Saturday, June 12, 2010

ഷൊര്‍ണൂര്‍ വികൃതികള്‍ - ഭാഗം ഒന്ന്


ഷൊര്‍ണൂരില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിനെക്കുറിച്ചു ഞാന്‍ എഴുതിയിട്ടുണ്ടല്ലോ - (വായിക്കാത്തവര്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ മതി). ഗേറ്റിനു മുന്നില്‍ രണ്ടു ബോര്‍ഡുകള്‍  ഉണ്ട് - നായയെ സൂക്ഷിക്കുക എന്നും  മായ വിഹാര്‍ എന്നും. അവിടുത്തെ വീട്ടുടമ എന്നും രാത്രി ഒന്‍പതു മണിക്ക് ഗേറ്റ് അടക്കും. അടക്കുക എന്ന് പറഞ്ഞാല്‍ താഴിട്ടു പൂട്ടിയിരിക്കും. മാത്രമല്ല ഒരു ഒട്ടും മെരുക്കമില്ലാത്ത നായയും അവിടെയുണ്ട്, അതിനെയും അഴിച്ചു വിട്ടിരിക്കും (ഒട്ടും മെരുങ്ങാത്തത്  എന്നുദ്ദേശിച്ചത് ഞങ്ങള്‍ പല പ്രാവശ്യം ഭക്ഷണം കൊടുത്തിട്ട് പോലും ഒരു നന്ദിയും കാണിക്കാത്ത നായ ആയതുകൊണ്ടാണ്). അതിനാല്‍ ഒന്‍പതു മണി കഴിഞ്ഞാല്‍ മിക്കവാറും പടിഞ്ഞാറെ പാടത്തു കൂടി നായ കാണാതെയാണ് വീട്ടില്‍ എത്താറുള്ളത്.  ഞങ്ങള്‍ ഇന്ന് അല്പം വൈകിയേ വരികയുള്ളു എന്ന് പറഞ്ഞാലോ, അന്നു എട്ടര മണിക്കേ ഗേറ്റ് പൂട്ടിയിരിക്കും. 

ഒരു മാര്‍ച്ച്‌ അവസാന വാരം, ഇത് പോലെ സിനിമക്ക് പോയപ്പോള്‍ ഉടമസ്ഥനോട് പറഞ്ഞിട്ട് പോയി, ഞങ്ങള്‍ ഇന്ന് ഒന്‍പതര മണിയാകും വരുവാന്‍, അതിനാല്‍ ഗേറ്റ് അല്പം വൈകി അടച്ചാല്‍ മതി. ശരി ശരി എന്നും പറഞ്ഞു അദ്ദേഹം പോയി. ഒമ്പതെ കാല്‍ മണിയോടെ ഞങ്ങള്‍ തിരിച്ചെത്തി. പക്ഷെ, കണ്ടതോ - ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു.  എല്ലാവര്‍ക്കും വന്ന ദ്വേഷ്യത്തിനു കണക്കില്ല, കൂട്ടത്തിലുണ്ടായ കുര്യന്‍ ജെക്കെബ് (മോന്‍സി) ഒരു പണി പറ്റിച്ചു - ഗേറ്റ് ലെ ബോര്‍ഡില്‍ അല്പം മാറ്റങ്ങള്‍ വരുത്തി. പിറ്റേ ദിവസം, രാവിലെ കണി കണ്ടുണരുന്നതു കലിയും തുള്ളി നില്‍ക്കുന്ന വീട്ടുടമയെ. "ഗേറ്റ് അടച്ചതിനു നിങ്ങള്‍ പകരം വീട്ടുകയാണോ?" അദ്ദേഹം അലറുകയായിരുന്നു.

"എന്താ സംഭവിച്ചത്?" - ഞങ്ങള്‍ ഒരുമിച്ചു ചോദിച്ചു, "എന്താ സംഭവിച്ചതെന്നോ? ഇന്നലെ ഗേറ്റ് അടച്ചതിനു നിങ്ങള്‍ എന്‍റെ വീടിന്‍റെ പേര് മാറ്റി കളഞ്ഞല്ലേ? മായ വിഹാര്‍ എന്ന പേര് നിങ്ങള്‍ നായ വിഹാര്‍ എന്നും നായയെ സൂക്ഷിക്കുക എന്നത് മായയെ സൂക്ഷിക്കുക എന്നും ആക്കിയല്ലേ? മായ എന്‍റെ മകളാണ്"
"ഞങ്ങള്‍ അല്ല സര്‍", കുര്യന്‍ ചാടി പറഞ്ഞു, "ഇന്ന് ഏപ്രില്‍ ഫൂള്‍ ആയതിനാല്‍ ഏതോ വികൃതികള്‍ ചെയ്തതാണ് സര്‍. ഞങ്ങള്‍ അങ്ങിനെ ചെയ്യുമോ?"

വീട്ടുടമ അല്പം ആലോചിച്ചു, പിന്നെ കോപം അടക്കി സാവധാനം വീട്ടിലേക്കു മടങ്ങി. ഞങ്ങള്‍ അമര്‍ത്തിപ്പിടിച്ച ചിരിയോടെ റൂമിലേക്കും.

 
.

No comments:

Post a Comment