Wednesday, May 12, 2010

ഒരു ടാബ്ലോയുടെ ഓര്‍മ്മക്കുറിപ്പ്‌


1986-87 കാലഘട്ടം. ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ എയിഡ്സ്  രോഗം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയം. പേപ്പറില്‍ എവിടെ നോക്കിയാലും എയിഡ്സ് വാര്‍ത്തകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മഹാരോഗമായി പത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു.  ഞാന്‍ ആ സമയത്ത്  സഹോദരന്‍ മെമ്മോറിയല്‍ ഹൈ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു.

സ്കൂള്‍ വാര്‍ഷിക സമയത്ത് ഓരോ ക്ലാസ്സില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കുന്നു. ഞങ്ങളുടേത് ബോയ്സ് ഡിവിഷന്‍ ആയിരുന്നു. കര്‍ത്താ മാഷ് (ശ്രീ നാരായണന്‍ കുട്ടി കര്‍ത്താ) ആയിരുന്നു ക്ലാസ് ടീച്ചര്‍. അദ്ദേഹം പറഞ്ഞു; "എന്തെങ്കിലും പരിപാടി അവതരിപ്പിക്കടോ, നമ്മുടെ ക്ലാസ്സില്‍ നിന്നും ഒരെണ്ണം വേണ്ടേ?"

എല്ലാവരും ആലോചനയായി, ആലോചിച്ചു ആലോചിച്ചു വാര്‍ഷിക ദിനം എത്തി. എന്നിട്ടും പരിപാടി ആയില്ല. സുകുമാരന്‍ മാഷ് ആയിരുന്നു പരിപാടികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ബാലചന്ദ്രന്‍ (2003 ല്‍ മരിച്ചുപോയ എന്‍റെ ബാല്യകാല സുഹൃത്തും ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ചന്ദ്രമേനോന്‍ സാറിന്‍റെ മകനും) സുകുമാരന്‍ മാഷിനെക്കണ്ട്  ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിക്കും എന്ന് മാത്രം അറിയിച്ചു.  

പരിപാടികള്‍ തുടങ്ങിയിട്ടും ഞങ്ങള്‍  മാത്രം വെറുതെ ഇരിക്കുകയായിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും സുകുമാരന്‍ മാഷ് ചോദിക്കും; "എന്താ നിങ്ങള്‍ അവതരിപ്പിക്കുന്നത്‌? പരിപാടിയുടെ പേര് എന്താണ്?". ഓരോ പ്രാവശ്യവും പറയും; "ഇപ്പോള്‍ പറയാം മാഷേ". അവസാനം മാഷിന് ദ്വേഷ്യം വന്നു; "രണ്ടു പരിപാടി കൂടി കഴിയുമ്പോള്‍ നിങ്ങളുടെ ക്ലാസ്സിനെ വിളിക്കും, പറ്റുമെങ്കില്‍ വന്നു അവതരിപ്പിക്കൂ" 
അപ്പോള്‍ ഐഡിയ കിട്ടി. മാഷിനോട് പരിപാടിയുടെ പേര് പറഞ്ഞു, പേര് കേട്ടതും മാഷിന്റെ നെറ്റി ചുളിഞ്ഞു - പേര് ഇതായിരുന്നു - " ഈ നൂറ്റാണ്ടിന്‍റെ മഹാ രോഗം" 

മാഷ് വിളിച്ചു പറഞ്ഞു; " അടുത്ത പരിപാടി ഒമ്പതാം ക്ലാസ് ഡി അവതരിപ്പിക്കുന്നു - ഈ നൂറ്റാണ്ടിന്‍റെ മഹാ രോഗം"

എല്ലാവരും ആകാംക്ഷയോടെ, ശ്വാസമടക്കി സ്റ്റെജിലേക്ക് നോക്കിയിരുന്നു. സാവധാനം കര്‍ട്ടന്‍ പൊങ്ങി. ഏതാണ്ട് സൂചി വീണാല്‍ സ്വരം കേള്‍ക്കുന്ന മാതിരിയുള്ള നിശബ്ദത. എയിഡ്സ്നെപ്പറ്റി ഇവന്മാര്‍ എന്താണ് അവതരിപ്പിക്കുന്നതെന്നറിയാന്‍ എല്ലാവരും നോക്കിയപ്പോള്‍ കണ്ടത്; കുറേപ്പേര്‍ ഓലമടലും, വെള്ളക്കയും (മച്ചിങ്ങ), ശീമകൊന്നപ്പത്തലുമായി ക്രിക്കെറ്റ് കളിക്കുവാന്‍ നില്‍ക്കുന്ന ഒരു നിശ്ചല ദൃശ്യം ആയിരുന്നു. ഒരു മിനിട്ടിനുള്ളില്‍ കര്‍ട്ടന്‍ വീണപ്പോഴേക്കും  സദസ്സില്‍ നിന്നും കൂവല്‍ ഉയര്‍ന്നിരുന്നു.



.

1 comment: