Friday, September 10, 2010

അങ്ങിനെ ആന്റപ്പന്‍ ചേട്ടനും മെത്രാനായി

ഇത് നടന്നത് 1987 നും 1993 നും ഇടക്കാണ്‌. കാരണം ഞാന്‍ അന്നു പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. പള്ളിപ്പുറത്തെ തിരുന്നാളുകള്‍ക്കും മറ്റു പ്രധാന  പരിപടികള്‍ക്കുമെല്ലാം വിളിച്ചിരുന്നത് അന്നു  പുതുതായി രൂപമെടുത്ത കോട്ടപ്പുറം രൂപതാ മെത്രാന്‍, ഇപ്പോഴത്തെ വരാപ്പുഴ മെത്രാപ്പോലിത്ത ഫ്രാന്‍സിസ് കല്ലറക്കല്‍ തിരുമെനിയെയായിരുന്നു ‌. അന്നു അദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ പ്രിമിയര്‍ കമ്പനിയുടെ പദ്മിനി 118 NE എന്ന മോഡല്‍ ആയിരുന്നു. അദ്ദേഹത്തിന് മാത്രമേ ആ മോഡല്‍ കാര്‍ അന്നു ഉണ്ടായിരുന്നുള്ളൂ.

മെത്രാന്‍ വരികയാണെങ്കില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സെന്‍റ് മേരീസ് സ്കൂളിന്റെ മുന്‍പിലുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും ബാന്‍ഡ് മേളങ്ങളും താലമേന്തിയ കുട്ടികളെയും നിരത്തി നിര്‍ത്തുമായിരുന്നു. പടക്കം മിക്കവാറും എന്‍റെ വീടിനടുത്തുള്ള ജനത ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുന്ന നാരായണന്‍ ചേട്ടന്‍റെ കടയില്‍ നിന്നും ആയിരുക്കും, പൊട്ടിക്കുവാന്‍ ആളെയും അദ്ദേഹം ഏര്‍പ്പാട് ചെയ്തു തരും. രണ്ട് മാല പടക്കങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് മെത്രാന്‍  വരുമ്പോള്‍ പൊട്ടിക്കാന്‍, പിന്നെ ഒന്ന് മാല ഇട്ടു സ്വീകരിക്കുമ്പോള്‍ പൊട്ടിക്കാനും.  സെന്‍റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടില്‍ ആണ് പടക്കം പൊട്ടിച്ചിരുന്നത്.  ബസ്‌ സ്റ്റോപ്പിനും സെന്‍റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടിനും ഇടയില്‍ മതില്‍ ഉള്ളതിനാല്‍, ബസ്‌ സ്റ്റോപ്പിലെ  കടയുടെ വരാന്തയില്‍ നിന്നും പടക്കം പൊട്ടിക്കാന്‍ ആരെങ്കിലും ആംഗ്യം  കാണിക്കും അത് കണ്ടാണ്‌ അവിടെ നില്‍ക്കുന്നയാള്‍ പടക്കത്തിന് തീ കൊടുക്കുന്നത്. 


ഒരു ദിവസം ഏതോ പെരുന്നാളിന് ആണെന്ന് തോന്നുന്നു, മെത്രാനെ സ്വീകരിക്കാന്‍ എല്ലാവരും റെഡി ആയി നില്‍ക്കുകയാണ്. തെക്ക് വടക്ക് ദിശയില്‍ കിടക്കുന്ന വൈപ്പിന്‍ മുനമ്പം റോഡില്‍ എല്ലാവരും തെക്കോട്ട്‌ നോക്കി നില്‍ക്കുകയാണ്. (അന്നു മാല്യങ്കര പാലം ഇല്ലാത്തത് കൊണ്ട് ചെറായി ഭാഗത്ത്‌ നിന്നുമാണ് മെത്രാന്റെ കാര്‍ വരുന്നത്) എല്ലാവരും ആകാംക്ഷയോടെ മെത്രാനെ കാത്തു നില്‍ക്കുന്നു, മെത്രാന്‍ ആണെങ്കിലോ കൃത്യ സമയത്ത് എത്തുന്ന വ്യക്തിയും. അഞ്ചു മണിക്കാണ് സ്വീകരണമെങ്കില്‍ നാലേ അന്പതിയോന്പതിനു എത്തിയിരിക്കും. അത്രയ്ക്ക് കൃത്യമായ ഡ്രൈവിംഗ് ആയിരുന്നു മെത്രാന്റെ ഡ്രൈവര്‍ ജോയി ചേട്ടന്.

അങ്ങിനെ നില്‍ക്കുമ്പോള്‍ അതാ താനിപ്പിള്ളി  സേവിചേട്ടന്റെ വീടിന്‍റെ മുന്‍ വശത്തുള്ള  പാലം കയറി ഒരു പ്രീമിയര്‍ പദ്മിനി 118 NE വരുന്നു. ഇത് കണ്ടതും സിഗ്നല്‍ കാണിക്കാന്‍ റെഡി ആയി നിന്ന തോമസ്‌ ചേട്ടന്‍ പടക്കക്കാരനെ കൈ കാണിച്ചു. അയാള്‍ ഒരു മാല പടക്കത്തിന് തീ കൊടുത്തു. പക്ഷെ കാര്‍ സ്വീകരണ സ്ഥലത്ത് നിന്നില്ല, പകരം കുറച്ചു നീക്കി നിര്‍ത്തി. എല്ലാവരും ഏറ്റവും ആകാംക്ഷയോടെ കാറിലേക്ക് നോക്കി. ഞാനും. കാറില്‍ നിന്നും അതാ ആന്റപ്പ ചേട്ടന്‍ ഇറങ്ങി വരുന്നു,  അദ്ദേഹം അന്നു രാവിലെ വാങ്ങിയ കാര്‍ ആയിരുന്നു അത്. ഇപ്പോഴത്തെ ഇന്‍റെല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത് പോലെ - തകര്‍പ്പന്‍, ശരിക്കും ജീവനുള്ളത് പോലെ - അത് പോലെ മെത്രാന്റെ കാറ് പോലെ തന്നെ യായിരുന്നു അത്.

ഇത് കണ്ടതും എന്‍റെ കൂടെ ഉണ്ടായിരുന്ന റൂബന്‍ (കുറച്ചു കാലം സൌദിയില്‍
ആയിരുന്നു, ഇപ്പോള്‍ നാട്ടിലുണ്ട്) -

"ഹോ അങ്ങിനെ നമ്മുടെ ആന്റപ്പ ചേട്ടനും മെത്രാനായി"

ഇതിലും പ്രധാന ആളുകളുടെ പേര് ഞാന്‍ മാറ്റി എഴുതിയിരിക്കുകയാണ്. ഇന്നലെ പാഞ്ചിയാശാന്റെ - നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ പാഞ്ചിയാശാന്‍ എന്ന ബ്ലോഗിലെ നായകന്‍ -  വക ഭീഷണി ഉണ്ടായിരുന്നു - നാട്ടിലേക്കു  എന്നാണ് വരുന്നത്? ഒന്ന് കാണണം എന്നും പറഞ്ഞു. ഏതായാലും ആറു മാസം കഴിയുമ്പോഴേക്കും അദ്ദേഹം ഇതെല്ലം മറക്കുമെന്ന് കരുതുന്നു. പക്ഷെ മറ്റുള്ളവര്‍ ബാക്കിയുണ്ടല്ലോ.. :-( 




.

2 comments:

  1. എത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഇത് എന്റെ അങ്കിള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു

    Congrats...

    ReplyDelete
  2. enikku vayyaaa...mikkavarum aniti nattilottu varathirikala bhundi.

    ReplyDelete