Saturday, May 8, 2010

മേരി അമ്മായിയും പ്രേതവും

 

എന്‍റെ ചെറുപ്പ കാലത്തെ ഒരു സംഭവം. വീടിനടുത്ത്‌ ഒരു പ്രായമായ സ്ത്രീയുണ്ട്. ഞങ്ങള്‍ മേരി അമ്മായി എന്നാണ് വിളിച്ചിരുന്നത്‌. അവരായിരുന്നു ഞങ്ങളുടെ തെക്കേ വീട്ടില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്നത്. മുറുക്കിത്തുപ്പി ആരെയും ഭയമില്ലാതെ ഏതു പാതിരാത്രിക്കും അല്പം വാട്ടീസും (വാറ്റിക്കിട്ടുന്നത്) അകത്താക്കി നടക്കുമ്പോള്‍ പിന്നെ ആരെയാണ് ഭയം.

ഞങ്ങളുടെ വീടും ഈ മേരി അമ്മായിയുടെ വീടും തമ്മില്‍ ഏകദേശം അര കിലോമീറ്റര്‍ ദൂരമുണ്ട്. ഇടയ്ക്കു ഒരു പറമ്പാടി മഠം ഉണ്ട്. പറമ്പാടി മഠം കഴിഞ്ഞാല്‍പ്പിന്നെ ജനവാസം ഇല്ലാത്ത ഒരു  പ്രദേശമാണ്. പണ്ട് ആരോ അവിടെയുള്ള മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചിട്ടുണ്ടെന്നും മരിച്ചയാളുടെ പ്രേതം ഇടവഴിയില്‍ പലരും കണ്ടിട്ടുണ്ടെന്നും   ഉള്ള വാര്‍ത്തകള്‍ അന്നുകാലത്ത്‌ ധാരാളമായിരുന്നു.  പൊളിഞ്ഞു കിടക്കുന്ന വേലികളും  ധാരാളം കുറ്റിച്ചെടികളും ഉയര്‍ന്ന മരങ്ങളും  പാമ്പും പഴുതാരയും പോലുള്ള  ഇഴ ജന്തുക്കളും വവ്വാല്‍, കാലന്‍ കോഴി (ഞങ്ങളുടെ നാട്ടു ഭാഷയില്‍ തച്ചന്‍ കോഴിയും), നത്തും ഒക്കെ  ഉള്ള സ്ഥലവും  തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇടവഴിയും. പറമ്പാടി  മഠം ആണെങ്കില്‍ പട്ടികളുടെ ഒരു വിഹാര കേന്ദ്രവും.  പകല്‍ പോലും ഒറ്റയ്ക്ക് ഇതിലെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഭയമാണ്. രാത്രിയാണെങ്കില്‍ ചൂട്ടും കത്തിച്ചാണ് ഇതിലൂടെ സഞ്ചാരം.  ഇങ്ങിനെയുള്ള ഈ വഴിയിലുടെ യാത്ര ചെയ്യുന്ന മേരി അമ്മായിയുടെ ധൈര്യം ഊഹിക്കാമല്ലോ?

ഒരു ദിവസം രാത്രി വഴിയില്‍ നിന്നും  ഒരു സ്ത്രീയുടെ കരച്ചില്‍  ഉയര്‍ന്നു; ഇത് കേട്ട പാതി, എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി. ഇന്നത്തെ പോലെ മതിലും ഗേറ്റും ഇല്ലാത്ത വീടുകള്‍ ആയതിനാല്‍  ഒന്ന് ഒച്ചയിട്ടാല്‍ എല്ലാവരും ഓടിക്കൂടുമായിരുന്നു മാത്രമല്ല പരസ്പര സഹകരണം അന്ന് വളരെ കൂടുതലായിരുന്നു. (ഇന്നല്ലേ അതൊന്നും ഇല്ലാത്തത്). ഒച്ച കേട്ട സ്ഥലത്തേക്ക് എല്ലാവരും ചൂട്ടും പന്തങ്ങളും കത്തിച്ചു  ഓടിച്ചെന്നപ്പോള്‍ നിന്ന് വിറയ്ക്കുന്ന മേരി അമ്മയിയെയാണ് കണ്ടത്. കുട്ടികളായ ഞങ്ങള്‍ വാല് പോലെ മുതിര്‍ന്നവരുടെ പിന്നില്‍ ഉണ്ടായിരുന്നു. പേടിച്ചു വിറച്ച മാതിരി മേരി അമ്മായി പറഞ്ഞു; "അവിടെ ഒരു പ്രേതം" എന്ന് പറഞ്ഞു ഇരുട്ട് നിറഞ്ഞ ആ വഴിയിലേക്ക് ചൂണ്ടിക്കാണിച്ചു. എല്ലാവര്‍ക്കും ഭയമായി. "എന്നെ കൈ കാണിച്ചു  വിളിച്ചു. ഞാന്‍ ഓടുകയായിരുന്നു." എല്ലാവര്‍ക്കും ഭയമായി. 

കൂട്ടത്തില്‍ അല്പം ധൈര്യം ഉണ്ടായിരുന്നത് പാലു ചേട്ടന്  മാത്രമായിരുന്നു. പാലു ചേട്ടന്‍ അഞ്ചാറ് ചൂട്ടു കറ്റകള്‍ കൂട്ടിക്കെട്ടി വലിയ പന്തം ഉണ്ടാക്കി. അതും കത്തിച്ചു മുന്നോട്ടു നീങ്ങിയ പാലു ചേട്ടന് പിന്നാലെ ഒരു ജാഥ പോലെ എല്ലാവരും. പിന്നാലെ ഞങ്ങളും. അവസാനം മേരി അമ്മായി പറഞ്ഞ സ്ഥലത്തെത്തി. "അതേ അതു തന്നെ" ഒരാളെ പ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന എന്തോ ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മായി പറഞ്ഞു. പ്രേതത്തിനു നേരെ  പാലു ചേട്ടന്‍ പന്തം നീട്ടി വീശി. ആകാംക്ഷയോടെ, ഭയത്തോടെ എല്ലാവരും പ്രേതത്തെ എത്തി നോക്കി. അതു പ്രേതം ആയിരുന്നില്ല, മറിച്ചു പറമ്പാടി മഠത്തില്‍ നിന്നിരുന്ന ഒരു വാഴയില കാറ്റത്തു നിന്നും ആടുകയായിരുന്നു.



.

No comments:

Post a Comment