Tuesday, April 27, 2010

അബ്ദുക്കയും തോമസും

ഇതും നടന്ന ഒരു സംഭവമാണ്. പള്ളിപ്പുറത്ത് ഒരു അബ്ദുക്കയുണ്ട്. ചില ആളുകള്‍ പറയും വളരെ നല്ല വ്യക്തിയെന്ന്, ചിലര്‍ പറയും എപ്പോഴും തെറി പറഞ്ഞു നടക്കുന്നവന്‍ എന്ന്. എന്തൊക്കെയായാലും എന്നോടും സുഹൃത്തുക്കളോടും അബ്ദുക്ക വളരെ മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. ഞങ്ങളെയെല്ലാം മക്കളെ എന്നാണ് വിളിക്കുന്നത്‌.  വളരെ നല്ല ഒരു ഇസ്ലാം കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം നല്ലൊരു മുസ്ലിം ആയിരുന്നു. പക്ഷെ അല്പം ശാരിരിക മാനസിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ആളുകള്‍ അദ്ദേഹത്തെ പല തരത്തില്‍ കളിയാക്കിക്കൊണ്ടിരുന്നു. ഇദ്ദേഹമാണെങ്കില്‍ കോണ്‍ഗ്രസിന്‍റെ  ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എവിടെ പാര്‍ട്ടിയുടെ  പരിപാടി ഉണ്ടെങ്കിലും അബ്ദുക്ക മുന്നിലുണ്ടാകും. 

അങ്ങിനെ ഒരു ദിവസം കോണ്‍ഗ്രസിന്‍റെ ഒരു റാലിക്കായി ദൂരെ എവിടെയോ വണ്ടിക്കു പ്രവര്‍ത്തകര്‍ പോയപ്പോള്‍ അബ്ദുക്കയും കൂടെ പോയി. റാലിക്ക് പോയവര്‍ക്കെല്ലാം ഫ്രീ ആയി ഭക്ഷണം ഉണ്ടായിരുന്നു. റാലി കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ ഏതോ ഒരാള്‍ അബ്ദുക്കയെ കളിയാക്കാന്‍ പറഞ്ഞു; "അബ്ദു, ഇന്ന് നീ കഴിച്ച ഭക്ഷണം ഹറാം ആയിരുന്നു. നീ ഇന്നുമുതല്‍ മുസ്ലിം അല്ല, ക്രിസ്ത്യാനി ആണ് - നിന്‍റെ പേര്  ഇന്നുമുതല്‍ തോമസ്‌ എന്നാണ്". ഒരു യഥാര്‍ത്ഥ മുസ്ലിം ആയിരുന്ന അബ്ദുക്കക്ക് ഇത് കേട്ടപ്പോള്‍ തോന്നിയ ദ്വേഷ്യത്തിനു കണക്കില്ല, വായില്‍ തോന്നിയ തെറിയെല്ലാം അയാളെ വിളിച്ചു. ആ വണ്ടിയിലുണ്ടായിരുന്ന എല്ലാവരും സംഭവം അറിഞ്ഞു; അങ്ങിനെ ഈ സംഭവം പള്ളിപ്പുറത്ത് ഫ്ലാഷ് ആയി. 

ചില തല തെറിച്ച ആളുകള്‍ അബ്ദുക്കയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും തോമസേ എന്ന് വിളിക്കും. അബ്ദുക്ക തിരിഞ്ഞു നോക്കി മുന്നില്‍ കാണുന്ന വ്യക്തികളെ തെറി പറയുകയും ചെയ്യും. അതു ആരാണെന്നും ഏതാണെന്നും നോക്കില്ല. മുന്നില്‍ കാണുന്നവനെ തെറി പറഞ്ഞു കൊണ്ടിരിക്കും. ചില ബസ്സിലെ കിളികളും കണ്ടെക്ടര്‍മാരും ബസ്സില്‍ പോകുമ്പോള്‍ തോമസേ എന്ന് വിളിച്ചു പോവുകയും, തെറി വഴിയില്‍ നില്‍ക്കുന്നവര്‍ കേള്‍ക്കേണ്ടി വരികയും ചെയ്തു വന്നു. തോമസ്‌ എന്ന് കേട്ടാലെ അബ്ദുക്ക പ്രതികരിച്ചിരിക്കും.

ഇനി പറയുന്ന സംഭവം നടക്കുന്നത് കുറേക്കാലം മുന്‍പാണ്‌. അതായത് പള്ളിപ്പുറം മാല്യങ്കര പാലം വരുന്നതിനു മുന്‍പ്‌. ഒരു ചൊവ്വാഴ്ച ദിവസം. മാല്യങ്കര കോളേജ് ക്ലാസ് കഴിഞ്ഞു വിദ്യാര്‍ത്ഥികളും ചെട്ടിക്കാട് പള്ളിയിലെ നൊവേന കഴിഞ്ഞു ഭക്ത ജനങ്ങളും  ബസ്‌ കയറുവാന്‍ കച്ചേരിപ്പടി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന സമയം. നമ്മുടെ അബ്ദുക്ക ആ സമയം അതിലെ പോവുകയായിരുന്നു. അതിലൂടെ കടന്നുപോയ ബസ്സിലെ തല തിരിഞ്ഞ  ഒരു കിളി "തോമസേ..." എന്ന് നീട്ടി വിളിച്ചു. നമ്മുടെ അബ്ദുക്ക തന്‍റെ ഭരണിപ്പാട്ട് തുടങ്ങി. ഇത് കേട്ടുകൊണ്ട്, പള്ളിയില്‍ പോയി  ബസ്‌ കയറുവാന്‍ നിന്നിരുന്ന ഒരു മാന്യനായ വ്യക്തി - അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു - ഇത്രയും ആളുകളുടെ മുന്നില്‍ വെച്ചു  അസഭ്യം കേള്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് നമ്മുടെ അബ്ദുക്കയെ ഉപദേശിച്ചു. (അദ്ദേഹത്തിന് അറിയില്ലായിരുന്നു  എന്തുകൊണ്ടാണ് തോമസ്‌ എന്ന് വിളിക്കുന്നത്‌ എന്ന്.)


"അല്ല തോമസേ, തോമസ്‌ എന്തിനാണിങ്ങനെ  തെറി പറയുന്നത്?
ഇത്രയും ആളുകളും കുട്ടികളും ഒക്കെ ഇവിടെ നില്‍ക്കുകയല്ലേ? 
തോമസ്‌ സമാധാനിക്കു"

ഇത് കേട്ടതും നമ്മുടെ അബ്ദുക്ക ബസിലേക്ക് നോക്കി തെറി പറയുന്നത് നിര്‍ത്തി തിരിഞ്ഞു നമ്മുടെ മാന്യനെ എന്ത് പറഞ്ഞിരിക്കും എന്ന് മനസ്സില്‍ ചിന്തിക്കുമല്ലോ. അദ്ദേഹത്തിന് പോകേണ്ട ബസ്‌ വരുന്നത് വരെ അവിടെ കഴിച്ചു കൂട്ടിയ ആ സമയം ഇനിയോരിക്കലെങ്കിലും ആ മാന്യ ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവുകയില്ല.

അബ്ദുക്ക തിരിയുന്ന ആ രംഗം കച്ചേരിപ്പടിയിലെ സ്റ്റുഡിയോക്കാരനായ  സമീര്‍ ഇക്ക അഭ്രപാളികളില്‍ ഒപ്പിയെടുത് വലുതാക്കി കുറെ നാള്‍ തന്‍റെ സ്റ്റുഡിയോയുടെ പേര് എഴുതി വെച്ചിരുന്നു.





.

1 comment:

  1. ഇതിലെ അബ്ദുക്ക കുറച്ചു നാളുകള്‍ക്ക് മുന്‍പ് മരിച്ചു പോയി. ആദരാഞ്ജലികള്‍.

    (മരണ വാര്‍ത്ത‍ അറിയിച്ചതിനു ശ്രീമാന്‍ ജോസ് പടമാടന് നന്ദി‍)

    ReplyDelete