Friday, September 24, 2010

മണിയടിച്ചാം പാറയും കന്യാകുമാരിയും

ചില സംഭവങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുമല്ലോ. അത് പോലെ ഒന്നാണ് എന്‍റെ (ഞങ്ങളുടെ എന്നും പറയാം) മണിയടിച്ചാം പാറയിലേക്കുള്ള  ഒരു യാത്രാ. ചിലപ്പോള്‍ നിങ്ങള്‍ കന്യാകുമാരിയിലെക്കോ മറ്റോ പോവുകയാണെങ്കില്‍ ഈ സ്ഥലം കൂടി കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും.

പത്തോ പന്ത്രണ്ടോ വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. മതബോധന വുമായി ബന്ധപ്പെട്ടു ഒരു പിക്നിക് ഊട്ടിയിലേക്ക് പ്ലാന്‍ ചെയ്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറപ്പെടണം. കൊടുങ്ങല്ലൂര്‍ ചെന്നു ഒരു സിനിമ  (ഫസ്റ്റ്‌ ഷോ) കണ്ടതിനു ശേഷം നേരെ വിട്ടാല്‍ പിന്നെ വെളുപ്പിനെ ഊട്ടിയിലെത്താം - ഇതായിരുന്നു പ്ലാന്‍. പക്ഷെ, അറിയാമല്ലോ നമ്മുടെ ആളുകളെ, അഞ്ചു മണി പറഞ്ഞിട്ട് എല്ലാവരും എത്തിയത് എട്ട് -  എട്ടെര ആയി. പ്ലാനുകള്‍  എല്ലാം പൊളിഞ്ഞു എന്ന് തോന്നി.   അതിനാല്‍ പരിപാടിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. സിനിമ ഒഴിവാക്കാം. പക്ഷെ ഭൂരിഭാഗം പേരും  വനിതകള്‍ ആയതിനാല്‍ പ്രതിക്ഷേധിച്ചു. അതിനാല്‍ യാത്രാ തുടങ്ങിയപ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. ഒരു പിക്നിക്കിന്റെ മൂഡ്‌ ഉണ്ടായിരുന്നില്ല. അവസാനം പറവൂര്‍ എത്തിയപ്പോള്‍ സെബാസ്ടിയനും രാജേഷും ഞാനും കൂടി തീരുമാനം എല്ലാം മാറ്റി - വണ്ടി നേരെ അലുവക്ക് വിട്ടു - അവിടെയുള്ള ഒരു തീയേറ്ററില്‍ ഒരു പുതിയതായി റിലീസ് ചെയ്ത സിനിമക്ക് (സെക്കന്റ്‌ ഷോ) എല്ലാവരെയും കയറ്റി. ആ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാവരും യഥാര്‍ത്ഥത്തില്‍ ഒരു പിക്നിക് മൂഡിലേക്ക് എത്തി - ചിത്രം ഏതാണെന്ന് അറിയേണ്ടേ? അന്നത്തെ വന്‍ കോമേഡി  ഹിറ്റായി മാറിയ - "പഞ്ചാബി ഹൌസ്"
 

വണ്ടിക്കരനുമായി സംസാരിച്ചു യാത്രാ നേരെ കന്യാകുമാരിക്ക് ആക്കി മാറ്റി. ആരോടും പറഞ്ഞില്ല. കാരണം, ആ സമയത്ത് യാത്രാ തിരിച്ചാല്‍ ഊട്ടിയിലെതുമ്പോള്‍ രാവിലെ പത്തു മണി എങ്കിലും ആകും. അതേ സമയം കന്യാകുമാരിക്ക് ആണെങ്കില്‍ രാവിലെ അഞ്ചു മണിക്കെങ്കിലും എത്തി സൂര്യോദയം കാണാം. അങ്ങിനെ വണ്ടി നേരെ കന്യാകുമാരിക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ചോദ്യമായി, ഇത് ഊട്ടി അല്ലല്ലോ. വീണ്ടും പ്രശ്നമായി പെട്ടെന്ന് ബസ്സില്‍ നിന്നും രാജേഷും ബെന്ഹരും ജോണ്‍സണും ചാടിയിറങ്ങി പോയി. എന്താ കാര്യമെന്ന് അറിയാതെ എല്ലാവരും അവരെത്തന്നെ നോക്കി. അവര്‍ നേരെ കടല്‍ തീരത്തേക്ക് പോയിക്കളഞ്ഞു.  ഏതായാലും നാലു നാല്പത്തഞ്ചു ആയിട്ടുള്ളൂ അതിനാല്‍ എല്ലാവരും ബസില്‍ തന്നെ കിടന്നുറങ്ങി. മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി കന്യാകുമാരിയിലെ കലക്കന്‍ സൂര്യോദയം കാണിച്ചു കൊടുത്തു. തലേ ദിവസത്തെ സിനിമയും ഇതും കൂടി യായപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അതോടെ വഴക്കുകള്‍ എല്ലാം പോയി.
പിന്നെ വിവേകാനന്ദ പാറയിലും പോയി, ത്രിവേണി സംഗമവും കണ്ടു. (ത്രിവേണി സംഗമം കണ്ടപ്പോള്‍  രാജേഷിനു മനസ്സില്‍ ഒരു വിഷമം. എന്താണെന്നു ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ബസില്‍  നിന്നും മൂന്നു പേരും ധൃതി വെച്ചു പോയത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ആയിരുന്നെത്രേ. പക്ഷെ അവര്‍ കാര്യം സാധിച്ചതോ പുണ്യ സ്ഥലമായ ത്രിവേണി  സംഗമ കടല്‍ തീരത്തും. തമിഴ് നാട്ടില്‍ നിന്നും വന്നിരിക്കുന്ന സഞ്ചാരികള്‍ അവിടെ പൂജ അര്‍പ്പിക്കുന്നത് കണ്ടപ്പോള്‍ രാജേഷിനു വല്ലാത്ത സങ്കടം. ഞാന്‍ പിന്നെ സമാധാനിപ്പിച്ചു, അറിയാതെ ചെയ്തതാണല്ലോ)

തിരിച്ചു തിരുവനന്തപുരത്തേക്ക് യാത്രയായി. നാഗെര്‍കോവില്‍ എത്താറായപ്പോള്‍   കൂട്ടത്തിലുണ്ടായ  സി. ഡോറിസ് പുതിയൊരു സ്ഥലത്തെ ക്കുറിച്ച് പറഞ്ഞു - മണിയടിച്ചാം പാറ. പേര് കേട്ടപ്പോള്‍ ഒരു പ്രത്യേകത അതിനാല്‍ ഞങ്ങള്‍ തീരുമാനിച്ചു ഏതായാലും അവിടം കൂടി കാണുവാന്‍. നാഗെര്‍ കോവില്‍ നിന്നും ചെന്നൈ ദിശയിലുള്ള റോഡില്‍ ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ പോയാല്‍ മതി. അതിനാല്‍ വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു.

കുറെ ദൂരം ഓടിയപ്പോള്‍ മലകളില്‍ നിറയെ കാറ്റാടികള്‍ കാണുവാന്‍ തുടങ്ങി. കാറ്റാടി മല എന്നാണ് അവിടെ പറയുന്നത്.

കുറച്ചൊന്നുമല്ല, വളരെ അധികം കാറ്റാടി കള്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ നിരന്നു നില്‍ക്കുന്ന ഒരു മല തന്നെ. അവിടെ മണിയടിച്ചാം പാറയിലേക്കുള്ള  ബോര്‍ഡുകള്‍ കാണാന്‍ തുടങ്ങി.

ദേവ സഹായം പിള്ള എന്ന ഒരു രക്ത സാക്ഷിയുടെ മരണ സ്ഥലം ആണവിടം. പക്ഷെ കുറച്ചു പ്രത്യേകതകള്‍ ഉള്ള സ്ഥലവും. വണ്ടി കുറച്ചു ദൂരം കൂടി ചെന്നപ്പോള്‍ അവിടുത്തെ പള്ളി ദൃശ്യമായി.


ആരാണീ ദേവ സഹായം പിള്ള?

മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ഒരു വിശ്വസ്ത സേവകന്‍ ആയിരുന്നു ഇദ്ദേഹം. യഥാര്‍ത്ഥ പേര് നീലകണ്ഠന്‍ പിള്ള. ജനനം 1712 ല്‍. ഭാര്യ ഭാര്‍ഗവിയംമാള്‍. കുളച്ചല്‍ വച്ചുണ്ടായ ഒരു യുദ്ധത്തില്‍ വെച്ചു തിരുവിതാംകൂര്‍ സേന പിടിച്ച ഒരു കത്തോലിക്കാ പട്ടാളക്കാരനു മയുണ്ടായ പരിചയത്തില്‍ നിന്നുമാണ് നീലന്‍ പിള്ളയുടെ മാറ്റങ്ങളുടെ ഉറവിടം. തന്‍റെ കന്നു കാലികള്‍ കൂട്ടത്തോടെ ചത്ത്‌ പോയത് കൊണ്ടും  കൃഷി നശിച്ചു പോയത് കൊണ്ടും ഭയങ്കര സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പോയ അദ്ദേഹത്തിന് ദെ ലെനോയ്  എന്ന ആ പട്ടാളക്കാരന്‍ ബൈബിളിലെ പഴയ നിയമ ഗ്രന്ഥത്തിലെ ജോബിന്‍റെ കഥ പറഞ്ഞു കൊടുത്തു. എങ്ങിനെയാണ്‌ നല്ല മനുഷ്യരെ ദൈവം പരീക്ഷിക്കുന്നത് എന്ന് അദ്ദേഹം അതില്‍ നിന്നും നീലന്‍ പിള്ള മനസ്സിലാക്കി. ഏകദേശം അദ്ദേഹത്തെക്കളും വളരെ മോശം ആയിരുന്നു ജോബിന്‍റെ സ്ഥിതി.

നാളുകള്‍ക്ക് ശേഷം ബൈബിള്‍ വായിച്ചു അദ്ദേഹം ഒരു ക്രിസ്ത്യാനി ആകുവാന്‍ തീരുമാനിച്ചു. തന്‍റെ തീരുമാനം അദ്ദേഹം ദെ ലെനോയിയെ അറിയിച്ചു. അദ്ദേഹം വടക്കന്‍ കുലതുള്ള ഒരു ജെസ്യൂട്ട് വൈദികന്റെ അടുത്തേക്ക് പിള്ളയെ പറഞ്ഞയച്ചു. പക്ഷെ വൈദികന്‍ അദ്ദേഹത്തെ ഉടനെ മാമ്മോദീസ നല്‍കി ക്രിസ്ത്യാനി ആക്കിയില്ല. വീണ്ടും ഏകദേശം ഒന്‍പതു മാസത്തോളം ഒരു വിചിന്തനത്തിനായി നല്‍കി. അതിനു ശേഷവും തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ അവസാനം 1745 ല്‍ പിള്ളക്ക് മാമ്മോദീസ നല്‍കി.മാമ്മോദീസയില്‍ അദ്ദേഹം സ്വീകരിച്ച പേര് ലാസര്‍ എന്നായിരുന്നു - അതിന്‍റെ തമിഴ്  പേര് ദൈവ സഹായം

ക്രിസ്ത്യാനി ആയതില്‍ പിന്നെ അദ്ദേഹം തന്‍റെ കൂടെയുള്ളവരോടും ക്രിസ്തുവിനെക്കുരിച്ചും തന്‍റെ സമാധാനത്തെക്കുരിച്ചും പറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ സമൂഹത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കും പിടിച്ചില്ല. അവര്‍ അദ്ദേഹത്തോട് തിരിച്ചു സ്വന്തം മതത്തിലേക്ക് വരുവാന്‍ പറഞ്ഞു. തിരിച്ചു വന്നാല്‍ കൂടുതല്‍ വസ്തുക്കള്‍ തരാമെന്ന് പറഞ്ഞു. ഇത് അദ്ദേഹം നിരാകരിച്ച കാരണം അവര്‍ രാജാവിന്‍റെ പക്കല്‍ പരാതി നല്‍കി. രാജാവാകട്ടെ ഉടന്‍ അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തില്‍ അടച്ചു. പിന്നെ പീഡനങ്ങള്‍ തുടങ്ങി. എരുക്കിന്‍ പൂവ് കൊണ്ട് മാലകള്‍ അണിയിച്ചും കാളപ്പുറത്തു ഇരുത്തി നാട് നീളെ കൊണ്ട് നടത്തിയും എല്ലാതരത്തിലും അദ്ദേഹത്തെ അപമാനിച്ചു കൊണ്ടിരുന്നു. എന്നിട്ടും തന്‍റെ തീരുമാനത്തില്‍ നിന്നും മരതതിനാല്‍ അദ്ദേഹത്തെ വധിക്കുവാന്‍ തീരുമാനിച്ചു.

(അല്പം ദീര്‍ഘിച്ചു എന്നെനിക്കറിയാം, അതിനാല്‍ ഇനിയുള്ളവ ചുരുക്കി എഴുതുകയാണ്).

അദ്ദേഹത്തെ വധിക്കുവാന്‍ ഉള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. കാരണം വളരെയധികം ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ വന്നു കൊണ്ടിരിന്നു, മാത്രമല്ല അദ്ദേഹം മൂലം ധാരാളം അത്ഭുതങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്നു. ആയതിനാല്‍ അദ്ദേഹത്തെ നഗര്‍ കോവിലിനു അടുത്തുള്ള ഒരു സ്ഥലത്തേക്ക് രഹസ്യമായി കൊണ്ടുപോയി. 1752 ജനുവരി 14 അര്‍ദ്ധരാത്രി  വളരെ പരിക്ഷീനന്‍ ആയിരുന്ന അദ്ദേഹത്തെ വലിച്ചു മലയുടെ മുകളിലേക്ക് കൊണ്ടുപോയി. തനിക്കു അവസാനമായി പ്രാര്‍ഥിക്കണമെന്ന്  പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അവര്‍ അതിനു അനുവദിച്ചു. ഒരു പാറയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്‍റെ മുട്ടുകള്‍ കുത്തിയ സ്ഥലത്ത് പാടുകള്‍ പതിയപ്പെട്ടു. അത് ഇന്നും അവിടെ കാണുവാന്‍ കഴിയും.




 


കുറച്ചു ഉയര്‍ന്ന പരയുടെ മുകളില്‍ അദ്ദേഹത്തെ നിര്‍ത്തിയിട്ടു പട്ടാളക്കാര്‍ താഴെ നിന്നും വെടിവെച്ചു. അഞ്ചു ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചു അദ്ദേഹം താഴേക്ക്‌ വീണു മരിച്ചു. ആ സമയം തന്നെ മറ്റൊരു അത്ഭുതം കൂടി അവിടെ നടന്നു. അദ്ദേഹം താഴേക്ക്‌ വീണ സമയം തന്നെ തൊട്ടടുത്തുള്ള ഒരു മല മുകളില്‍ നിന്നും ആരോ അടര്‍ത്തി വിട്ട പോലെ ഒരു നാലോ അഞ്ചോ അടി നീളത്തിലുള്ള ഒരു പാറ താഴേക്ക്‌ വീണു. അത് വീണ ശബ്ദം ആകട്ടെ ഒരു വലിയ ഓട്ടു മണി   (നമ്മുടെ പള്ളികളിലും മറ്റും ഉപയോഗിക്കുന്ന പോലെ) അടിക്കുന്നത് പോലെയും. ഇത് കേട്ട് പരിസരവാസികള്‍ ഓടിക്കൂടി. അപ്പോഴാണ് അവര്‍ അറിയുന്നത്, രഹസ്യമായി പട്ടാളക്കാര്‍ കൊണ്ടുവന്നു കൊന്നത് ദേവ സഹായം പിള്ളയെ ആയിരുന്നു എന്നത്.  പിന്നെ ജനങ്ങളുടെ ഒരു പ്രവാഹം ആയിരുന്നു. അദ്ദേഹത്തിന്‍റെ മൃത ദേഹം വന്‍ ആചാരങ്ങളോടെ കോട്ടാര്‍ രൂപതയിലെ സെന്‍റ് ഫ്രാന്‍സിസ് സവ്യര്‍ പള്ളിയില്‍ അടക്കം ചെയ്തു. സാധാരണ രീതിയില്‍ വൈദീകരുടെയും മെത്രാന്മാരുടെയും മൃതദേഹം മാത്രമാണ് പള്ളിക്കുള്ളില്‍ സംസ്കരിക്കാരുള്ളത്. പക്ഷെ അദ്ദേഹത്തിന്‍റെ വിശുദ്ധി യുള്ള ജീവിതം കാരണം ആണ് അങ്ങിനെ സംസ്കരിച്ചത്.

ഇതാണ് അവിടത്തെ ചരിത്രം. ഇനി നമുക്ക് കാണുവാന്‍ ഉള്ളത് എന്താണെന്നു നോക്കാം. മുകളില്‍ പറഞ്ഞ പാറ തന്നെ ഒരു പ്രധാന ആകര്‍ഷണം.



ഇതില്‍ ഒരു കല്ലെടുത്ത്‌ മുട്ടിയാല്‍ ശരിക്കും ഒരു പള്ളി മണിയില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം! എത്ര രസമാണെന്നോ അതില്‍ മുട്ടുവാന്‍.

ഇത് കഴിഞ്ഞാല്‍ പിന്നെ അവിടുത്തെ ആകര്‍ഷണം അദ്ദേഹത്തിന്‍റെ രക്തം തെറിച്ചു വീണ സ്ഥലത്തുള്ള ഒരു മരത്തിന്റെ ഒരു ശിഖിരവും - കാരണം  ആ ശിഖിരത്തില്‍ ഉള്ള ഇലകള്‍ എല്ലാം തന്നെ വെള്ള കലര്‍ന്ന പച്ചയാണ്‌. ബാക്കി ശിഖിരത്തില്‍ എല്ലാം തനി പച്ച കളര്‍ തന്നെ. ആ ശിഖിരത്തില്‍ പുതുതായി കിളിര്‍ക്കുന്ന ഇലകളും വെള്ള കലര്‍ന്നത് തന്നെ. അതാണ് ആ മരത്തിന്റെ പ്രത്യകത.


കുരിശു നില്‍ക്കുന്നത്  മരണ സമയത്ത് അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ട് നിന്ന സ്ഥലത്താണ്. 


 നീലകണ്ഠന്‍ പിള്ള (ദേവ സഹായം പിള്ള) ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍


അദ്ദേഹം മരിച്ചു വീണ സ്ഥലം 
 
 

മല മുകളിലെ ഗ്രോട്ടോ

ഇതെല്ലം കണ്ടു കഴിഞ്ഞു പോരുന്ന വഴിക്ക് തമിഴ് നാട്ടില്‍ കേരളത്തിന്‍റെ സ്ഥലത്ത് നില നില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ യുടെ കൊട്ടാരം കൂടി സന്ദര്‍ശിച്ചു. കേരളത്തില്‍ പോണ്ടിച്ചേരി യുടെ മാഹി നില്‍ക്കുന്നത് പോലെ, തമിഴ് നാട്ടില്‍ കേരളത്തിന്‍റെ സ്വന്തം സ്ഥലം - ആകെ യുള്ളത് കൊട്ടാരം നില നില്‍ക്കുന്ന സ്ഥലം മാത്രം. ഇതെന്ക്കുരിച്ചു അടുത്ത ബ്ലോഗ്ഗില്‍ എഴുതാം. 


.

2 comments:

  1. Really Good post..I think it's better if you could post about Devasahayam pillai and his pilgrimage places as a separate post. It will be easy for us to share it to facebook and other social networks! Once again, thanks for the post!

    ReplyDelete
    Replies
    1. Thanks for your suggestion. I have added one page for the same.

      http://olattupurath.blogspot.com/p/devasahayam-pillai.html

      Delete