Saturday, May 1, 2010

സംസാരവും சம்சாரவும்


1997-2000 ത്തിലാണ് സംഭവം നടക്കുന്നത്. ഞാന്‍ ആ സമയത്ത് കൊയംബത്തുരില്‍ ജോലി ചെയ്യുന്നു. സ്ഥലം തമിഴ്നാട്‌ ആണെങ്കിലും മലയാളി അച്ചന്മാര്‍ ആയിരുന്നു മിക്കവാറും എല്ലാ പള്ളികളിലും. (എല്ലായിടത്തും മലയാളികളെ കാണാമല്ലോ).

കൊയംബത്തുരിലെ പെരിയനായിക്കാന്‍ പാളയം (ആണെന്ന് തോന്നുന്നു) പള്ളിയില്‍ പുതുതായി ഒരു മലയാളി വൈദികന്‍ ചാര്‍ജെടുത്തു. അദ്ദേഹത്തിന് തമിഴ് ഒട്ടും അറിയില്ലായിരുന്നു. പക്ഷെ അവിടെ ഭൂരിഭാഗം പേരും തമിഴും മലയാളവും ഇടകലര്‍ത്തി പറഞ്ഞിരുന്നു. അവിടുത്തെ ഒരു പ്രധാന വ്യക്തിയായിരുന്നു ജോസഫ്‌ അണ്ണന്‍. പാതി തമിഴനും പാതി മലയാളിയും. അദ്ദേഹമായിരുന്നു അവിടുത്തെ ഇടവക കൌണ്‍സിലിന്റെ കുറെ വര്‍ഷങ്ങള്‍ ആയുള്ള പ്രസിഡന്റ്‌. വര്‍ഷങ്ങള്‍ ഒരേ സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചില തിരിമറികള്‍ ചെയ്യുന്നത് സ്വാഭാവികമാണല്ലോ? അതിനാല്‍ത്തന്നെ ഇദ്ദേഹത്തിനെതിരെ കുറെ ആളുകള്‍ പുതിയ അച്ചന്‍റെ പക്കല്‍ പരാതി പറഞ്ഞു. അച്ചന്‍ അതെല്ലാം അന്വേഷിക്കാമെന്ന് ഏറ്റു. 

അച്ചന്‍ അന്വേഷിച്ചപ്പോള്‍ കുറെ ക്രമക്കേടുകള്‍ കണ്ടെത്തി. അദ്ദേഹം അതെല്ലാം പ്രത്യകം നോട്ട് ചെയ്തു, ഇടവക കൌണ്‍സില്‍ വിളിച്ചു കൂട്ടി. കൌണ്‍സിലില്‍ വെച്ചു അച്ചന്‍ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞു. ഉടനെ പല ആളുകളും ജോസഫ്‌ അണ്ണന്‍ രാജി വെക്കണം പുതിയ ആളെ തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ടു. അണ്ണനും അംഗങ്ങളും തമ്മില്‍ പ്രശ്നമായപ്പോള്‍ അച്ചന്‍ അണ്ണനോട് പറഞ്ഞു; "താങ്കള്‍ രാജി വെക്കണം"

" ഇല്ല ഇത് മുടിയാത് "  (ഇത് നടക്കില്ല) - എന്ന് പറഞ്ഞു അണ്ണന്‍ . മാത്രമല്ല കുറച്ചു പേര്‍  പറഞ്ഞത് കേട്ട് തനിക്കെതിരെ അന്വേഷണം നടത്തിയ അച്ചനെതിരെ അണ്ണന്‍ പ്രതികരിച്ചു. ഇത് ഒരു വാഗ്വാദത്തിലേക്ക് വഴിവെച്ചു. അവസാനം അച്ചന്‍ പറഞ്ഞു;  "തന്‍റെ സംസാരം ശരിയല്ല."

ഇത് കേട്ടതും അണ്ണന്‍ ചാടി എഴുന്നേറ്റു അച്ചനോട് ചോദിച്ചു;   "എന്‍റെ സംസാരം ശരിയല്ലയെന്നു അച്ചനോട് ആരു പറഞ്ഞു?"

അച്ചന്‍ ഭയലെശമന്യേ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു; "തന്‍റെ സംസാരം ഒട്ടും ശരിയല്ല"

ഇത് കേട്ടതും അണ്ണന്‍ അച്ചനെ തല്ലുവാനായിട്ടു ചെന്നു, മറ്റുള്ളവര്‍ കയറിപ്പിടിച്ചു സംഭവം തീര്‍പ്പാക്കി. 

ഇതിനെല്ലാം സാക്ഷിയായ ഒരംഗം അച്ചനോട് ചെവിയില്‍ പറഞ്ഞു; "അച്ചാ, ഇവിടെ സംസാരം എന്ന് പറഞ്ഞാല്‍ ഭാര്യ എന്നാണര്‍ത്ഥം". ഇത് കേട്ടതും അച്ചനുണ്ടായ മാനസിക അവസ്ഥ ഊഹിക്കാമല്ലോ?





.

1 comment:

  1. ഇത് ശരിയായിരിക്കും എന്‍റെ ഒരു സുഹൃത്തിനും ഇത് സംഭവിച്ചിട്ടുണ്ട്.

    ReplyDelete