Saturday, May 15, 2010

സവിതയും യക്ഷി രൂപവും



1990-93 കാലഘട്ടം. ഞാന്‍ ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ പഠിക്കുന്നു. ആ സമയത്ത് അവിടെ ഹോസ്റ്റല്‍ ശരിയായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാനും മറ്റു അഞ്ചു പേരും ചേര്‍ന്നു അവിടെ അടുത്തുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. (ഇതിനെ ക്കുറിച്ച് പിന്നീട് എഴുതുന്നതാണ്). ഏകദേശം പതിനഞ്ചു മിനിട്ടോളം നടക്കണം. അങ്ങിനെ നടക്കുന്ന വഴിയില്‍ ആയിരുന്നു സവിതയുടെ വീട്. മിക്കവാറും ഞങ്ങളോടോപ്പമോ, ഞങ്ങള്‍ക്ക്  മുന്നിലോ പിന്നിലോ സവിതയും ഉണ്ടാകും.   

പോളി ആണെങ്കില്‍ ഒരു കുന്നിന്‍റെ മുകളില്‍ ആണ്. റോഡിന്‍റെ രണ്ടു വശവും കാടു പോലെ തേക്ക് മരങ്ങള്‍. ഒരു വീടോ കടയോ പോലും ഇല്ലാത്ത സ്ഥലവും. 

ഒരു സെപ്റ്റംബര്‍ മാസം. ഇടയ്ക്കിടയ്ക്ക് മഴ വരികയും പോവുകയും ചെയ്യുന്ന സമയം. ഞങ്ങള്‍ പോളി യിലേക്ക് നടക്കുകയായിരുന്നു. നല്ല വെയില്‍ കണ്ടതിനാല്‍ കുട എടുത്തില്ല.  സവിത ഞങ്ങളുടെ മുന്നില്‍ പോകുന്നുണ്ട്. ഏകദേശം കുന്നു കയറുന്നതിനു മുന്പായി പെട്ടെന്ന് ഒരു മഴ വന്നു. ഞങ്ങള്‍ തേക്ക് മരത്തിന്റെ തണലില്‍ ക്കൂടി ഓടാന്‍ തുടങ്ങി ഞങ്ങളുടെ മുന്നില്‍ സവിതയും. മയില്‍വാഹനം ഗ്രൂപ്പിന്റെ ബസ്സുകള്‍ ആണ് ആ റൂട്ട് നിറയെ. ഒരു ബസ്സുകാരന്‍ സംശയത്തോടെ ഞങ്ങളെ  നോക്കി പ്പോകുന്നു - ഞങ്ങള്‍ സവിതയെ ഓടിച്ചിടുകയണോ  എന്ന് കരുതി. ഞങ്ങള്‍ സവിതയെ ഓവര്‍ടേക്ക് ചെയ്തു ഓടിപ്പോയി. കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായ സുനില്‍ സവിതയെ തിരിഞ്ഞു നോക്കി. "അയ്യോ" എന്ന് പറഞ്ഞു അവന്‍ നിന്നപ്പോള്‍ ഞങ്ങളും തിരിഞ്ഞു നോക്കി. അപ്പോള്‍ ക്കണ്ട കാഴ്ച; തലയില്‍ നിറയെ പതയും കുമിളകളും കൊണ്ട് നിറഞ്ഞു സവിത, സ്വതവേ കറുത്തതാണെങ്കിലും  ഇത് കൂടെ ചേര്‍ന്നപ്പോള്‍ ഏതോ യക്ഷിയോ ഭൂതമോ ആയിത്തോന്നി. ഞങ്ങള്‍ ഇങ്ങിനെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ സവിതക്ക് സംശയം, കയറി വരണമോ വേണ്ടയോ എന്ന്; അവസാനം സവിത തിരിഞ്ഞു വീട്ടിലേക്കോടി.

പിറ്റേ ദിവസം കണ്ടപ്പോള്‍ ആണ് സവിത സത്യാവസ്ഥ പറഞ്ഞത്; തലയില്‍ ഷാമ്പൂ തേച്ചു പിടിപിചിട്ടുണ്ടായിരുന്നു. പക്ഷെ തല കുളിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങിനെ തന്നെ കെട്ടി വെച്ചിട്ട് വന്നതായിരുന്നു. മഴ പെയ്തപ്പോള്‍ ഷാമ്പൂ അതിന്‍റെ പ്രവൃത്തി ചെയ്തു. അതാണ്  ഞങ്ങളെ പേടിപ്പിച്ചത്‌.  



.

1 comment:

  1. hahahaha... karthavee...ennum aa kochu angine ano vararu onnu chodichekku ketto

    ReplyDelete