Monday, April 26, 2010

ജോയി ചേട്ടനും പുഴയിലെ മുങ്ങലും

ജോയി ചേട്ടന്‍ -  യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നില്ല. പള്ളിപ്പുറത്തെ മാത്രമല്ല അടുത്ത പ്രദേശങ്ങളിലെ ബോട്ടുള്ള എല്ലാവരുടെയും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. ബോട്ടിന്‍റെ പങ്കയോ മറ്റു യന്ത്ര സാമഗ്രികളോ എന്ത് പുഴയില്‍ പോയാലും മുങ്ങാം കുഴിയിട്ട് തെരഞ്ഞു കണ്ടുപിടിച്ചിരിന്നത്‌ ഈ ജോയി ചേട്ടനായിരുന്നു. ഇദ്ദേഹത്തിനു കൂടുതല്‍ നേരം ശ്വാസം പിടിച്ചു നില്ക്കാന്‍ കഴിവുണ്ടായിരുന്നു.

നാട്ടിലെ ഒരു പ്രധാന വ്യക്തിയാണല്ലോ ശ്രീമാന്‍ എസ്. ഇദ്ദേഹം ഭയങ്കര പിശുക്കനും ആയിരുന്നു. ഒരു ദിവസം നമ്മുടെ ജോയി ചേട്ടന്‍ പണിയൊന്നും ഇല്ലാത്തതിനാല്‍ എസിനോട് കുറച്ചു കാശു കടം ചോദിച്ചു. പക്ഷെ എസ് അല്ലെ ആള്, ഒരു ചില്ലിക്കാശു കൊടുത്തില്ല, മാത്രമല്ല സില്‍ബന്തികളുടെ മുന്നില്‍ വെച്ച് കുറച്ചു അധിക്ഷേപിക്കുക കൂടി ചെയ്തു. 

എന്തുകൊണ്ടോ, അടുത്ത ദിവസം മുനമ്പം ഹാര്‍ബറിന് അടുത്ത് കെട്ടിയിരുന്ന  എസിന്‍റെ ബോട്ടിന്‍റെ പങ്ക കാണാതായി. വേറെ ആളില്ലാത്തതിനാല്‍ ജോയി ചേട്ടനെ തന്നെ വിളിപ്പിച്ചു, പറഞ്ഞു; "ജോയി എങ്ങിനെയെങ്കിലും ആ പങ്ക മുങ്ങിയെടുക്കണം. എന്‍റെ മുപ്പതു അടിയുടെ ബോട്ടാ, നീ എങ്ങിനെയെങ്കിലും എന്നെ രക്ഷിക്കണം". ജോയി ചേട്ടന്‍ പറഞ്ഞു; "അതു എനിക്ക് പ്രശ്നമില്ല; പക്ഷെ മുതലാളിയുടെ കൈയില്‍ ഇപ്പോള്‍ പൈസയില്ലല്ലോ. പിന്നെ എങ്ങിനെ ഞാന്‍ മുങ്ങും? എന്‍റെ റേറ്റ് മുതലാളിക്ക് അറിയാമല്ലോ ഒന്ന് മുങ്ങിയാല്‍ രൂപ അഞ്ഞൂര്‍ ആണ്. "

"അതൊന്നും നീ പ്രശ്നമാക്കേണ്ട, എങ്ങിനെയെങ്കിലും അതൊന്നു മുങ്ങിയെടുക്ക്."

അവസാനം ജോയി ചേട്ടന്‍ മുങ്ങി, മുനമ്പം അഴിയായതിനാല്‍ കിട്ടിയില്ല എന്ന് പറഞ്ഞു. അങ്ങിനെ ഏതാണ്ട് അഞ്ചു മുങ്ങലുകള്‍ക്ക് ശേഷം ജോയി ചേട്ടന്‍ പങ്കയുമായി വന്നു. പങ്കയും കൊടുത്തു രണ്ടായിരത്തി അഞ്ഞൂറും വാങ്ങി ജോയി ചേട്ടന്‍ സ്ഥലം കാലിയാക്കി. പിന്നെ ചെറായി ഭാഗത്തുള്ള ഒരു കള്ളു ഷാപ്പില്‍ ജോയി ചേട്ടന്‍ പറഞ്ഞതിങ്ങിനെ;
"ആ ബോട്ടിന്‍റെ പങ്ക ആദ്യത്തെ മുങ്ങലിനെ എനിക്ക് കിട്ടി. അയാളല്ലേ ആള്, അതിനാല്‍  ഞാനത് വെള്ളത്തിനടിയില്‍ തന്നെ വെച്ചിട്ടാണ് ബാക്കി നാലു മുങ്ങല്‍ കൂടി നടത്തിയത്"


.

No comments:

Post a Comment