Thursday, April 22, 2010

വിടു പൈലി, വല്യമ്മ പള്ളിയില്‍ പോകട്ടേ

പണ്ട്, എന്റെയെല്ലാം കുട്ടിക്കാലത്ത് പള്ളിപ്പുറം അങ്ങാടിയിലേക്ക് കുരുപ്പശ്ശേരിക്കാരുടെ വീടിനു മുന്നിലൂടെ പോകുമ്പോള്‍ ഒരു പാലം ഉണ്ടായിരുന്നു.  മുനമ്പം അങ്ങാടി ഭാഗത്തുള്ള എല്ലാവര്‍ക്കും  പള്ളിയിലേക്കും ആശുപത്രിയിലേക്കും വരുവാനുള്ള ഏക മാര്‍ഗമായിരുന്നു അത്.     ഏകദേശം ഏഴോളം പടികള്‍ കയറുവാനും ഇറങ്ങുവനും വേണ്ടി ഉണ്ടായിരുന്നു. അതു പോലെ ഒന്ന് പള്ളിപ്പുറം പള്ളിയില്‍ നിന്നും കോണ്‍വെന്റിലേക്ക് ഉള്ള വഴിയിലും ഉണ്ടായിരുന്നു. (ഇപ്പോള്‍ അതെല്ലാം പൊളിച്ചു നിരപ്പാക്കി വാഹനങ്ങള്‍ പോകുവാനുള്ള നല്ല നിരത്തുകളായി മാറി). മാത്രമല്ല അന്നത്തെ ക്കാലത്ത് തെരുവ് വിളക്കുകള്‍ വളരെ കുറവായിരുന്നു. ആ പാലത്തിനടുത്തായിരുന്നു ആ പ്രദേശത്തെ ആകെയുള്ള ഒരു അഞ്ചല്‍ പ്പെട്ടി ഉണ്ടായിരുന്നത് (ഇപ്പോഴത്തെ പോസ്റ്റ്‌ ബോക്സ്‌ എന്ന് പറയുന്ന പഴയ തിരുവതാംകൂര്‍ തപാല്‍ സംവിധാനം).  അങ്ങാടിയിലെ  പാലത്തിന്റെ  തെക്ക് കിഴക്കേ ഭാഗത്ത് കുരിശിങ്കല്‍ക്കാരുടെ വീടായിരുന്നു. ഇപ്പോഴത്തെ വീടുകുള്‍ എല്ലാം മതില്‍ കെട്ടി ഭദ്രമാക്കിയിരിക്കുന്നത് പോലെ അന്നത്തെ ക്കാലത്ത് മുള്ള് വേലി കെട്ടിയായിരുന്നു സംരക്ഷിച്ചിരുന്നത്. ഇല്ലിയുടെ മുള്ളുകള്‍ ഓല മെടഞ്ഞ വേലികളില്‍ കെട്ടി വെച്ചാല്‍ ആരും വന്നു ചാരി നിന്ന് സംസാരിക്കില്ല, മാത്രമല്ല മൃഗങ്ങളുടെ ശല്യവുമില്ല. 

വൈകുന്നേരമായാല്‍ അങ്ങാടി ബഹു രസമായിരുന്നു. മാല്യങ്കര, ചെട്ടിക്കാട്‌ എന്നീ പ്രദേശങ്ങളിലേക്ക് പോകുവനുള്ളവരും ജോലി കഴിഞ്ഞു അതിലുടെ വരുന്നവരും പണ്ടത്തെ ഏറണാകുളം ബോട്ടില്‍ വരുന്നവരും അവരുടെ ബഹളങ്ങളും എല്ലാം. അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിട്ടാണ് ആളുകള്‍ വീട്ടിലേക്കു പോയിക്കൊണ്ടിരുന്നത്. അപ്പോള്‍ പിന്നെ സ്വാഭാവികമായും ഒരു കള്ളു ഷാപ്പും അവിടെ ഉണ്ടാകുമല്ലോ. 

കള്ളു ഷാപ്പിലെ കുടി കഴിഞ്ഞു കോണ്‍വെന്റ് പ്രദേശത്ത് താമസിക്കുന്ന പൈലി ചേട്ടന്‍ ഒരു ദിവസം പാലം കയറിയപ്പോള്‍ പാമ്പു പോലെ ആടി തല കുത്തനെ പുഴയില്‍ വീണു മരിച്ചു. പണ്ടത്തെ കാര്യം അറിയാമല്ലോ, ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വഴിക്ക് നടക്കുമ്പോള്‍ ആളുകള്‍ പറയും, ഇവിടെ സൂക്ഷിക്കണം, ഇന്നയാള്‍ മരിച്ച സ്ഥലമാണ്‌. അവിടെയെത്തുമ്പോള്‍ നടത്തത്തിനു വേഗത കൂടും, തിരിഞ്ഞു നോക്കാതെ എത്രയും പെട്ടെന്ന് ആ സ്ഥലം കടന്നു കിട്ടുവാനേ എല്ലാവരും ആഗ്രഹിക്കു. അപ്പോള്‍പ്പിന്നെ ഇത് പോലെ അപകട മരണം സംഭവിച്ച സ്ഥലത്തിന്റെ കാര്യം പറയണമോ?

ഒരാഴ്ച കഴിഞ്ഞുള്ള സംഭവമാണ്. പള്ളിപ്പുറം പള്ളിയില്‍ രാവിലെയുള്ള കുര്‍ബ്ബാനക്കായി ധാരാളം പേര്‍ വന്നിരുന്നു (ഇപ്പോഴത്തെപ്പോലെ തന്നെ). മുനമ്പത്ത് നിന്നുള്ള മറിയാമ്മ വല്യമ്മ അന്ന് ഒറ്റക്കായിരുന്നു കുര്‍ബ്ബാനക്ക് വന്നത്. കൂട്ടുകാരായ ത്രേസിയമ്മ ചേടത്തിക്ക് സുഖമില്ലായിരുന്നു. റോസാ ചേടത്തിക്ക് മകളുടെ പ്രസവം കാരണവും വന്നില്ല. "ഹോ, എങ്ങിനെയെങ്കിലും ആ പാലം കടന്നു കിട്ടിയാല്‍ മതിയായിരുന്നു. " വല്യമ്മ മനസ്സില്‍ ആഗ്രഹിച്ചു. "മാതാവേ രക്ഷിക്കണേ" എന്നുള്ള പ്രാര്‍ത്ഥനയുമായി വെളുപ്പിനെ നടപ്പ് തുടങ്ങി. പലമെത്തിയപ്പോള്‍ ഒരു ശങ്ക, ആരെങ്കിലും അവിടെ നില്ക്കുന്നുണ്ടോ? പാലത്തിന്റെ പടിഞ്ഞാറു വശത്താണ് പൈലി വീണു മരിച്ചത് അതിനാല്‍, കിഴക്ക് വശം പിടിച്ചു പാലം കയറാം. വല്യമ്മ ധൈര്യം സംഭരിച്ചു പാലം കയറി. മുകളിലെത്തിയപ്പോള്‍ ഒരു ആശ്വാസം. ഇനി പടികള്‍ ഇറങ്ങാം. ഇറങ്ങി  അവസാനത്തെ പടിയില്‍ നിന്നും കാലെടുത്തു മണ്ണില്‍ കുത്തിയതും വല്ല്യമ്മയുടെ നാടന്‍ മുണ്ടില്‍ ആരോ പിടിച്ച മാതിരി. വല്യമ്മ അല്പം നാടന്‍ വലിച്ചു നോക്കി, വരുന്നില്ല. ഇത് അവന്‍ തന്നെ പൈലി. കണ്ണടച്ചുകൊണ്ട്   വല്യമ്മ പറഞ്ഞു, " മോനെ പൈലി വിടെട, വല്യമ്മ പള്ളിയില്‍ പോകാട്ടെട".

പൈലിയുണ്ടോ വിടുന്നു? വല്ല്യമ്മയനെങ്കില്‍ തിരുഞ്ഞു പോലും നോക്കാതെ പറഞ്ഞു കൊണ്ടിരുന്നു, "വിടു പൈലി വല്യമ്മ പള്ളിയില്‍ പോകട്ടെ"

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജോലിക്ക് പോകാനായി അന്തപ്പന്‍  ചേട്ടനും പണിക്കാരും അങ്ങാടിയിലേക്ക് വരികയായിരുന്നു. അവര്‍ വല്യമ്മ പറയുന്നത് കേട്ട് എന്താണെന്നറിയാന്‍ അങ്ങോട്ട്‌ ചെന്നു. അപ്പോഴും കണ്ണടച്ച് നിന്ന് വല്യമ്മ പറഞ്ഞു കൊണ്ടിരുന്നു, "വിടു പൈലി വല്യമ്മ പള്ളിയില്‍ പോകട്ടെ"

പണിക്കാരിലൊരാള്‍ വല്ല്യമ്മയുടെ നാടന്‍ മുണ്ട് ആരാണ് പിടിച്ചിരിക്കുന്നതെന്നു അറിയാന്‍ അതു വലിഞ്ഞു നില്‍ക്കുന്ന സ്ഥലത്തേക്ക് പേടിയോടെ നോക്കി.   അത് മറ്റൊന്നുമായിരുന്നില്ല, കുരിശിങ്കല്‍ക്കാരുടെ വേലിയിലെ ഒരു മുള്ളില്‍ നാടന്‍ മുണ്ട് കുടുങ്ങിക്കിടക്കുകയായിരുന്നു. 



.

No comments:

Post a Comment