Saturday, August 14, 2010

ചില പേരുകളുടെ ഉത്ഭവം

ഇത് ഏകദേശം അഞ്ചോ എട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതാണ്. ഒരിക്കല്‍ ഒരു ശനിയാഴ്ച തൃശൂര്‍ ജില്ലയിലെ ഒരു  ഇടവകയില്‍ (പേര് ഞാന്‍ പറയുന്നില്ല) ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവനാകട്ടെ അവിടുത്തെ മതബോധന അധ്യാപകനും ആയിരുന്നു. അവര്‍ സീറോ മലബാര്‍ റീത്തില്‍ പെട്ടവര്‍ ആയിരുന്നു. ഞായറാഴ്ച പള്ളിയില്‍ ഞാന്‍ അവന്‍റെ കൂടെയാണ് പോയത്. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ അവന്‍ മതബോധന ക്ലാസ്സില്‍ പോയി. ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടി വന്നു എന്നെ അവന്‍ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ അവിടേക്ക് ചെന്നപ്പോള്‍ അവന്‍ പറഞ്ഞു അവന്‍റെ നാലാം ക്ലാസ്സിലെ ഒരു അദ്ധ്യാപിക വന്നിട്ടില്ല അതിനാല്‍ അത്യാവശ്യമായി ഞാന്‍ ആ ക്ലാസ്സില്‍ കയറണമെന്ന് പറഞ്ഞു. ഞാന്‍ ഒഴിഞ്ഞു മാറുവാന്‍ നോക്കി, " എടാ ഞാന്‍ ലത്തിന്‍ റീത്തില്‍ പ്പെട്ടതാണ്"; ഉടനെ അവന്‍ പറഞ്ഞു "അതൊന്നും കുഴപ്പമില്ല; നമ്മള്‍ പി. ഓ. സി. പുറത്തിറക്കുന്ന പാഠപ്പുസ്തകമല്ലേ  പഠിപ്പിക്കുന്നത്‌". അങ്ങിനെ അവന്‍റെ നിര്‍ബന്ധം നിമിത്തം ഞാന്‍ ആ ക്ലാസ്സില്‍ കയറി.


തിരിച്ചു പോരുമ്പോള്‍ കുട്ടികളുടെ പേര് ആയിരുന്നു എന്‍റെ മനസ്സ് നിറയെ. മിക്കവാറും ഒരേ പോലത്തെ പേരുകള്‍. ഞാന്‍ അവനോടു എന്‍റെ സംശയം ചോദിച്ചു, "എന്താടാ മിക്കവാറും കുട്ടികളുടെ പേരുകള്‍ ഒരേ പോലെ തന്നെയാണല്ലോ. ഈ ഇടവകയിലെ എല്ലാവരും സ്വന്തക്കാര്‍ തന്നെയാണോ?". "എന്താ കാര്യം?" അവന്‍ തിരക്കി. ഞാന്‍ തുടര്‍ന്നു, "ഒരു കുട്ടി ആന്ജോ, ഒരു കുട്ടി മേജോ, ഒരുത്തന്‍ ലിജോ, വേറൊരുത്തന്‍ സിജോ എല്ലാ പേരുകളും ഒരേ പോലെ തന്നെ. എന്താണത്?"


ഒരു ചിരിയോടെ അവന്‍ പറഞ്ഞു, "അത് വേറൊന്നുമല്ല, ഇവിടങ്ങളില്‍ കൂടുതല് ആള്‍ക്കാരും കുട്ടിയുടെ പേര് ഇടുന്നത് അമ്മയുടെയും അപ്പന്റെയും പേരുകള്‍ ചേര്‍ത്തിട്ടാണ്. അതാണിപ്പോള്‍ ഒരു ഫാഷന്‍ ഇവിടെ. ആനി, ജോസഫ്‌ അല്ലെങ്കില്‍ ജോണ്‍ അതില്‍ നിന്നും ആന്ജോ, മേരി, ജോസഫ്‌ അതില്‍ നിന്നും മേജോ, ലില്ലി ,ജോസഫ്‌ അതില്‍ നിന്നും ലിജോ, സിസിലി ജോണ്‍ അതില്‍ നിന്നും സിജോ ഇങ്ങിനെയാണ്"


ഞാന്‍ മനസ്സില്‍ പറഞ്ഞു; "ഓ ഭാഗ്യം, കുട്ടികള്‍ ആരുടേയും അമ്മ മാര്‍ഗ്രെട്ടും അപ്പന്‍ ക്രിസ്ടഫരും ആകതിരുന്നത് അല്ലെങ്കില്‍ ആ കുട്ടിക്ക്  മാക്രി എന്ന് പേര് വന്നേനെ".






.

1 comment: