Tuesday, May 4, 2010

നമ്പൂതിരിയും ചെറായി അമ്പലത്തിലെ ഉത്സവവും


ഞങ്ങളുടെ അടുത്തുള്ള  ചെറായി ശ്രീ ഗൌരീശ്വര അമ്പലത്തിലെ ഉത്സവം പല കാര്യങ്ങള്‍ കൊണ്ടും വളരെ പ്രസിദ്ധമാണ്. ഏറണാകുളം ജില്ലയിലെ ഏറ്റവും കുടുതല്‍ ആനകള്‍ അണി നിരക്കുന്നതു കൊണ്ടും ശ്രീ നാരായണ ഗുരുവിനാല്‍ പ്രതിഷ്ടിതമായതിനാലും പളനി സുബ്രമണ്യന്റെ കാവടി കൊണ്ടും - പിന്നെ പണ്ട് കാലത്തുള്ള ക്ഷേത്രമയതിനാലും. ധാരാളം ആളുകള്‍ ദൂരദേശങ്ങളില്‍ നിന്നും ഉത്സവത്തിന്‌ വന്നു കൊണ്ടിരുന്നു. അന്ന് ചെറായിയില്‍  മാത്രമായിരുന്നു വൈപ്പിന്‍ കരയെ ബന്ധിപ്പിക്കുന്ന പാലം ഉണ്ടായിരുന്നത്. മാത്രമല്ല പകല്‍പ്പൂരം ആരംഭിച്ചാല്‍ ദ്വീപില്‍ ആകെയുള്ള വൈപ്പിന്‍ മുനമ്പം റോഡ്‌ ചെറായി മുതല്‍ അയ്യമ്പിള്ളി വരെ  ബ്ലോക്കും ആയിരിക്കും. അന്നെല്ലാം ഉത്സവം കൂടുവാന്‍ ദൂരെ നിന്നുള്ള ആളുകള്‍ വന്നാല്‍ മിക്കവാറും ആ പ്രദേശത്തുള്ള ഏതെങ്കിലും വീട്ടില്‍ പേയിംഗ് ഗസ്റ്റ് മാതിരി തങ്ങുമായിരുന്നു. അന്നത്തെ ആളുകള്‍ അതു അനുവദിക്കുകയും ചെയ്തിരുന്നു.

അങ്ങിനെ ഏകദേശം പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാലം. ഒരു നമ്പൂതിരി പാലക്കാടു നിന്നും ഉത്സവം കാണാനെത്തി. പകല്‍പ്പൂരവും വെടിക്കെട്ടും കഴിഞ്ഞപ്പോള്‍ നേരം  പാതി രാത്രിയാകരായി. നമ്പൂതിരിക്കാനെങ്കില്‍ തിരികെ പോകുവാന്‍ കഴിയുകയുമില്ലല്ലോ. അതിനാല്‍ അദ്ദേഹം അടുത്തുള്ള ഒരു വീട്ടില്‍ കയറി. വീട്ടുടമ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. 

നമ്പൂതിരി ചോദിച്ചു; "ഇവിടെ ഒന്ന് അന്തിയുറങ്ങാന്‍ സ്ഥലം കിട്ടുമോ?"

ഉടമസ്ഥന്‍ പറഞ്ഞു; "ക്ഷമിക്കണം നമ്പൂരിച്ച; ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ട് അതിനാല്‍ വേറെ സ്ഥലം നോക്കുക."

നമ്പൂതിരി അടുത്ത വീട്ടില്‍ ചെന്നു, അവിടെയും അതു തന്നെയായിരുന്നു പ്രതികരണം. നമ്പൂതിരിക്ക് വിഷമമായി. ഏതായാലും അടുത്ത വീട്ടില്‍ ചെന്നു നോക്കാം. അദ്ദേഹം അടുത്ത വീട്ടില്‍ ചെന്നു. വീട്ടുകാര്‍ വാതില്‍ അടച്ചു ഉറക്കമായിരുന്നു. അദ്ദേഹം വാതില്‍ക്കല്‍ മുട്ടി, വീട്ടുകാരന്‍ എഴുന്നേറ്റു വന്നു ചോദിച്ചു, 

"എന്തുവേണം?" 

വീട്ടുകാരന്റെ പ്രതികരണം പഴയ വീട്ടുകാരന്റെ പോലെ ആയിരിക്കുമെന്ന്  വിചാരിച്ചു  നമ്മുടെ നമ്പൂതിരി അവരെ ബുദ്ധി മുട്ടിക്കേണ്ട എന്ന് കരുതി ചോദിച്ചു, 

"ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ടോ?"

വീട്ടുകാരന്‍; "ഉണ്ടല്ലോ; എന്താ കാരണം?"

ശുദ്ധനായ നമ്പൂതിരി പറഞ്ഞു; "ഒന്ന് അന്തിയുറങ്ങാന്‍ ആയിരുന്നു."

ഇതുകേട്ടതും വീട്ടുകാരന്റെ കൈ നമ്പൂതിരിയുടെ പുറത്തു വീഴുന്ന ശബ്ദം ഉയര്‍ന്നു. അതാകട്ടെ അമ്പലത്തില്‍ പൊട്ടിയ അമിട്ടിനെക്കളും ശബ്ദം കൂടിയതായിരുന്നു.




.

1 comment:

  1. ശുദ്ധനായ നമ്പൂതിരി പറഞ്ഞു; "ഒന്ന് അന്തിയുറങ്ങാന്‍ ആയിരുന്നു."
    hahaha

    ReplyDelete