ്വന്തമല്ല. ഇന്‍റര്‍നെറ്റില്‍ നിന്നും പല ആളുകള്‍ കാണുവാന്‍ പല വെബ്‌ പേജുകളില്‍ പല സ്ഥലങ്ങളില്‍ വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ എന്‍റെ ഷൊര്‍ണൂര്‍നെക്കുറിച്ച് എഴുതിയപ്പോള്‍, നിങ്ങള്‍ക്ക് കാണുവാനായി ഒരുമിച്ചു വെച്ചിരിക്കുന്നു. അതില്‍ തെറ്റൊന്നും ഇല്ലല്ലോ?)
.

No comments:

Post a Comment