Thursday, May 13, 2010

സ്കൈലാബും ബഹുലെയന്‍ മാഷും

എന്‍റെ മൂന്നാം ക്ലാസ്സിലെ ഒരു അനുഭവം. അപ്പോഴാണ് അമേരിക്ക ബഹിരാകാശത്തേക്ക് സ്കൈലാബ് വിക്ഷേപിച്ചത്. കുറച്ചു നാളുകള്‍ക്ക് ശേഷം പത്രങ്ങളിലെല്ലാം വാര്‍ത്ത‍ വന്നു; സ്കൈലാബിന്റെ  ഭ്രമണപഥം തെറ്റി; ഭൂമിയിലേക്ക്‌ തിരിച്ചു വീഴുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലോ പസഫിക് സമുദ്രത്തിലോ വീഴും. മലയാള പത്രങ്ങള്‍ എല്ലാം എഴുതിയിരുന്നത് സ്കൈലാബ് എന്തോ കേരളത്തില്‍ വീഴുന്ന മാതിരി ആയിരുന്നു. എല്ലാവരും ഭയന്നിരിക്കുകയായിരുന്നു. കാരണം അന്നത്തെക്കാലത്ത് സ്കൈലാബ് ഏതോ വന്‍ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. ഇന്നത്തെ പോലെ ടി വി ഇല്ലാത്ത കാലമല്ലേ അതിനാല്‍ സ്കൈലാബ് എങ്ങിനെയിരിക്കുമെന്ന് പോലും ആര്‍ക്കും അറിയില്ല. കുറെ നാളുകള്‍ അതിന്‍റെ ഭയത്തിലായിരുന്നു എല്ലാവരും. കാരണം സമുദ്ര തീരത്തിന് അടുത്തുള്ളവര്‍ക്കെല്ലാം എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ചിന്തയായിരുന്നു. 

മാസങ്ങള്‍ക്കുള്ളില്‍ വാര്‍ത്ത‍ വന്നു, സ്കൈലാബ് ഓസ്ട്രലിയ്ക്ക്  അടുത്തുള്ള പ്രദേശത്ത് വീണു. എല്ലാവര്‍ക്കും സമാധാനമായി. പത്രങ്ങളില്‍ എല്ലാം ഫോട്ടോ വന്നു - പക്ഷെ അന്നെല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ ആയിരുന്നല്ലോ. അതിനാല്‍ തന്നെ ആര്‍ക്കും ഒന്നും മനസ്സിലാകില്ലയിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ബഹുലെയന്‍ മാഷ്  വലിയൊരു വസ്തു എല്ലാ ക്ലാസ്സിലും കൊണ്ട് വന്നു കാണിച്ചു. രാവിലെ മാഷ് കൊണ്ടുവരുമ്പോള്‍ തന്നെ കുട്ടികളെല്ലാം മാഷിന്‍റെ പുറകെ ആയിരുന്നു. പറയെടുപ്പിനു ആന പോകുമ്പോള്‍ പുറകെ ആളുകള്‍ പോകുന്ന മാതിരി, മാഷ് ഓരോ ക്ലാസ്സില്‍ പോകുമ്പോഴും കുട്ടികള്‍ പുറകെ ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങളുടെ ക്ലാസ്സിലും എത്തി. സുശീല ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ബഹുലെയന്‍ മാഷ് എത്തി ക്ലാസ്സില്‍ ഈ വസ്തു  കാണിച്ചിട്ട് പറഞ്ഞു. "ഇത് പോലത്തെയാണ് സ്കൈലാബ്. ഇങ്ങിനെത്തെ ഒന്നാണ് ഓസ്ട്രലിയക്കു അടുത്ത് വീണത്‌".  ഇതെല്ലം കേട്ടപ്പോള്‍, കുട്ടികളായ ഞങ്ങളുടെ മനസ്സില്‍ സ്കൈലബിനെ ക്കുറിച്ച് ഉണ്ടായ ധാരണ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അപ്പോള്‍ ക്ലാസ്സിലെ രൂപേഷ് പറഞ്ഞു; "ഇത് ചെറായി അമ്പലത്തിലെ ഉത്സവത്തിന്‌ കിട്ടുന്ന ബലൂണ്‍ പോലെ ഇരിക്കുന്നല്ലോ"? ഇത് കേട്ടതും ബഹുലെയന്‍ മാഷ് "കളിയാക്കുന്നോട" എന്ന് പറഞ്ഞു രൂപേഷിന്റെ ചെവി പിടിച്ചു പൊന്നാക്കി കൊടുത്തു.

വര്‍ഷങ്ങള്‍ക്കു ശേഷമാണു മനസ്സിലാകുന്നത്‌ ബഹുലെയന്‍ മാഷ് കൊണ്ടുവന്നു കാണിച്ചത്‌ പൊട്ടിപ്പോയ വലിയൊരു യാത്രാ ബലൂണ്‍ മാത്രമായിരുന്നു എന്നത്. ഇപ്പോള്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
.

1 comment: