Saturday, September 11, 2010

ബാലചന്ദ്രന്‍റെ ഓര്‍മ്മയ്ക്ക്‌

നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയില്ല ഈ വ്യക്തിയെ. കാണിക്കുവാന്‍ എന്‍റെ കൈവശം ഫോട്ടോയും ഇല്ല. പക്ഷെ ഏകദേശം ഒരു ഐഡിയ ഞാന്‍ തരം. പക്ഷെ അവനിന്ന് നമ്മുടെ കൂടെയില്ല - ഏകദേശം ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാവരെയും വിട്ടു പോയി. 

ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രധാന അധ്യാപകന്‍ ആയിരുന്ന ശ്രീ ചന്ദ്രമേനോന്‍ സാറിന്‍റെ രണ്ടാമത്തെ മകന്‍ ആണ് ബാലചന്ദ്രന്‍. അവന്‍റെ മൂത്ത സഹോദരനും അകലത്തില്‍ മരിച്ചു പോയി - അദ്ദേഹത്തെ നിങ്ങള്‍ അറിയുമായിരിക്കും - ജയചന്ദ്രന്‍. എന്നിട്ടും മനസ്സിലായില്ലേ? പള്ളിപ്പുറത്തെ ജെ സി എം കോളേജ് എന്ന് പറഞ്ഞാല്‍ മനസിലാകുമല്ലോ? (ജയചന്ദ്രന്‍ മെമ്മോറിയല്‍ കോളേജ്).  ഒന്ന് മുതല്‍ പ്രീ ഡിഗ്രി വരെയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. പഠനത്തിലും ഞങ്ങള്‍ രണ്ട് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറി മാറി എടുത്തിരുന്നു. 

കലാപരിപാടികളിലും അവന്‍റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഒരു ആരാധകനും ആയിരുന്നു അവന്‍. സ്കൂളിലും കോളേജിലും എസ് എഫ് ഐ യുടെ ഒരു ചെറു നേതാവും. 

കഥ, കവിത, നാടക രചന  ഇവയില്‍ എല്ലാം സമര്‍ത്ഥന്‍ ആയിരുന്നു അവന്‍. ഒരിക്കല്‍ ഞങ്ങള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ആനിവേഴ്സറിക്ക് പരിപാടികള്‍ അവതരിപ്പിക്കുവാന്‍ പേര് കൊടുക്കാന്‍ പറഞ്ഞു. നാരായണന്‍ കുട്ടി കര്‍ത്താ മാഷ് ആയിരുന്നു ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍. അദ്ദേഹം പറഞ്ഞു എന്തെന്കിലുനുമൊക്കെ ചേരടോ ഇനി ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ സ്കൂള്‍ വിദ്യാഭ്യാസം തീരാന്‍. 

അങ്ങിനെ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഏതാണ്ട് മൂന്നു പരിപാടികള്‍ എഴുതി ചേര്‍ത്തു. ഒരു കവിത - അത് അവിടത്തെ തന്നെ രമണി ടീചെറിന്റെ  മകന്‍ നിലേഷ്, പിന്നെ ഒന്ന് ഒരു നാടകം - ബാലചന്ദ്രന്‍റെ വക. പിന്നെ ഒന്ന് ബ്രേക്ക്‌ ഡാന്‍സ് - സ്റ്റാര്‍ തീയെറ്റെര്‍ നു   അടുത്തുള്ള ഹരിയുടെയും കൂട്ടരുടെയും  വക. അങ്ങിനെ ദിവസങ്ങള്‍ വന്നു ചേര്‍ന്നു പക്ഷെ ബാലചന്ദ്രന്റെ നാടകം മാത്രം റെഡി ആയിട്ടില്ല. എന്നെയെല്ലാം കഥാപാത്രങ്ങള്‍ ആക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. 

അങ്ങിനെ പരിപാടിയുടെ ദിവസം വന്നെത്തി. ഞാനും കൂടെയുള്ളവരും രാവിലെ ബാലചന്ദ്രന്റെ വീട്ടിലെത്തി. ഞങ്ങള്‍ അവിടെ നിന്നും മാനേജര്‍ രാജേഷിന്റെ വീട്ടിലെത്തി. (രാജേഷിനെ ചിലപ്പോള്‍ നിങ്ങള്‍ അറിയുമായിരിക്കും - എസ് എസ് അരയ യു പി സ്കൂള്‍ മാനേജര്‍ ആയിരുന്ന രാമകൃഷ്ണന്‍ ചേട്ടന്‍റെ ഇളയ മകന്‍ - വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ ആയി മാനേജര്‍ അതിനു ശേഷം ചേട്ടന് കൈമാറി ഇപ്പോള്‍ അവന്‍ ഏറണാകുളത്ത്  സ്ഥിര താമസമാക്കി.) രാജേഷിന്റെ വീട്ടിന്‍റെ  ടെറസില്‍ ഞങ്ങള്‍ കൂടി. അപ്പോഴാണ് അവന്‍ പറയുന്നത് - കഥ സസ്പെന്‍സ് ആണ്. നിങ്ങളുടെ കഥാപാത്രങ്ങള്‍  എന്ത് ചെയ്യണമെന്നു  ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അത് മാത്രം ചെയ്താല്‍ മതി. നാടകത്തിന്റെ പേര് പോലും അവന്‍ പറഞ്ഞില്ല. 

വൈകുന്നേരം, പരിപാടിക്ക് മുന്‍പ് കണ്‍വീനെര്‍ ആയ സുകുമാരന്‍ സാറിനെ ക്കണ്ട് അവന്‍ നാടകത്തിന്റെ പേര് പറഞ്ഞു - വരും വരാതിരിക്കില്ല. സുകുമാരന്‍ സര്‍ ആണെങ്കിലോ ഓരോ പരിപാടി കഴിയുമ്പോഴും വിളിച്ചു പറയും; "ഇതാ അല്‍പ സമയത്തിനകം ഒന്‍പതാം ക്ലാസ്സുകാര്‍ അവതരിപ്പിക്കുന്ന ചെറു നാടകം - വരും വരാതിരിക്കില്ല". 

അങ്ങിനെ ബെല്‍ അടിച്ചു ഞങ്ങളുടെ പരിപാടിയായി. നാടകത്തിനു മുന്‍പായി ബാലചന്ദ്രന്‍ ഒരു കടലാസ് സുകുമാരന്‍ സാറിനെ ഏല്‍പ്പിച്ചു. കൃത്യം അഞ്ചു മിനിട്ടിനു ശേഷം സര്‍ ഇതൊന്നു മൈക്കിലൂടെ പറഞ്ഞാല്‍ മതി. ശരിയെന്നു അദ്ദേഹം പറഞ്ഞു.

അങ്ങിനെ കര്‍ട്ടന്‍ പൊങ്ങി. ഒരു ബെഞ്ചില്‍ ബാലചന്ദ്രന്‍ ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. എന്‍റെ റോള്‍ എത്തി, ഞാന്‍ ഒരു മുണ്ടെല്ലാം   ഉടുത് കടന്നു ചെന്നു - അവന്‍ പഠിപ്പിച്ചത് പോലെ ചോദിച്ചു, "ഇതുവരെയും വന്നില്ലേ?" . അവന്‍ പറഞ്ഞു, "ഇല്ല"

അടുത്തത് രാജേഷ്‌ ആയിരുന്നു; പാന്‍റ്സ് ഇട്ടു വന്നുകൊണ്ട്‌  അവനും ഞാന്‍ ചോദിച്ചത് പോലെ തന്നെ ചോദിച്ചു, ഉത്തരവും അത് തന്നെ.
മൂന്നാമത്തേത് ബെന്ന് ആയിരുന്നു, അവനും അത് പോലെ തന്നെ ചോദിച്ചു അതെ ഉത്തരവും കിട്ടി.

അപ്പോഴേക്കും നാലു മിനിറ്റ് കഴിഞ്ഞു, ബാലചന്ദ്രന്‍ വാച്ചില്‍ നോക്കി എഴുന്നേറ്റു പറഞ്ഞു; "അവന്‍ വരും വരാതിരിക്കില്ല"

അപ്പോഴേക്കും സുകുമാരന്‍ സാറിന്‍റെ അന്നൌന്‍സ് മെന്റും  - "മകനെ നോക്കിയിരിക്കുന്ന ആ അച്ഛന്‍റെ പ്രതീക്ഷകള്‍ സഫലമാകട്ടെ - അവന്‍ വരും വരാതിരിക്കില്ല - നാടകം ഇവിടെ സമാപിക്കുന്നു"

പിന്നെ ഉയര്‍ന്ന കൂവലുകള്‍ ഉച്ചാസ്ഥിയില്‍ ആകുന്നതിനു മുന്‍പ് സുകുമാരന്‍ സര്‍ കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞിരിന്നു.

NB: മുന്‍പ് ഞാന്‍ എഴുതി ബ്ലോഗിലെ (ഒരു ടാബ്ലോയുടെ ഓര്‍മ്മക്കുറിപ്പ്‌)  നായകനും ബാലചന്ദ്രന്‍ തന്നെ.





PS: ചന്ദ്രമേനോന്‍ സാറും കുടുംബവും ചെറായില്‍ നിന്നും മാളക്കടുത്തുള്ള കുഴൂര്‍ എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു.  ബാലചന്ദ്രന്‍ വിവാഹിതനായി മാളയില്‍ ഒരു ഓഫീസ് സ്റെഷനരി കട നടത്തുകയായിരുന്നു. ഒരിക്കല്‍ കട പൂട്ടിയ ശേഷം വീട്ടിലേക്കു പോകവേ, പുരയിടത്തില്‍ എവിടെ നിന്നോ പാമ്പു കടി ഏറ്റു മരിക്കുകയായിരുന്നു. ഇതെഴുതുമ്പോഴും രണ്ട് മക്കളും അകലത്തില്‍ നഷ്ടപ്പെട്ട ആ അച്ഛന്‍റെ - ചന്ദ്രമേനോന്‍ സാറിന്‍റെ - മുഖം ആയിരുന്നു എന്‍റെ മനസ്സില്‍. 


.

No comments:

Post a Comment